എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങിനെതിരെ അന്വേഷണം

എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങിനെതിരെ അന്വേഷണം


വാഷിംഗ്ടണ്‍: ലോകത്തെ പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെന്‍സന്‍ ഹുവാങിനെതിരെ കമ്പനി അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് ചാരയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന വനിതാ ബിസിനസ് മേധാവിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഹുവാങ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിനോട് സമ്മതിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

അലീസ് ഹുവാങ് എന്ന പേരില്‍ അറിയപ്പെടുന്ന വനിതയുമായുള്ള ബന്ധം അമേരിക്കന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്, അവര്‍ ബീജിംഗിന് നേരിട്ട് വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന രഹസ്യാന്വേഷണ നിരീക്ഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണെന്നാണ് വിവരം. ആഗോള എഐ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത ബന്ധമുള്ള വ്യവസായ പ്രമുഖനുമാണ് ജെന്‍സന്‍ ഹുവാങ് എന്നതിനാല്‍ സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്.

കമ്പനി ജീവനക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്‍കിയ സന്ദേശത്തില്‍ തന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ച ഹുവാങ്, ഭാര്യയോട് അവിശ്വസ്തത കാട്ടിയെന്ന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ദേശീയ സുരക്ഷയെയോ എന്‍വിഡിയയുടെ രഹസ്യവിവരങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ ചോര്‍ന്നതായി വിശ്വസിക്കാന്‍ നിലവില്‍ കാരണമില്ലെന്ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. എങ്കിലും ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഹുവാങ് ഉറപ്പുനല്‍കിയതായും കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ പുറത്തുനിന്നുള്ള നിയമവിദഗ്ധരെ അന്വേഷണത്തിനായി നിയോഗിക്കും. അഭിഭാഷകരെ തെരഞ്ഞെടുക്കുന്ന നടപടിയില്‍ ഹുവാങ് പങ്കെടുക്കില്ലെന്ന് എന്‍വിഡിയ വക്താവ് ജോണ്‍ റിസോ അറിയിച്ചു. 63 വയസ്സുകാരനായ ഹുവാങ് അന്വേഷണകാലയളവിലും കമ്പനിയുടെ ചുമതലയില്‍ തുടരുമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ നിലപാട്.

എന്‍വിഡിയയില്‍ വ്യത്യസ്തമായ മാനേജ്‌മെന്റ് സംവിധാനമാണ് ഹുവാങ് നടപ്പാക്കിയിട്ടുള്ളത്. കമ്പനിയുടെ എല്ലാ വിഭാഗങ്ങളുടെയും മേല്‍നോട്ടം നേരിട്ട് വഹിക്കുന്ന അദ്ദേഹം ഏകദേശം 60 ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.

വിവാദം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എന്‍വിഡിയ വക്താവ് ജോണ്‍ റിസോ പറഞ്ഞു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ ഹുവാങ് തടസ്സമില്ലാതെ കമ്പനിയെ നയിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച വൈകിട്ട് ഫ്‌ളോറിഡയില്‍നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹുവാങിന് പിന്തുണയുമായി രംഗത്തെത്തി. തന്റെ അടുത്ത ചൈന സന്ദര്‍ശനത്തില്‍ ഹുവാങിനെ തീര്‍ച്ചയായും ഒപ്പം കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഹുവാങ് എന്തെങ്കിലും തെറ്റ് ചെയ്തതായി താന്‍ കേട്ടിട്ടില്ലെന്നും ഒരാളുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് കാര്യമെങ്കില്‍ എല്ലാവര്‍ക്കും അത്തരം ബന്ധങ്ങളുണ്ടാകാറില്ലേ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വിഷയത്തെക്കുറിച്ച് ഹുവാങുമായി സംസാരിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. 

എന്‍വിഡിയയുടെ മേധാവിയായി ഹുവാങ് തുടരണമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം തുടരണമെന്നാണ് തന്റെ അഭിപ്രായമെന്ന് ട്രംപ് മറുപടി നല്‍കി.

അലീസ് ഹുവാങുമായുള്ള ജെന്‍സന്‍ ഹുവാങിന്റെ ബന്ധത്തെക്കുറിച്ചുള്ള വിവാദം കഴിഞ്ഞ മാസമാണ് പൊതുശ്രദ്ധയില്‍ വന്നത്. ചൈനീസ് പൗരയും ചിപ്പ് വാങ്ങുന്ന സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥയുമായ വനിതയുമായി ഹുവാങിന് അടുത്ത ബന്ധമുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബീജിങ്ങിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്ന അലീസ് ഹുവാങ് മുമ്പ് ചൈനയില്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് അവരുടെ ജീവചരിത്രത്തില്‍ പറയുന്നത്. പിന്നീട് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡില്‍ ഉന്നത പദവിയിലെത്തി.

തെക്കുകിഴക്കന്‍ ഏഷ്യയിലെ എന്‍വിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നായി മെഗാസ്പീഡ് മാറിയിരുന്നു. 2024 ജൂണ്‍ മുതല്‍ 4.8 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ചിപ്പുകള്‍ കമ്പനി വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

എഐ വികസനത്തിന് ആവശ്യമായ നിയന്ത്രിത ചിപ്പുകള്‍ കടത്തുവഴി ചൈനയിലെത്തിക്കാന്‍ മെഗാസ്പീഡ് സഹായിക്കുന്നുണ്ടോയെന്ന സംശയത്തില്‍ അമേരിക്കന്‍ വാണിജ്യ വകുപ്പ് അന്വേഷണം നടത്തുന്നതായി കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷവും എന്‍വിഡിയ മെഗാസ്പീഡുമായുള്ള വ്യാപാരബന്ധം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ജെന്‍സന്‍ ഹുവാങും അലീസ് ഹുവാങും തമ്മില്‍ കുടുംബബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആദ്യഘട്ടത്തില്‍ അലീസ് ഹുവാങുമായുള്ള ബന്ധത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു എന്‍വിഡിയയുടെയും ജെന്‍സന്‍ ഹുവാങിന്റെയും വിശദീകരണം. കഴിഞ്ഞ മാസം ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മെഗാസ്പീഡുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇടപെടലുകളുടെ ഭാഗമായിരുന്നു വനിതയുമായുള്ള ബന്ധമെന്നും അതില്‍ അസാധാരണമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആഗോള ബിസിനസ് രംഗത്തും എഐ വ്യവസായത്തിലും വന്‍ സ്വാധീനം നേടിയ ഹുവാങിന് ഈ വിവാദം അപ്രതീക്ഷിത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യയും ചിപ്പുകളും നിര്‍മിക്കുന്ന എന്‍വിഡിയ ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകശക്തികളിലൊന്നായ ഡേറ്റാ സെന്ററുകളുടെ വളര്‍ച്ചയില്‍ കമ്പനിയുടെ ചിപ്പുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

ഹുവാങുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ട്രംപ് അദ്ദേഹത്തെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ക്ഷണിച്ചിട്ടുമുണ്ട്. വിവിധ പൊതുപരിപാടികളില്‍ ഹുവാങിന് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ആരാധകര്‍ ചുറ്റും കൂടുന്നതും പതിവാണ്. അദ്ദേഹം സ്ഥിരമായി ധരിക്കുന്ന കറുത്ത ലെതര്‍ ജാക്കറ്റുകള്‍ പോലും ശേഖരണവസ്തുക്കളായി മാറിയിട്ടുണ്ട്. കമ്പനിയുടെ വളര്‍ച്ചയ്‌ക്കൊപ്പം കുടുംബാംഗങ്ങളെയും ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിയിരുന്നു.

മെഗാസ്പീഡ് വഴി എന്‍വിഡിയയുടെ നൂതന എഐ ചിപ്പുകള്‍ ചൈനയിലേക്ക് കൈമാറുന്നുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തിലേറെ മുമ്പാണ് അമേരിക്കന്‍ അധികൃതര്‍ അലീസ് ഹുവാങിനെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഈ നിരീക്ഷണത്തിനിടെയാണ് ജെന്‍സന്‍ ഹുവാങ് എന്ന പേരില്‍ തിരിച്ചറിഞ്ഞ അമേരിക്കന്‍ പൗരനുമായി അവര്‍ ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയത്.

രഹസ്യാന്വേഷണ വിവരങ്ങള്‍ പരിശോധിക്കാന്‍ അധികാരമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇരുവരും തമ്മിലുള്ള ബന്ധം പ്രണയബന്ധമാണെന്ന് ഉറപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അലീസ് ഹുവാങുമായുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് എന്‍വിഡിയയും ജെന്‍സന്‍ ഹുവാങും നേരത്തേ ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് നടത്തിയ വിശദീകരണങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.