വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തെ തുടർന്നുണ്ടായ ഇന്ധനവില വർധനയുടെ ആഘാതത്തിൽ അമേരിക്കയിൽ പണപ്പെരുപ്പം വീണ്ടും കുതിച്ചു. ഏപ്രിലിൽ ഉപഭോക്തൃവില സൂചിക വാർഷിക അടിസ്ഥാനത്തിൽ 3.8 ശതമാനമായി ഉയർന്നതായി അമേരിക്കൻ തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ ഇത് 3.3 ശതമാനമായിരുന്നു. 3.7 ശതമാനം വരെ ഉയരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിനെയും മറികടന്ന വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഭക്ഷണവും ഇന്ധനവുമൊഴിവാക്കിയ കോർ ഇൻഫ്‌ളേഷൻ 2.8 ശതമാനമായി ഉയർന്നു. മുൻമാസം ഇത് 2.6 ശതമാനമായിരുന്നു. അടിസ്ഥാന വിലക്കയറ്റ സമ്മർദം ശക്തമാകുന്നതിന്റെ സൂചനയായാണ് ഇതിനെ സാമ്പത്തിക വിദഗ്ധർ കാണുന്നത്.
ഏപ്രിലിൽ മാത്രം വിലവർധന 0.6 ശതമാനമായി. മാർച്ചിലെ 0.9 ശതമാനത്തിൽ നിന്ന് കുറവാണെങ്കിലും, മാസാന്ത്യ വർധനയിൽ 40 ശതമാനത്തിലേറെ പങ്കുവഹിച്ചത് ഇന്ധന വിലകളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തിനിടെ ഊർജവില 18 ശതമാനം ഉയർന്നു. ഇതിൽ പെട്രോൾ വില 28 ശതമാനവും ഫ്യൂവൽ ഓയിൽ വില 54 ശതമാനവും വർധിച്ചു.
ഗതാഗത സേവനങ്ങൾ, വാടക, ഭവനവില തുടങ്ങിയ സേവനമേഖലകളിലും വിലവർധന ശക്തമായി തുടരുകയാണ്. ഗതാഗത സേവനച്ചെലവ് 4.3 ശതമാനവും വീട്ടുച്ചെലവ് 3.3 ശതമാനവും ഉയർന്നു.
ഇറാൻ യുദ്ധത്തെ തുടർന്നുള്ള പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ വ്യാപാര ഗതാഗതം തടസപ്പെട്ടതും എണ്ണവിതരണത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. ഇതാണ് ആഗോള വിപണിയിൽ ഇന്ധനവില ഉയരാൻ പ്രധാന കാരണം. വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിട്ടും സ്ഥിതി സാധാരണ നിലയിലായിട്ടില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ പലിശനിരക്ക് കുറയ്ക്കുമെന്ന വിപണിയുടെ പ്രതീക്ഷകളും മങ്ങുകയാണ്. അമേരിക്കൻ ഫെഡറൽ റിസർവ് ഇനി പലിശ കുറയ്ക്കുന്നതിലല്ല, ആവശ്യമെങ്കിൽ വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമോയെന്ന ചർച്ചയിലേക്കാണ് കടക്കുന്നതെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്ധനവില വർധന അടുത്ത മാസങ്ങളിൽ ഭക്ഷ്യവസ്തുക്കൾക്കും വസ്ത്രങ്ങൾക്കും ഉൾപ്പെടെ വിവിധ മേഖലകളിൽ വിലക്കയറ്റം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രകൃതി വാതകവില ഉയർന്നതോടെ വളവിലയും കൂടിയിട്ടുണ്ട്. ഇത് ഭക്ഷ്യവിലയെ വീണ്ടും ബാധിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
പെട്രോൾ വില ഉയർന്നതോടെ അമേരിക്കയിൽ ഒരു ഗാലൻ സാധാരണ പെട്രോളിന്റെ ശരാശരി വില 4.50 ഡോളറായി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 3.14 ഡോളറായിരുന്നു. ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയരുന്നതോടെ ഉപഭോക്തൃ ആത്മവിശ്വാസവും ഏപ്രിലിൽ റെക്കോർഡ് താഴ്ന്ന നിലയിലെത്തി.
വിലക്കയറ്റ സമ്മർദം കുറയ്ക്കാൻ ഫെഡറൽ പെട്രോൾ നികുതി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് ട്രംപ് അറിയിച്ചു. അതേസമയം, ഇറച്ചിവില നിയന്ത്രിക്കാൻ ബീഫ് ഇറക്കുമതിയിലെ തീരുവ കുറയ്ക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് അമേരിക്കൻ ഭരണകൂടം താൽക്കാലികമായി മാറ്റിവച്ചു.
പെട്രോൾ വിലക്കയറ്റം തിരിച്ചടിയായി; അമേരിക്കയിൽ പണപ്പെരുപ്പം മൂന്ന് വർഷത്തിനിടയിലെ ഉയരത്തിൽ
