വാഷിങ്ടണ്‍: അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് മെയ് മാസം 4.2 ശതമാനമായി ഉയര്‍ന്നതായി യു എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ബി എല്‍ എസ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 3.8 ശതമാനത്തില്‍ നിന്ന് ഗണ്യമായ വര്‍ധനവാണിത്. 2023 ഏപ്രിലിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിതെന്നാണ് റിപ്പോര്‍ട്ട്.
ഉപഭോക്തൃ വില സൂചിക (സി പി ഐ) തുടര്‍ച്ചയായ മൂന്നാം മാസവും ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഊര്‍ജ ചെലവിലുണ്ടായ കുത്തനെയുള്ള വര്‍ധനവാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണമായതെന്ന് ബി എല്‍ എസ് വ്യക്തമാക്കി. ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും പശ്ചിമേഷ്യയിലെ അസ്ഥിരതയും അമേരിക്കന്‍ കുടുംബങ്ങളുടെ ദൈനംദിന ചെലവുകളെ കൂടുതല്‍ ബാധിച്ചിരിക്കുകയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പണപ്പെരുപ്പം വര്‍ധിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് ഊര്‍ജ മേഖലയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസിന്റെയും വൈദ്യുതിയുടെയും ചെലവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ ഏകദേശം 25 ശതമാനം കൂടുതലായിരുന്നു.
പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവും ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയായി. വാഹന ഉപയോക്താക്കളുടെ സംഘടനയുടെ കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ ഒരു ഗാലണ്‍ സാധാരണ പെട്രോളിന്റെ ശരാശരി വില നിലവില്‍ 4.15 ഡോളറാണ്. ഫെബ്രുവരി 28-ന് ഇറാനെതിരായ സൈനിക നടപടികള്‍ ആരംഭിച്ച സമയത്ത് ഇത് 2.98 ഡോളറായിരുന്നു.
ഇറാനെതിരായ അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ, ആഗോള എണ്ണ- വാതക വിതരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്തിലെ എണ്ണ- വാതക വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയും അതിന്റെ പ്രതിഫലനം അമേരിക്കയിലെ ഇന്ധനവിലയിലും പ്രകടമാകുകയും ചെയ്തതായി സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.
വിമാന യാത്ര, ആരോഗ്യപരിപാലനം, വിനോദം, ആശയവിനിമയം തുടങ്ങിയ മേഖലകളിലും വില വര്‍ധന രേഖപ്പെടുത്തിയതായി ബി എല്‍ എസ് അറിയിച്ചു.
ഒരു വര്‍ഷം മുമ്പുള്ള അതേ മാസവുമായി താരതമ്യം ചെയ്ത് ഉപഭോക്തൃ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലുണ്ടാകുന്ന മാറ്റമാണ് ഉപഭോക്തൃ വില സൂചിക (സി പി ഐ) അളക്കുന്നത്.
പണപ്പെരുപ്പം ഉയര്‍ന്നതോടെ ഉപഭോക്തൃ ചെലവുകള്‍ നിയന്ത്രിക്കുന്നതിനും വിലക്കയറ്റ സമ്മര്‍ദം കുറയ്ക്കുന്നതിനുമായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന വിലയിരുത്തലും ശക്തമായിട്ടുണ്ട്.
ഫെഡറല്‍ റിസര്‍വിന്റെ ദീര്‍ഘകാല പണപ്പെരുപ്പ ലക്ഷ്യം 2 ശതമാനമാണ്. നിലവിലെ 4.2 ശതമാനം നിരക്ക് ആ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികമാണ്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധിക്കിടെ 2023 ഏപ്രിലിലാണ് അമേരിക്കയില്‍ ഇതിലും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് അവസാനമായി രേഖപ്പെടുത്തിയിരുന്നത്.
