ഇന്ത്യയും അമേരിക്കയും തമ്മിലെ വ്യാപാര തർക്കം പരിഹരിക്കപ്പെടുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി

ഇന്ത്യയും അമേരിക്കയും തമ്മിലെ വ്യാപാര തർക്കം പരിഹരിക്കപ്പെടുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി


വാഷിംഗ്ടൺ : ഇന്ത്യയും അമേരിക്കയും തമ്മിലെ വ്യാപാര തർക്കം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുമായി യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഇന്ത്യയുടെ മൂല്യങ്ങൾ റഷ്യയെക്കാൾ ചേർന്നുനിൽക്കുന്നത് അമേരിക്കയോടും ചൈനയോടുമാണെന്നും ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് സഹകരണ കൂട്ടായ്മ (എസ്.സി.ഒ) പ്രകടനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ഉൾപ്പെടെ നേതാക്കൾ പങ്കെടുത്ത എസ്.സി.ഒ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് ട്രഷറി സെക്രട്ടറിയുടെ പ്രതികരണം.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. റഷ്യൻ എണ്ണ വാങ്ങുന്നതിന് പുറമെ, ഇന്ത്യയു.എസ് വ്യാപാര ചർച്ചയിലെ മെല്ലെപ്പോക്കും തീരുവ ഉയർത്താൻ കാരണമായതായി അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കയുമായി വ്യാപാര കരാറിനുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ആസ്‌ട്രേലിയ, യു.എ.ഇ, മൗറീഷ്യസ്, യു.കെ, നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇ.എഫ്.ടി.എ എന്നിവയുമായി കരാറുകൾ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യചൈന ബന്ധം ക്രമേണ സാധാരണ നിലയിലേക്ക് എത്തുകയാണ്. അതിർത്തി തർക്കം പരിഹരിക്കപ്പെടുമ്പോൾ സംഘർഷത്തിന് അയവുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.