ടെക്‌സസ്: അമേരിക്കയിലെ എച്ച്1ബി വിസ നിയന്ത്രണങ്ങൾ ഇന്ത്യൻ ഐടി മേഖലയെ മാത്രമല്ല, ചില സംസ്ഥാനങ്ങളിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സാങ്കേതിക വിദഗ്ധരുടെ വരവ് കുറഞ്ഞതോടെ ടെക്‌സസിലെ ഡാലസ്-ഫോർട്ട് വർത്ത് മേഖലയിലെ ഭവന വിപണി മന്ദഗതിയിലായിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഡാലസിന് വടക്കുള്ള ഫ്രിസ്‌കോ, പ്രോസ്പർ, സെലീന തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ സാന്നിധ്യത്തിൽ വേഗത്തിൽ വളർന്നിരുന്നു. എച്ച്1ബി വിസയിൽ എത്തിയ ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾ വീടുകൾ വാങ്ങുകയും വാടകയ്ക്ക് താമസിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമാവുകയും ചെയ്തു. ഈ മേഖലകൾക്ക് 'ഡാലസ്പുരം' എന്ന അനൗദ്യോഗിക പേരുപോലും ലഭിച്ചിരുന്നു.
എന്നാൽ എച്ച്1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ചതും പുതിയ അപേക്ഷകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സാഹചര്യത്തിൽ മാറ്റം വരുത്തി. ടെക്‌സസ് സർക്കാർ പുതിയ എച്ച്1ബി അപേക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും വിസ ദുരുപയോഗം അന്വേഷിക്കാൻ നടപടികൾ ആരംഭിച്ചതും വിദേശ തൊഴിലാളികളിൽ അനിശ്ചിതത്വം വർധിപ്പിച്ചു.
ഇതിന്റെ പ്രതിഫലനം ഭവന വിപണിയിലും പ്രകടമായി. ഡാലസിന് സമീപമുള്ള കോളിൻ കൗണ്ടിയിലെ ചില പ്രദേശങ്ങളിൽ വീടുകളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 9 ശതമാനം വരെ കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ വംശജരായ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ നിരവധി പുതിയ വീടുകൾ വിറ്റുപോകാതെ കിടക്കുകയാണ്.
ഇതിനൊപ്പം, ഇന്ത്യൻ വംശജർക്കെതിരായ വംശീയ പരാമർശങ്ങളും പ്രതിഷേധങ്ങളും വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചില പ്രദേശങ്ങളിൽ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളും വിദ്വേഷ പ്രസംഗങ്ങളും വ്യാപകമായതോടെ പുതിയ കുടിയേറ്റക്കാരിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
അതേസമയം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ഇന്ത്യൻ പ്രൊഫഷണലുകൾ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിൽ, നികുതി വരുമാനം, വിദ്യാഭ്യാസം, ഭവന വിപണി തുടങ്ങി നിരവധി മേഖലകളിൽ ഇവരുടെ സാന്നിധ്യം വലിയ സ്വാധീനം ചെലുത്തിയിരുന്നു. എച്ച്1ബി നിയന്ത്രണങ്ങളും കുടിയേറ്റ വിരുദ്ധ സമീപനങ്ങളും തുടർന്നാൽ ടെക്‌സസിന് സമാനമായ വെല്ലുവിളികൾ മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളും നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
എച്ച്1ബി നിയന്ത്രണങ്ങളുടെ തിരിച്ചടി; ഇന്ത്യൻ പ്രൊഫഷണലുകൾ കുറഞ്ഞതോടെ ടെക്‌സസിലെ ഭവന വിപണിക്ക് തിരിച്ചടി
