അമേരിക്കയിൽ ഇന്ത്യൻ വംശജയെ സൂപ്പർമാർക്കറ്റിൽ വെടിവച്ച് കൊന്നു; ആക്രമണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു

അമേരിക്കയിൽ ഇന്ത്യൻ വംശജയെ സൂപ്പർമാർക്കറ്റിൽ വെടിവച്ച് കൊന്നു; ആക്രമണ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു


വാഷിംഗ്ടൺ: അമേരിക്കയിലെ വിർജീനിയയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ വനിതയെ മുഖംമൂടി ധരിച്ച അക്രമി വെടിവച്ച് കൊന്നു. ഗുജറാത്ത് സ്വദേശിനിയായ മേഘ്‌ന പട്ടേൽ ആണ് കൊല്ലപ്പെട്ടത്.

മെയ് 23നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉപഭോക്താവെന്ന ഭാവത്തിൽ കടയ്ക്കുള്ളിൽ പ്രവേശിച്ച അക്രമി കൗണ്ടറിന് സമീപമെത്തി മെഘ്‌നാ പട്ടേലുമായി ചുരുങ്ങിയ സമയം സംസാരിക്കുന്നതും തുടർന്ന് പെട്ടെന്ന് തോക്ക് പുറത്തെടുത്ത് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തുടർച്ചയായി രണ്ട് വെടിയുതിർന്നതോടെ മെഘ്‌നാ കൗണ്ടറിന് പിന്നിലേക്ക് വീണു. പിന്നാലെ കൗണ്ടറിന് മുകളിലൂടെ കയറിയ അക്രമി വീണ്ടും വെടിയുതിർത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

45 വയസ്സുകാരിയായ മെഘ്‌നാ പട്ടേൽ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജന്ത്രാൽ ഗ്രാമ സ്വദേശിനിയാണ്. കഴിഞ്ഞ പത്ത് വർഷമായി വിർജീനിയയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് കുടുംബം അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശം പൊലീസ് വളഞ്ഞു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചതായി റപ്പോർട്ടുണ്ട്.

മെഘ്‌നയുടെ പിതാവ് കർസൻ ഭായ്പട്ടേലും മാതാവ് കപില ബെന്നും ഇപ്പോൾ ഗുജറാത്തിലെ ജന്ത്രാൽ ഗ്രാമത്തിലാണ് താമസം. ഭർത്താവ് ഉപേന്ദ്രഭായ്പട്ടേൽ, മകൾ നക്ഷിബെൻ, മകൻ സ്മിത് എന്നിവർ അമേരിക്കയിലാണ് കഴിയുന്നത്.

മെഘ്‌നാ പട്ടേലിന്റെ മരണവാർത്ത ഗുജറാത്ത് സ്വദേശികളിലും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിലും ദുഃഖമുണ്ടാക്കി. ഈ വർഷം അമേരിക്കയിൽ കൊല്ലപ്പെടുന്ന ഗുജറാത്ത് സ്വദേശികളുടെ എണ്ണം ഇതോടെ നാലായി.