വാഷിങ്ടണ്‍: അമേരിക്കയിലെ പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ 14കാരന്‍ ശ്രേയ് പരീഖ് ജേതാവായി. കാലിഫോര്‍ണിയയിലെ റാഞ്ചോ കുക്കമോംഗ സ്വദേശിയായ ശ്രേയ് ടൈബ്രേക്കര്‍ റൗണ്ടിലാണ് കിരീടം സ്വന്തമാക്കിയത്. അവസാന റൗണ്ടില്‍ ന്യൂജഴ്സിയിലെ ജേഴ്‌സി സിറ്റി സ്വദേശി ഇഷാന്‍ ഗുപ്തയുമായാണ് ശ്രേയ് ഏറ്റുമുട്ടിയത്. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള 'സ്‌പെല്‍-ഓഫ്' റൗണ്ടില്‍ ശ്രേയ് 32 വാക്കുകള്‍ ശരിയായി സ്‌പെല്‍ ചെയ്ത് മുന്നിലെത്തി. ഇഷാന്‍ 25 വാക്കുകളാണ് ശരിയായി ഉച്ചരിച്ചത്. 2024ലെ മത്സരത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ശ്രേയ് കഴിഞ്ഞ വര്‍ഷം പനിയെ തുടര്‍ന്ന് സ്വന്തം സ്‌കൂള്‍ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചാണ് ദേശീയ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. വിജയത്തോടെ ട്രോഫിയോടൊപ്പം 52,500 ഡോളര്‍ സമ്മാനമായും ലഭിച്ചു.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ 12കാരന്‍ ഇഷാന്‍ ഗുപ്ത മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജോര്‍ജിയയില്‍ നിന്നുള്ള 12കാരന്‍ സര്‍വ് ധരവാനെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൂന്നാം സ്ഥാനം നേടി. സ്‌പെല്ലിംഗ് ബീ ചരിത്രത്തില്‍ ഒരേ വര്‍ഷം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയ മത്സരാര്‍ഥികള്‍ പിന്നീട് ചാമ്പ്യന്‍മാരായത് ആദ്യമായാണെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ഫൈസാന്‍ സാക്കി രണ്ട് വര്‍ഷം മുന്‍പ് റണ്ണറപ്പായിരുന്നു. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു ശ്രേയ്. അവസാന റൗണ്ടില്‍ വാക്കുകള്‍ കേള്‍ക്കുമ്പോഴെല്ലാം ആത്മവിശ്വാസത്തോടെ പ്രതികരിച്ച ശ്രേയ് മികച്ച തയ്യാറെടുപ്പാണ് വിജയത്തിന് പിന്നിലെന്നും വ്യക്തമാക്കി. മുന്‍ ജേതാക്കളും പരിചയസമ്പന്നരായ പരിശീലകരും ഉള്‍പ്പെടെ മൂന്ന് കോച്ചുമാരുടെ കീഴിലായിരുന്നു പരിശീലനം.
ഈ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ അസാധാരണ കഴിവുള്ളവരായിരുന്നുവെന്ന് മുന്‍ മത്സരാര്‍ഥികളും പരിശീലകരും അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തില്‍ 18 മത്സരാര്‍ഥികളും പിഴവില്ലാതെ മുന്നേറിയത് മത്സരത്തിന്റെ നിലവാരം തെളിയിച്ചു. പുതിയ വേദിയായ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ നടന്ന മത്സരം കൂടുതല്‍ ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും സംഘാടകര്‍ അറിയിച്ചു. ഇഎസ്പിഎന്‍ അവതാരക മിന കിംസും വിശകലന വിദഗ്ധന്‍ പോള്‍ ലോഫ്‌ലറും ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്.
