കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയായ പ്രണിത വെങ്കടേഷ് സാന്‍ കാര്‍ലോസ് നഗരത്തിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്തു. ഇന്‍ഡോ- ഫിജിയന്‍ സമൂഹാംഗമായ പ്രണിത വെങ്കടേഷ് ഐക്യകണ്‌ഠേനയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഈ നിയമനത്തിലൂടെ സാന്‍ കാര്‍ലോസിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരില്‍ ഒരാളായും ദക്ഷിണേഷ്യന്‍ വംശപരമ്പരയിലെ ആദ്യ നേതാക്കളിലൊരാളായും പ്രണിത മാറി.
ഫിജിയില്‍ ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച പ്രണിത വെങ്കടേഷ് 2022-ല്‍ സാന്‍ കാര്‍ലോസ് സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മൂന്നു വര്‍ഷം സാന്‍ കാര്‍ലോസ് ഇക്കണോമിക് ഡെവലപ്‌മെന്റ് അഡൈ്വസറി കമ്മീഷനില്‍ സേവനം അനുഷ്ഠിച്ചിരുന്നു. നാല് വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം അവര്‍ കാലിഫോര്‍ണിയയിലേക്ക് കുടിയേറിയത്. കഴിഞ്ഞ 15 വര്‍ഷമായി സാന്‍ കാര്‍ലോസിലാണ് താമസം.
2009-ല്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം സാന്‍ കാര്‍ലോസിലേക്ക് താമസം മാറിയതോടെ ഏര്‍ളി ചൈല്‍ഡ്ഹുഡ് വിദ്യാഭ്യാസത്തിന്റെ പ്രചാരകയായി പ്രവര്‍ത്തിക്കുന്ന അവര്‍ സാന്‍ കാര്‍ലോസില്‍ ഒരു മോണ്ടെസോറി പ്രീസ്‌കൂളും നടത്തിവരുന്നു.
നോട്ടര്‍ ഡാം ഡി നാമൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഏര്‍ളി ചൈല്‍ഡ്ഹുഡ് ക്ലിനിക്കല്‍ സൈക്കോളജിയിലുമുള്ള മാസ്റ്റര്‍ ബിരുദവും വെങ്കടേഷിന് ഉണ്ട്. സാന്‍ കാര്‍ലോസിലേക്ക് താമസം മാറുന്നതിന് മുന്‍പ് ഈസ്റ്റ് പാലോ ആള്‍ട്ടോയില്‍ ബാല മനശ്ശാസ്ത്ര വിദഗ്ധയായി പ്രവര്‍ത്തിച്ചിരുന്ന അവര്‍ മേസീസ് കമ്പനിയില്‍ ബയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാന്‍ കാര്‍ലോസ് സിറ്റി കൗണ്‍സില്‍ റീഓര്‍ഗനൈസേഷന്‍ ചടങ്ങിന്റെ ഭാഗമായി സിറ്റി ഹാള്‍ കൗണ്‍സില്‍ ചേംബേഴ്‌സിലാണ് പ്രണിത വെങ്കടേഷിന്റെ സത്യപ്രതിജ്ഞ നടന്നത്.
