ഫെഡറല്‍ ഫണ്ട് മരവിപ്പിക്കുന്ന നടപടി തടഞ്ഞ ഇന്ത്യന്‍ വംശജനായ ജഡ്ജിക്കെതിരെ വിമര്‍ശനം

ഫെഡറല്‍ ഫണ്ട് മരവിപ്പിക്കുന്ന നടപടി തടഞ്ഞ ഇന്ത്യന്‍ വംശജനായ ജഡ്ജിക്കെതിരെ വിമര്‍ശനം


ന്യൂയോര്‍ക്ക്: ഫെഡറല്‍ ഫണ്ടുകള്‍ മരവിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടി തടഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഫെഡറല്‍ ജഡ്ജി അരുണ്‍ സുബ്രഹ്മണ്യനെതിരെ കടുത്ത വിമര്‍ശനം. 'മാഗ' പിന്തുണക്കാരാണ് അദ്ദേഹത്തിനെതിരെ ശക്തമായ ആക്രമണം നടത്തുന്നത്.

ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രികട് യു എസ് ജില്ലാ കോടതിയിലെ ജഡ്ജിയായ അരുണ്‍ സുബ്രഹ്മണ്യന്‍ ജനുവരി 9ന് പുറത്തിറക്കിയ താത്ക്കാലിക സ്റ്റേ ഉത്തരവിലൂടെ അഞ്ച് ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സോമാലിയന്‍ ഡേ കെയറുകള്‍ എന്ന പേരിലും അറിയപ്പെടുന്ന ശിശുസംരക്ഷണവും സാമൂഹിക സേവനങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിംഗ് മരവിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് തടഞ്ഞത്.

കാലിഫോര്‍ണിയ, കൊളറാഡോ, ഇല്ലിനോയി, മിനസോട്ട, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഉത്തരവിട്ടത്. ആരോഗ്യ- മാനവസേവന വകുപ്പ് (എ്ച്ച് എച്ച് എസ്) ഫണ്ടുകള്‍ നിര്‍ത്തിവയ്ക്കാന്‍ നിയമപരമായ അധികാരമില്ലെന്നും ഫെഡറല്‍ ചെലവുകളിലേക്കുള്ള കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കൈകടത്തിയതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണം ഉന്നയിച്ച യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഈ നീക്കത്തെ തന്റെ അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമാണെന്ന് വിശേഷിപ്പിച്ചു.

സംസ്ഥാനങ്ങള്‍ അടിയന്തര ഇടപെടലിന് മതിയായ കാരണം കാണിച്ചിട്ടുണ്ടെന്ന് ജഡ്ജി സുബ്രഹ്മണ്യന്‍ ഉത്തരവില്‍ വ്യക്തമാക്കി. ദുര്‍ബല കുടുംബങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത നാശനഷ്ടമുണ്ടാകാനുള്ള സാധ്യത, സഹായധനം തുടര്‍ച്ചയായി ലഭ്യമാക്കേണ്ടതിന്റെ പൊതുതാത്പര്യം എന്നിവ കോടതി പരിഗണിച്ചു.

ആരോപണങ്ങളില്‍ അന്തിമ വിധി പറയാതെയാണ് കൂടുതല്‍ നിയമവാദങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് 14 ദിവസത്തെ താത്ക്കാലിക വിലക്ക് കോടതി ഏര്‍പ്പെടുത്തിയത്.

ജഡ്ജിയുടെ തീരുമാനത്തെ തുടര്‍ന്ന് മാഗ പിന്തുണക്കാരില്‍ നിന്നു സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അദ്ദേഹത്തെ 'ബൈഡന്‍ നിയമനം' എന്നും 'ഡിഐഇ നിയമനം' എന്നും വിശേഷിപ്പിച്ച നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. അമേരിക്കന്‍ പൗരത്വമുണ്ടെങ്കിലും നാടുകടത്തണമെന്ന ആഹ്വാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശഭീതിയോടെയുള്ള പരാമര്‍ശങ്ങളും വംശീയ ആക്രമണങ്ങളും ചില പോസ്റ്റുകളില്‍ ഉണ്ടായിരുന്നു.

ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ സ്റ്റീഫന്‍ മില്ലര്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട 'ഡേകെയര്‍ തട്ടിപ്പുകള്‍ക്ക്' അമേരിക്കക്കാര്‍ പണം നല്‍കേണ്ട സാഹചര്യമുണ്ടാക്കുന്നതാണ് ഈ വിധിയെന്ന് ആരോപിച്ച് കോടതി വിധിയെ വിമര്‍ശിച്ചു. ടെസ്ലയും സ്‌പേസ്എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌ക് ജഡ്ജി സുബ്രഹ്മണ്യന്റെ വിധിയെ എക്‌സില്‍ 'പ്രശ്‌നകരം' എന്നാണ് വിശേഷിപ്പിച്ചത്.

1979ല്‍ പെന്‍സില്‍വേനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ ഇന്ത്യന്‍ കുടിയേറ്റ മാതാപിതാക്കള്‍ക്ക് ജനിച്ച അരുണ്‍ സുബ്രഹ്മണ്യന്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതികളിലെ മുതിര്‍ന്ന ജഡ്ജിമാരുടെ ലോ ക്ലര്‍ക്കായാണ് നിയമജീവിതം ആരംഭിച്ചത്. പിന്നീട് യു എസ് സുപ്രിം കോടതി ജസ്റ്റിസ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിന്റെ ക്ലര്‍ക്കായും അദ്ദേഹം പ്രവര്‍ത്തിച്ചു.

സുബ്രഹ്മണ്യനോടൊപ്പം, അമിത് മേത്ത, വിന്‍സ് ചബ്രിയ, ഇന്ദിര തല്‍വാനി എന്നിവരടക്കമുള്ള മറ്റ് ഇന്ത്യന്‍- അമേരിക്കന്‍ ജഡ്ജിമാരും അടുത്ത മാസങ്ങളില്‍ സമാനമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു.