മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഐ സി ഇ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വംശജ

മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഐ സി ഇ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വംശജ


ടെക്‌സാസ്: യു എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ സി ഇ) കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ 53കാരി മീനു ബത്ര തനിക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപണം ഉന്നയിച്ചു. അറസ്റ്റ് ചെയ്തതിന് പിന്നാലെ 24 മണിക്കൂര്‍ ഭക്ഷണവും വെള്ളവും നിഷേധിച്ചുവെന്നും ദിവസങ്ങളോളം മരുന്ന് നല്‍കാതെയിരുന്നുവെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 17ന് ഹാര്‍ലിംഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മില്‍വോക്കിയിലേക്ക് ജോലിക്കായി യാത്ര ചെയ്യുന്നതിനിടെയാണ് ബത്രയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ടെക്‌സാസിലെ റെയ്മണ്‍ഡ്വില്ലിലുള്ള എല്‍ വാലെ ഡിറ്റന്‍ഷന്‍ സെന്ററിലാണ് അവര്‍ കഴിയുന്നത്. കസ്റ്റഡി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നത്.

സത്യവാങ്മൂലത്തില്‍, വിമാനത്താവള സുരക്ഷാ പരിശോധന കഴിഞ്ഞതിന് പിന്നാലെ സാധാരണ വേഷത്തിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞുവെന്ന് ബത്ര പറഞ്ഞു. അവര്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാതെ കുടിയേറ്റ നിലയെക്കുറിച്ച് ചോദ്യം ചെയ്തതായും 2000-ല്‍ ലഭിച്ച 'വിത്‌ഹോള്‍ഡിംഗ് ഓഫ് റിമൂവല്‍' അടിസ്ഥാനത്തില്‍ തനിക്ക് നിയമാനുസൃത ജോലി അനുമതി ഉണ്ടെന്ന് അറിയിച്ചതായും അവര്‍ പറഞ്ഞു.

ഈ നില അമേരിക്കയില്‍ സ്ഥിരതാമസം ഉറപ്പുനല്‍കുന്നതല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബത്ര മൊഴിയില്‍ പറയുന്നു. അറസ്റ്റ് നടപടികളില്‍ താന്‍ സഹകരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കസ്റ്റഡിക്കിടെ കൈകള്‍ പിന്നില്‍ വെച്ച് കയ്യാമം ധരിച്ചിരിക്കുന്നതായി തോന്നിക്കുന്ന രീതിയില്‍ ഫോട്ടോകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചതായും അവര്‍ ആരോപിച്ചു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കാനാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബത്ര പറഞ്ഞു. ഇതിലൂടെ താന്‍ അപമാനിതയാവുകയും കുറ്റവാളിയെപ്പോലെയാണ് പെരുമാറിയതെന്നും അവര്‍ വ്യക്തമാക്കി.

തടങ്കലില്‍ കഴിയുന്നതിനിടെ ശ്വാസകോശ സംബന്ധമായ അസുഖം ബാധിക്കുകയും ശബ്ദം നഷ്ടപ്പെടുകയും ചെയ്തതായും ബത്ര പറഞ്ഞു. എന്തുകൊണ്ടാണ് തന്നെ തടവില്‍ പാര്‍പ്പിക്കുന്നതെന്ന് പോലും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

35 വര്‍ഷത്തിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന ബത്ര 1980-കളിലെ സിഖ് വിരുദ്ധ കലാപങ്ങള്‍ക്കിടയില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ വിടുകയായിരുന്നു. തുടര്‍ന്ന് അവര്‍ കോടതികളില്‍ ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളില്‍ വിവര്‍ത്തകയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. ടെക്‌സാസില്‍ ഈ ഭാഷകളില്‍ ലൈസന്‍സുള്ള ഏക വിവര്‍ത്തകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയിലേക്ക് നാടുകടത്തല്‍ തടയുന്ന നിയമപരമായ സംരക്ഷണം ബത്രയ്ക്കുണ്ടെങ്കിലും മൂന്നാം രാജ്യത്തേക്ക് മാറ്റാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഏത് രാജ്യത്തേക്കാണ് അയക്കുക എന്നത് വ്യക്തമാക്കിയിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ ദീപക് അഹ്‌ലുവാലിയ പറഞ്ഞു.

നാലു മക്കളുടെ മാതാവായ ബത്രയുടെ ഒരു മകന്‍ അമേരിക്കന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്നുണ്ട്. അമ്മയുടെ മോചനത്തിനായി മകന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

2000 മുതല്‍ തന്നെ ബത്രയ്ക്ക് നാടുകടത്തല്‍ ഉത്തരവ് നിലവിലുണ്ടെന്ന് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നിയമപ്രകാരം നടപടികള്‍ തുടരുന്നതായും കസ്റ്റഡി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ജോലി അനുമതി നിയമപരമായ താമസാവകാശമല്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ബത്രയുടെ തടങ്കല്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നാണ് അഭിഭാഷകര്‍ വാദിക്കുന്നത്. ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കേണ്ടതുണ്ടെന്നും 21ന് ഫെഡറല്‍ കോടതി കേസ് പരിഗണിക്കുമെന്നാണ് വിവരം.