ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശിയായ 26കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. കടപ്പ ജില്ലയിൽ ജെട്ടിവാരിപ്പള്ളി സ്വദേശി ദിലീപ് കുമാർ ബുങ്കടവുലയാണ് മരിച്ചത്.
ഓഗസ്റ്റ് ഏഴിന് മസിഡോണിയ മേഖലയിലെ ഇന്റര്‍സ്റ്റേറ്റ് 480ൽ ആയിരുന്നു അപകടം. ദിലീപ് സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ വന്ന പിക്കപ്പ് ട്രക്ക് മീഡിയൻ മറികടന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ദിലീപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ ദിലീപ് കെന്റ് സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് 2025ൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടിയിരുന്നു. തുടർന്ന് അമേരിക്കയിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ആരംഭിച്ചതായി കുടുംബം അറിയിച്ചു.
സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകിവരുന്നതായും അറിയിച്ചു.
ദിലീപിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള നടപടികൾ കുടുംബം ആരംഭിച്ചു. കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് നോർത്ത് അമേരിക്ക തെലുങ്ക് സൊസൈറ്റി ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയിൽ വാഹനാപകടത്തിൽ ആന്ധ്ര സ്വദേശിയായ 26കാരൻ മരിച്ചു
