യു എസ് വിസ നിയമങ്ങളില്‍ ഉത്കണ്ഠ വര്‍ധിച്ച് ഇന്ത്യന്‍ പ്രൊഫഷണലുകള്‍

യു എസ് വിസ നിയമങ്ങളില്‍ ഉത്കണ്ഠ വര്‍ധിച്ച് ഇന്ത്യന്‍ പ്രൊഫഷണലുകള്‍


വാഷിംഗ്ടണ്‍: എച്ച്1- ബി അല്ലെങ്കില്‍ എല്‍-1 വിസകളെക്കുറിച്ച് യു എസിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ ഉത്കണ്ഠ വര്‍ധിക്കുകയാണെന്ന് അനോണിമസ് വര്‍ക്ക് സ്‌പേസ് ആപായ ബ്ലൈന്റിന്റെ സര്‍വേ. ജോലി നഷ്ടപ്പെട്ടാല്‍ 45 ശതമാനം പേര്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് പറയുന്നത്. 26 ശതമാനം പേര്‍ മറ്റൊരു രാജ്യത്തേക്ക് മാറുമെന്നും 29 ശതമാനം പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍വേയില്‍ പറയുന്നു. 

യു എസ് വിടുന്നതിനെക്കുറിച്ചുള്ള പ്രധാന ആശങ്കകളായി 25 ശതമാനം പേര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കല്‍, 24 ശതമാനത്തിന് ജീവിത നിലവാരം കുറയല്‍, 13 ശതമാനത്തിന് സാംസ്‌കാരികമോ കുടുംബപരമോ ആയ ക്രമീകരണം, 10 ശതമാനത്തിന് കുറഞ്ഞ തൊഴില്‍ അവസരങ്ങള്‍ എന്നിവയായിരുന്നു. വീണ്ടും യു എസ് വര്‍ക്ക് വിസ തെരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് 35 ശതമാനം പേര്‍ മാത്രമാണ് അതെ എന്ന ഉത്തരം നല്‍കിയത്. 65 ശതമാം പേര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നോ ഇല്ലെന്നോ ഉള്ള മറുപടിയാണ് നല്‍കാനായത്. 

ജോലി നഷ്ടപ്പെട്ടതിന് ശേഷം 60 ദിവസത്തെ ഗ്രേസ് പിരീഡിനുള്ളില്‍ തങ്ങളോ തങ്ങള്‍ക്ക് അറിയാവുന്ന ഒരാളോ പോകാന്‍ നിര്‍ബന്ധിതരാകുമെന്ന് ഏകദേശം 35 ശതമാനം പേര്‍ പറഞ്ഞു. ആ കാലയളവ് അവസാനിക്കുന്നതിന് മുമ്പുതന്നെ നാടുകടത്തല്‍ നോട്ടീസുകള്‍ ലഭിച്ചതായി ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. ആറില്‍ ഒരാള്‍ക്ക് തങ്ങള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ പിരിച്ചുവിട്ടതിന് ആഴ്ചകള്‍ക്കുള്ളില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. ഇത് ദീര്‍ഘകാല വിലക്കുകള്‍ ഉണ്ടാകുമെന്ന ഭയം ഉയര്‍ത്തുന്നു. ജോലി നഷ്ടപ്പെട്ടതിന് ശേഷം അത്തരം അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ ഉപദേശിക്കുന്നത് യു എസ് വിടാനാണ്.

ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ യു എസ് കമ്പനികളെ 'ഇന്ത്യയിലെ നിയമനം നിര്‍ത്താന്‍' പ്രേരിപ്പിച്ചതിനെത്തുടര്‍ന്ന് പിരിമുറുക്കം വര്‍ധിച്ചു. യു എസ് ആസ്ഥാനമായുള്ള പ്രൊഫഷണലുകളില്‍ 63 ശതമാനം പേര്‍ ഈ നീക്കം തങ്ങളുടെ സ്ഥാപനങ്ങളെ സഹായിക്കുമെന്ന് കരുതിയപ്പോള്‍ ഇന്ത്യ ആസ്ഥാനമായുള്ള തൊഴിലാളികളില്‍ 69 ശതമാനം പേര്‍ ഇത് തങ്ങളുടെ കമ്പനികളെ ദോഷകരമായി ബാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. 

നയ മാറ്റങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. 2025 ഓഗസ്റ്റ് 8ന് യു എസ് ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് നിലവിലുള്ള ലോട്ടറിക്ക് പകരമായി വേതന അധിഷ്ഠിത എച്ച്-1ബി സെലക്ഷന്‍ സിസ്റ്റത്തിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. 2021-ലേതിന് സമാനമായ ഈ മാറ്റം ഉയര്‍ന്ന ശമ്പളത്തിന് മുന്‍ഗണന നല്‍കുകയും എന്‍ട്രി ലെവല്‍ തൊഴിലാളികളെയും സമീപകാല ബിരുദധാരികളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഓരോ വര്‍ഷവും എച്ച്-1ബി പരിധി 85,000 വിസകള്‍ അനുവദിക്കുന്നു. ജനറല്‍ അപേക്ഷകര്‍ക്ക് 65,000 വിസയും യു എസ് മാസ്റ്റര്‍ ബിരുദമോ അതില്‍ കൂടുതലോ ഉള്ളവര്‍ക്ക് 20,000 വിസയുമാണത്.