വയോജനങ്ങളെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ്; ഇന്ത്യന്‍ പൗരന് അമേരിക്കയില്‍ 15 വര്‍ഷത്തിലധികം തടവ്

വയോജനങ്ങളെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ്; ഇന്ത്യന്‍ പൗരന് അമേരിക്കയില്‍ 15 വര്‍ഷത്തിലധികം തടവ്


വാഷിങ്ടണ്‍: വയോജനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പുകേസില്‍ ഇന്ത്യന്‍ പൗരനായ സൈദ് എം മക്കിക്ക് അമേരിക്കയില്‍ പതിനഞ്ചര വര്‍ഷം തടവുശിക്ഷ. ഇല്ലിനോയിസിലെ കാന്‍സസ് സിറ്റിയിലെ ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പരോളില്ലാതെയായിരിക്കും ശിക്ഷ അനുഭവിക്കേണ്ടത്.

2023 മുതല്‍ 2024 മാര്‍ച്ച് വരെ പ്രവര്‍ത്തിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായിരുന്ന മക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വര്‍ണബാറുകളും പണവും ശേഖരിച്ച് സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്ക് കൈമാറുന്ന കാരിയര്‍ ആയി പ്രവര്‍ത്തിച്ചുവെന്നാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

വയോജനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പില്‍ ബാങ്ക് അക്കൗണ്ടുകളും വ്യക്തിവിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. വ്യാജ മാല്‍വെയര്‍ മുന്നറിയിപ്പുകളും മൈക്രോസോഫ്റ്റ് ജീവനക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഏജന്റുമാര്‍, നിയമപാലകര്‍ എന്നിവരായി നടിച്ചുമാണ് പ്രതികള്‍ ഇരകളെ വലയിലാക്കിയത്.

61 മുതല്‍ 80 വയസ്സ് വരെയുള്ളവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. സുരക്ഷിതമായി സൂക്ഷിക്കണമെന്ന പേരില്‍ വിരമിക്കല്‍ നിക്ഷേപങ്ങളും ബാങ്ക് നിക്ഷേപങ്ങളും പിന്‍വലിപ്പിച്ച് സ്വര്‍ണബാറുകളും നാണയങ്ങളും വാങ്ങിപ്പിക്കുകയായിരുന്നു. ചിലരോട് സ്വര്‍ണം 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്' എന്ന പേരില്‍ പായ്ക്ക് ചെയ്യാനും നിര്‍ദേശിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

2024 മാര്‍ച്ച് 25, 26 തിയ്യതികളില്‍ കൊളറാഡോയും മിസൗറിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഒരു കിലോ വീതം തൂക്കമുള്ള 16 സ്വര്‍ണബാറുകള്‍ മക്കി ശേഖരിച്ചതായും ഇവയുടെ മൂല്യം 10 ലക്ഷം ഡോളറിലധികമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2024 മാര്‍ച്ച് 27ന് ഇല്ലിനോയിസിലൂടെ സ്വര്‍ണബാറുകള്‍ മറ്റ് അംഗങ്ങള്‍ക്ക് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഗ്രെഗ് കെയ്‌സ് അധ്യക്ഷനായ ഫെഡറല്‍ കോടതി തടവുശിക്ഷയ്ക്ക് പുറമെ 47.54 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും സ്വര്‍ണബാറുകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടു.

ഇതിനകം 12 പേരെങ്കിലും തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആകെ നഷ്ടം 60 ലക്ഷം ഡോളറിലധികമാണെന്നും അധികൃതര്‍ അറിയിച്ചു.

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍,  കാന്‍സസ് സിറ്റി പൊലീസ്, കൊളറാഡോയിലെ ഡഗ്ലസ് കൗണ്ടി ഷെറിഫ് വിഭാഗം, ഇല്ലിനോയിസ് സ്റ്റേറ്റ് ഹൈവേ പട്രോള്‍ എന്നിവ സംയുക്തമായാണ് കേസ് അന്വേഷിച്ചത്.