വാഷിംഗ്ടണ്‍: റഷ്യയിലേക്ക് നിയന്ത്രിത വിമാനോപകരണങ്ങള്‍ അനധികൃതമായി കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹി സ്വദേശിയായ ഇന്ത്യന്‍ പൗരന് അമേരിക്കന്‍ കോടതി 30 മാസം തടവ് ശിക്ഷ വിധിച്ചു. സഞ്ജയ് കൗശിക് (58) എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.
ഒറിഗണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലന്‍ഡില്‍ നടന്ന കേസില്‍, എക്‌സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റീഫോം ആക്ട് ലംഘിച്ചതിന് കൗശിക്കിന് 30 മാസം ഫെഡറല്‍ ജയിലും തുടര്‍ന്ന് 36 മാസം മേല്‍നോട്ടത്തിലുമുള്ള മോചനവുമാണ് ശിക്ഷയെന്നാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് (DoJ) പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്.
സൈനിക ഉപയോഗത്തിനും അനുയോജ്യമായ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന കയറ്റുമതി നിയന്ത്രണ നിയമങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ദേശീയ സുരക്ഷയ്ക്കുള്ള അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ എ. ഐസന്‍ബര്‍ഗ് പറഞ്ഞു. 'ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗൗരവമുള്ള കുറ്റമാണ്,' അദ്ദേഹം വ്യക്തമാക്കി.
ഇത് 'ഒരു പിഴവല്ല, ലാഭലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഗൂഢാലോചന'യാണെന്ന് ഒറിഗണ്‍ ജില്ലയിലെ യുഎസ് അറ്റോര്‍ണി സ്‌കോട്ട് ഇ. ബ്രാഡ്‌ഫോര്‍ഡ് പറഞ്ഞു. നിരവധി ഇടപാടുകളും റഷ്യയിലെ ഉപരോധം നേരിടുന്ന സ്ഥാപനങ്ങളുമായുള്ള ഏകോപനവുമാണ് കേസില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ഇങ്ങനെ
2023 സെപ്റ്റംബര്‍ ആദ്യം, അമേരിക്കയില്‍ നിന്ന് വ്യോമയാന ഉപകരണങ്ങളും സാങ്കേതികവിദ്യയും റഷ്യന്‍ സ്ഥാപനങ്ങളിലേക്ക് അനധികൃതമായി എത്തിക്കാന്‍ കൗശിക് മറ്റ് ചിലരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായാണ് കോടതിവിവരങ്ങള്‍.
കൗശിക്കിന്റെയും അദ്ദേഹത്തിന്റെ ഇന്ത്യന്‍ കമ്പനിയുടെയും പേരില്‍ സാധനങ്ങള്‍ വാങ്ങി, യഥാര്‍ത്ഥത്തില്‍ അവ റഷ്യയിലെ ഉപയോക്താക്കള്‍ക്കായി മാറ്റിവെക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി, വിമാനങ്ങളുടെ നാവിഗേഷനും ഫ്‌ലൈറ്റ് നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 'അറ്റിറ്റിയൂഡ് ആന്‍ഡ് ഹെഡിംഗ് റഫറന്‍സ് സിസ്റ്റം' (AHRS) എന്ന ഉപകരണം ഒറിഗണിലെ ഒരു വിതരണക്കാരനില്‍ നിന്ന് വാങ്ങി.
ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ യുഎസ് വാണിജ്യവകുപ്പിന്റെ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍, ഇന്ത്യന്‍ കമ്പനിയാണ് അവസാന ഉപയോക്താവെന്നും സിവിലിയന്‍ ഹെലികോപ്റ്ററിനായാണ് ഉപകരണമെന്നും തെറ്റായ വിവരം നല്‍കി ലൈസന്‍സ് നേടാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഉപകരണം ഇന്ത്യ വഴി റഷ്യയിലേക്ക് അയക്കാനായിരുന്നു പദ്ധതി. എന്നാല്‍ കയറ്റുമതിക്ക് മുമ്പ് യുഎസ് അധികൃതര്‍ അത് പിടിച്ചെടുത്തു.
2024 ഒക്ടോബര്‍ 17ന് മിയാമിയില്‍ വെച്ചാണ് കൗശിക് അറസ്റ്റിലായത്. തുടര്‍ന്ന് കസ്റ്റഡിയിലായിരുന്ന ഇയാള്‍ 2025 ഒക്ടോബര്‍ 9ന് കുറ്റം സമ്മതിച്ചു.
റഷ്യയിലേക്ക് വിമാനോപകരണങ്ങള്‍ കടത്താന്‍ ശ്രമം: ഡല്‍ഹി സ്വദേശിക്ക് അമേരിക്കയില്‍ 30 മാസം തടവ്
