എച്ച്-1ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ ഫീസ് റദ്ദാക്കിയ കോടതി വിധി ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ സ്വാഗതം ചെയ്തു

എച്ച്-1ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ ഫീസ് റദ്ദാക്കിയ കോടതി വിധി ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ സ്വാഗതം ചെയ്തു


വാഷിങ്ടണ്‍: എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളര്‍ ഫീസ് റദ്ദാക്കിയ മസാച്യുസെറ്റ്‌സ് ഫെഡറല്‍ കോടതിയുടെ വിധിയെ അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ സ്വാഗതം ചെയ്തു. 

തൊഴിലധിഷ്ഠിത കുടിയേറ്റ സംവിധാനത്തില്‍ പ്രവചനാത്മകതയും നീതിയും പുനഃസ്ഥാപിക്കുന്ന നടപടിയാണിതെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്‌പോറ സ്റ്റഡീസിന്റെ (എഫ് ഐ ഐ ഡി എസ്) പോളിസി ആന്റ് സ്ട്രാറ്റജി വിഭാഗം മേധാവി ഖണ്ഡേരാവു കാണ്ഡ് പി ടി ഐയോട് പറഞ്ഞു.

കോടതി ഉത്തരവിനെ തുടര്‍ന്ന് എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും ആശ്വാസമാകുമെങ്കിലും ഇതോടെ വിഷയത്തിന് പൂര്‍ണ വിരാമമായോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഇന്‍ഡിയാസ്‌പോറയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് ജോഷിപുര അഭിപ്രായപ്പെട്ടു.

നവീകരണം, ഗവേഷണം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ അമേരിക്കയുടെ മത്സരാധിഷ്ഠിത മുന്‍തൂക്കം നിലനിര്‍ത്താന്‍ കോടതി വിധി ഉചിതമാണെന്ന് ഖണ്ഡേരാവു കാണ്ഡ് പറഞ്ഞു.

ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആഗോള പ്രതിഭകളിലേക്കുള്ള പ്രവേശനം അമേരിക്കയുടെ സാങ്കേതികവിദ്യ, ആരോഗ്യപരിപാലനം, നൂതന ഉത്പാദന മേഖലകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും പ്രധാന നയപരമായ മാറ്റങ്ങള്‍ നിയമപരമായ അധികാരത്തിന്റെയും സാമ്പത്തിക യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്ന തത്വത്തെ ഈ വിധി ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യോഗ്യതയെ അടിസ്ഥാനമാക്കിയുള്ള സന്തുലിതമായ കുടിയേറ്റ സംവിധാനം അമേരിക്കന്‍ കമ്പനികള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഒരുപോലെ ഗുണകരമാണെന്നാണ് എഫ് ഐ ഐ ഡി എസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എച്ച്-1ബി വിസ ഉടമകള്‍ക്ക് ഭരണപരമായ നടപടിക്രമങ്ങളിലൂടെ അമേരിക്കന്‍ ഭരണകൂടം ഇപ്പോഴും തടസങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് സഞ്ജീവ് ജോഷിപുര മുന്നറിയിപ്പ് നല്‍കി.

ഭരണകൂടത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് അനുസൃതമായി എച്ച്-1ബി വിസ ഉടമകള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ എക്‌സിക്യൂട്ടീവ് വിഭാഗം ആഗ്രഹിക്കുന്നുവെങ്കില്‍ അമേരിക്കന്‍ നിയമം ലംഘിക്കാത്ത നടപടിക്രമങ്ങളിലൂടെ അത് സാധ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടവും നീതിന്യായ സംവിധാനവും തമ്മില്‍ അടുത്തിടെ ഉണ്ടായ തര്‍ക്കങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളര്‍ ഫീസ് തിങ്കളാഴ്ച ഫെഡറല്‍ ജഡ്ജി റദ്ദാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ഫീസ് ഏര്‍പ്പെടുത്തിയതെന്നും അതിനാല്‍ അത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ അധിക ഫീസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.