ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജുമായി കൂട്ടിയിടിച്ച കണ്ടെയ്‌നര്‍ കപ്പലായ ഡാലിയില്‍ ഇരുപത് ഇന്ത്യന്‍ ജീവനക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. കപ്പലപടകടം സംബന്ധിച്ച് കഴിഞ്ഞ ഏഴ് ആഴ്ചകളായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം കാരണം അവര്‍ക്ക് കപ്പലില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അവരുടെ ഫോണുകള്‍ പിടിച്ചെടുത്തതിനാല്‍, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുവാനോ പണം അയക്കാനോ കഴിയുന്നില്ല.
948 അടി നീളമുള്ള കണ്ടെയ്‌നര്‍ കപ്പലായ ഡാലി മാര്‍ച്ച് 26നാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജില്‍ ഇടിച്ചത്. കപ്പലിലെ 21 ജീവനക്കാരില്‍ 20 പേര്‍ ഇന്ത്യക്കാരാണ്. അന്വേഷണത്തെ തുടര്‍ന്ന് 21 ജീവനക്കാരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
ഫെഡറല്‍ പോലീസ് തങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്നും നിയമ നടപടി നേരിടേണ്ടിവരുമെന്നും കപ്പലിലെ ജീവനക്കാര്‍ ഭയപ്പെടുകയും അതുമൂലം വൈകാരിക വിഷമം നേരിടുകയും ചെയ്യുകയാണ്.
എന്നാല്‍ തകര്‍ന്ന കപ്പലിലെ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള പരിചരണ പാക്കേജുകള്‍ നല്‍കിയിട്ടുണ്ട്.
'അവര്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് അവരുടെ ബില്ലുകള്‍ വീട്ടില്‍ അടയ്ക്കാന്‍ കഴിയില്ല. അവര്‍ക്ക് അവരുടെ നെറ്റ് ഡേറ്റയോ ആരുടെയും കോണ്‍ടാക്റ്റ് വിവരങ്ങളോ ഇല്ല, അതിനാല്‍ അവര്‍ ഇപ്പോള്‍ ശരിക്കും ഒറ്റപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് ആവശ്യമുള്ള ആളുകളിലേക്ക് എത്തിച്ചേരാനോ ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് അവരുടെ കുട്ടികളുടെ ചിത്രങ്ങള്‍ നോക്കാനോ പോലും അവര്‍ക്ക് കഴിയില്ല. ഇത് ശരിക്കും ദുഃഖകരമായ സാഹചര്യമാണ് ', നാവികരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ബാള്‍ട്ടിമോര്‍ ഇന്റര്‍നാഷണല്‍ സീഫറേഴ്‌സ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷ്വ മെസ്സിക്ക് ബിബിസിയോട് പറഞ്ഞു.
നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെത്തുടര്‍ന്ന് മാര്‍ച്ച് 26 മുതല്‍ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജുമായി കൂട്ടിയിടിച്ച കണ്ടെയ്‌നര്‍ കപ്പലായ ഡാലിയില്‍ ഇന്ത്യയില്‍ നിന്നുള്ള 20 പേരും ശ്രീലങ്കയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ ഇരുപത്തൊന്ന് നാവികര്‍ കുടുങ്ങിക്കിടക്കുകയാണ്.
കപ്പലപടകം സംബന്ധിച്ച് ഫെഡറല്‍ സുരക്ഷാ അന്വേഷകര്‍ ചൊവ്വാഴ്ചപ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.ഇതില്‍ ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ഉദാഹരണത്തിന്, 290 മീറ്റര്‍ നീളമുള്ള കപ്പലിന് അനുഭവപ്പെട്ട നാല് വൈദ്യുതി തകരാറുകള്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) വിശദീകരിച്ചതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തിന് തൊട്ടുമുമ്പ് സംഭവിച്ച രണ്ടെണ്ണം ഉള്‍പ്പെടെ ഈ വൈദ്യുതി പ്രശ്‌നങ്ങളില്‍ മൂന്നിന്റെ കാരണങ്ങള്‍ വ്യക്തമല്ല.
തിങ്കളാഴ്ച കപ്പലിന്റെ പുറംഭാഗത്ത് നിന്ന് പാലത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യാന്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചെങ്കിലും കപ്പലിലെ ജീവനക്കാര്‍ക്ക് ഇപ്പോഴും കപ്പലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ 20 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരടങ്ങുന്ന സംഘം കപ്പലില്‍ തുടരുമെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് അധികൃതര്‍ ഇതിനകം തന്നെ കപ്പലിലെ ക്രൂ അംഗങ്ങളുമായി അഭിമുഖം ആരംഭിക്കുകയും അവരുടെ അന്വേഷണത്തിന്റെ ഭാഗമായി രേഖകളും യാത്ര ഡാറ്റ റെക്കോര്‍ഡര്‍ എക്‌സ്ട്രാക്റ്റുകളും ശേഖരിക്കുകയും ചെയ്തു.
കപ്പല്‍ ജീവനക്കാര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ കാരണമാണ് കപ്പലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തതെന്ന്് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
നാവികരുടെ സാഹചര്യങ്ങള്‍ അവരുടെ രണ്ട് യൂണിയനുകളായ സിംഗപ്പൂര്‍ മാരിടൈം ഓഫീസേഴ്‌സ്, സിംഗപ്പൂര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സീമന്‍ എന്നിവയുടെ ശ്രദ്ധ ആകര്‍ഷിച്ചു.
നാവികരുടെ മൊബൈല്‍ ഫോണുകള്‍ വേഗത്തില്‍ തിരികെ നല്‍കണമെന്നും അതുവഴി അവര്‍ക്ക് അവരുടെ കുടുംബവുമായി ബന്ധപ്പെടാനും ബില്ലുകള്‍ അടയ്ക്കുന്നത് പോലുള്ള മറ്റ് ക്രമീകരണങ്ങള്‍ വീട്ടിലിരുന്ന് നടത്താനും കഴിയണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു.
അന്വേഷണം എത്രത്തോളം നീണ്ടുനിന്നാലും ക്രൂ അംഗങ്ങളുടെ അവകാശങ്ങളും അവരുടെ ക്ഷേമവും ലംഘിക്കപ്പെടരുതെന്ന് സീഫറേഴ്‌സ് ഇന്റര്‍നാഷണല്‍ യൂണിയന്‍ പ്രസിഡന്റ് ഡേവ് ഹെയ്ന്‍ഡെല്‍ ഊന്നിപ്പറഞ്ഞു.
ബാള്‍ട്ടിമോറില്‍ 7 ആഴ്ചയായി കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകളും തടസപ്പെട്ടു
