ഖാലിസ്ഥാനി ഭീകരന്‍ പന്നൂനെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ പൗരന്റെ കുറ്റസമ്മതം

ഖാലിസ്ഥാനി ഭീകരന്‍ പന്നൂനെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ പൗരന്റെ കുറ്റസമ്മതം


വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തില്‍ ഖാലിസ്ഥാനി ഭീകരന്‍ പന്നൂനെ വധിക്കാന്‍ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് കുറ്റം ചുമത്തപ്പെട്ട ഇന്ത്യന്‍ പൗരന്‍ മൂന്ന് ക്രിമിനല്‍ കുറ്റങ്ങള്‍ സമ്മതിച്ചതായി മാന്‍ഹട്ടനിലെ യു എസ് അറ്റോര്‍ണി ഓഫീസിന്റെ വക്താവ് അറിയിച്ചു.

54കാരനായ നിഖില്‍ ഗുപ്തയാണ് കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സമ്മതിച്ചത്.  ഈ കുറ്റങ്ങള്‍ക്ക് പരമാവധി 40 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് വക്താവ് വ്യക്തമാക്കി.

മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ യു എസ് മജിസ്‌ട്രേറ്റ് ജഡ്ജി സാറ നെറ്റ്‌ബേണ്‍ മുമ്പാകെയാണ് ഗുപ്ത കുറ്റസമ്മതം രേഖപ്പെടുത്തിയത്.

2024 ജൂണില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് അമേരിക്കക്ക് കൈമാറിയ ഗുപ്ത ബ്രൂക്ക്‌ലിനിലാണ് തടവില്‍ കഴിയുന്നത്. അതിനും ഒരു വര്‍ഷം മുമ്പാണ് ഗുപ്ത ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലായത്. അമേരിക്കയിലേക്ക് കൈമാറപ്പെട്ട ഉടന്‍ ഗുപ്ത കുറ്റം നിഷേധിച്ചിരുന്നു.

യു എസില്‍ താമസിക്കുന്ന യു എസ്- കാനഡ ഇരട്ട പൗരത്വമുള്ള ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഗുപ്ത ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി ചേര്‍ന്നുവെന്നാണ് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. എന്നാല്‍ പന്നൂനെതിരായ ഏതെങ്കിലും ഗൂഢാലോചനയില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും അത്തരം നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.