അമേരിക്കയിലെ ഇല്ലിനോയ് സംസ്ഥാനത്തിലെ യു.എസ്. സെനറ്റ് സീറ്റിനായുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പ് രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാകുന്നു. ദീർഘകാലം സെനറ്ററായിരുന്ന ഡിക് ഡർബിൻ വിരമിച്ചതോടെയാണ് പുതിയ തെരഞ്ഞെടുപ്പിന് വഴിതുറന്നത്.
ഈ മത്സരത്തിലെ പ്രധാന സ്ഥാനാർത്ഥികളായി രാജ കൃഷ്ണമൂർത്തി, ജൂലിയാന സ്ട്രാറ്റൺ, റോബിൻ കെല്ലി എന്നിവർ രംഗത്തുണ്ട്. തിരഞ്ഞെടുപ്പിൽ ജെ.ബി പ്രിറ്റ്‌സകറിന്റെ പങ്കും ശ്രദ്ധേയമാണ്. തന്റെ ദീർഘകാല രാഷ്ട്രീയ സഹപ്രവർത്തകയായ സ്ട്രാറ്റണിനെ പിന്തുണയ്ക്കാൻ അദ്ദേഹം വ്യക്തിപരമായ സമ്പത്തിൽ നിന്ന് കോടിക്കണക്കിന് ഡോളർ ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഇത് സ്ട്രാറ്റണിന്റെ പ്രചാരണത്തിന് വലിയ പിന്തുണയായെങ്കിലും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ മത്സരം കൂടുതൽ കടുപ്പമുള്ളതാക്കി. പ്രത്യേകിച്ച് സംസ്ഥാനത്തിലെ കറുത്ത വർഗ്ഗ വോട്ടർമാരുടെ പിന്തുണ നേടാൻ സ്ട്രാറ്റണും കെല്ലിയും ശ്രമിക്കുന്നതിനാൽ ആ വോട്ടുകൾ വിഭജിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഈ സാഹചര്യത്തിലാണ് ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് എന്ന സംഘടന രംഗത്തെത്തിയത്. സംഘടനയുടെ പിന്തുണ രാജ കൃഷ്ണമൂർത്തിയ്ക്ക് ലഭിച്ചതോടെ മത്സരത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുങ്ങി. കുടിയേറ്റം, സാമ്പത്തിക പ്രശ്‌നങ്ങൾ, കൂടാതെ ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്കെതിരായ നിലപാടുകൾ എന്നിവയിലൂടെ കൃഷ്ണമൂർത്തി ഇന്ത്യൻഅമേരിക്കൻ സമൂഹത്തിന്റെ ശക്തമായ പിന്തുണ നേടുന്നുവെന്നാണ് സംഘടനയുടെ വിലയിരുത്തൽ.
സംഘടനയുടെ രാഷ്ട്രീയ വിഭാഗമായ ദി ഇംപാക്ട് ഫണ്ട് ഈ വർഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്ക് ഏകദേശം ഒരു മില്യൺ ഡോളർ ചെലവഴിച്ചതായി ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു. സ്ട്രാറ്റണിനെ വിമർശിക്കുന്ന ഡിജിറ്റൽ പരസ്യങ്ങൾ ഉൾപ്പെടെ വിവിധ രീതികളിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും കൃഷ്ണമൂർത്തിയെയും കെല്ലിയെയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
കെല്ലിയെയും സ്ട്രാറ്റണിനെയും പിന്തുണയ്ക്കുന്ന വോട്ടുകൾ വിഭജിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത് കൃഷ്ണമൂർത്തിക്ക് പരോക്ഷമായി നേട്ടമാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതിനാൽ ഇല്ലിനോയ്് സെനറ്റ് തിരഞ്ഞെടുപ്പ് അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ പ്രൈമറി മത്സരങ്ങളിലൊന്നായി മാറുകയാണ്.
ഇല്ലിനോയ് സെനറ്റ് തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജനായ രാജ കൃഷ്ണമൂർത്തിക്ക് ശക്തമായ പിന്തുണ
