മിന്നിപൊളിസില്‍ സാന്നിധ്യം വര്‍ധിപ്പിച്ച് ഐ സി ഇ

മിന്നിപൊളിസില്‍ സാന്നിധ്യം വര്‍ധിപ്പിച്ച് ഐ സി ഇ


മിന്നിപൊളിസ്: ഐ സി ഇ ഏജന്റുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മിന്നിപൊളിസില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യു എസ് അധികൃതര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി ബി പി) വിഭാഗത്തിലെ ആയിരത്തിലേറെ ഏജന്റുമാരെ നഗരത്തില്‍ വിന്യസിക്കാന്‍ സാധ്യതയുണ്ട്. രണ്ട് ഫെഡറല്‍ നിയമപ്രവര്‍ത്തന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നത്.

പുതിയ സംഘത്തിലെ ഏജന്റുമാര്‍ നഗരത്തിലെത്താന്‍ ആരംഭിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ വിന്യാസത്തോടെ ഈ മാസം ആദ്യം മിന്നിപൊളിസിലേക്കയച്ചിരുന്ന രണ്ടായിരം ഫെഡറല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.

മിന്നിപൊളിസില്‍ ഐ സി ഇയുമായി ബന്ധപ്പെട്ട സംഭവത്തിനിടെയാണ് 37 വയസുള്ള യു എസ് വനിതയും മൂന്ന് കുട്ടികളുടെ മാതാവുമായ റിനീ ഗുഡ് വെടിയേറ്റ് മരിച്ചത്. ഈ വെടിവെപ്പ്, ഫെഡറല്‍ അധികാരികളും നഗര- സംസ്ഥാന ഭരണകൂടങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ കൂടുതല്‍ രൂക്ഷമാക്കി. ഫെഡറല്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമപ്രവര്‍ത്തന തന്ത്രത്തെ നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ദേശീയതലത്തില്‍ നടപ്പാക്കുന്ന കുടിയേറ്റ നടപടികളുടെ ഭാഗമായി സോമാലി വംശജരായ മിനസോട്ടക്കാരെ ലക്ഷ്യമിട്ട് നടപടികള്‍ വ്യാപിപ്പിച്ചതോടെയാണ് സംഘര്‍ഷം വര്‍ധിച്ചത്. ഫെഡറല്‍ ഏജന്‍സികള്‍ പ്രാദേശിക പൊലീസുമായി കൂടുതല്‍ ഏകോപനം പുലര്‍ത്തുകയോ നഗരത്തില്‍ നിന്ന് പിന്മാറുകയോ ചെയ്യണമെന്ന് പ്രാദേശിക നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ കടുത്ത പ്രതികരണമാണ് നല്‍കിയത്.

സംഭവത്തെക്കുറിച്ച് ആഭ്യന്തര സുരക്ഷാ വകുപ്പ് ശനിയാഴ്ച വെടിവെപ്പിന് മുന്‍പ് നടന്ന മൂന്ന് മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദൃശ്യങ്ങളില്‍ റിനീ ഗുഡിന്റെ മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം ഭാഗികമായി ഒരു റോഡ് തടഞ്ഞുനില്‍ക്കുന്നതും ഫെഡറല്‍ ഏജന്റുമാരുടേതെന്ന് കരുതുന്ന നിരവധി വാഹനങ്ങള്‍ അതിന് പിന്നില്‍ നിര്‍ത്തിയിരിക്കുന്നതും കാണാം.

ദൃശ്യങ്ങളോടൊപ്പം പുറത്തിറക്കിയ പ്രസ്താവനയില്‍ തെളിവുകള്‍ ഹാജരാക്കാതെ ഗുഡ് രാവിലെ മുഴുവന്‍ നിയമപ്രവര്‍ത്തന ഓപ്പറേഷന്‍ തടസ്സപ്പെടുത്തുകയും പിന്തുടരുകയും ചെയ്തിരുന്നു എന്നാണ് ഡി എച്ച് എസ് ആരോപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ ഇനിയും പുറത്തുവരുന്നുണ്ട്. എന്നാല്‍ വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചോദ്യങ്ങള്‍ ഇതുവരെയും മറുപടിയില്ലാതെ തുടരുകയാണ്.