എ ഐ രംഗത്ത് വമ്പന്‍ മുന്നേറ്റം; ഓപ്പണ്‍എഐയെ മറികടന്ന് ആന്ത്രോപിക്

എ ഐ രംഗത്ത് വമ്പന്‍ മുന്നേറ്റം; ഓപ്പണ്‍എഐയെ മറികടന്ന് ആന്ത്രോപിക്


കാലിഫോര്‍ണിയ: അതിവേഗം വളരുന്ന നിര്‍മിത ബുദ്ധി (എ ഐ) രംഗത്ത് വമ്പന്‍ നേട്ടവുമായി ആന്ത്രോപിക്. പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 65 ബില്യണ്‍ ഡോളര്‍ സമാഹരിച്ച കമ്പനി ഇപ്പോള്‍ 965 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തി. ഇതോടെ 

ഓപ്പണ്‍ എഐയേയും അതിന്റെ ജനപ്രിയ എ ഐ പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടിയെയും മറികടന്നിരിക്കുകയാണ് ആന്ത്രോപിക്.

മുന്‍ ഓപ്പണ്‍എഐ ഉദ്യോഗസ്ഥനായ ദാരിയോ അമോഡയ് നയിക്കുന്ന ആന്ത്രോപിക് അത്യാധുനിക കോഡിംഗ് സംവിധാനങ്ങളും ശക്തമായ എ ഐ മോഡലുകളും കൊണ്ടാണ് ശ്രദ്ധ നേടിയത്. ഉപഭോക്തൃ കേന്ദ്രീകൃത ഉത്പന്നങ്ങള്‍ക്കുപകരം സ്ഥാപനങ്ങള്‍ക്കായുള്ള എ ഐ പരിഹാരങ്ങളിലായിരുന്നു കമ്പനിയുടെ പ്രധാന ശ്രദ്ധ. ഇതാണ് ആന്ത്രോപിക്കിനെ മറ്റ് എ ഐ കമ്പനികളില്‍നിന്ന് വ്യത്യസ്തമാക്കിയത്.

ഓപ്പണ്‍എഐയില്‍ നിന്ന് പിരിഞ്ഞുപോയ മുന്‍ ജീവനക്കാരാണ് ആന്ത്രോപിക് സ്ഥാപിച്ചത്. എ ഐ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും കമ്പനി ശക്തമായി മുന്നേറുകയാണ്.

നിലവിലെ ആവശ്യകത നിറവേറ്റാനും ഗവേഷണ രംഗത്ത് മുന്നില്‍ തുടരാനും ക്ലോഡ് എ ഐയെ കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാനുമാണ് പുതിയ നിക്ഷേപം സഹായിക്കുകയെന്ന് ആന്ത്രോപിക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൃഷ്ണ റാവു പറഞ്ഞു.

മാര്‍ച്ചില്‍ 852 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ഓപ്പണ്‍എഐയെ മറികടന്നിരിക്കുകയാണ് ആന്ത്രോപികിന്റെ നിലവിലെ മൂല്യം. ഈ വര്‍ഷം തന്നെ ഇരു കമ്പനികളും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാനിടയുണ്ടെന്നാണ് വ്യവസായ നിരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം, സ്‌പേസ് എക്‌സ് കമ്പനി ഈ വര്‍ഷം ജൂണ്‍ 12ന് തന്നെ പബ്ലിക് ട്രേഡിങ്ങിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 1.75 ട്രില്യണ്‍ ഡോളര്‍ മൂല്യം ലക്ഷ്യമിടുന്ന ഈ നീക്കം ചരിത്രത്തിലെ ഏറ്റവും വലിയ ഐ പി ഒയായി മാറാനിടയുണ്ട്.

ആള്‍ട്ടിമീറ്റര്‍ ക്യാപിറ്റല്‍, ഡ്രാഗണീര്‍, ഗ്രീനോക്സ്, സെക്വോയ ക്യാപിറ്റല്‍ എന്നിവ ഉള്‍പ്പെടുന്ന സിലിക്കണ്‍ വാലിയിലെ പ്രമുഖ നിക്ഷേപകരാണ് ആന്ത്രോപിക്കിന്റെ പുതിയ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. കൂടാതെ ആമസോണ്‍ ഉള്‍പ്പെടെയുള്ള ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനികളില്‍നിന്ന് 15 ബില്യണ്‍ ഡോളറിന്റെ മുന്‍കൂര്‍ നിക്ഷേപവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

മൈക്രോണ്‍ ടെക്‌നോളജി, സാംസങ്, എസ് കെ ഹൈനിക്‌സ് എന്നീ ചിപ്പ് നിര്‍മാണ കമ്പനികളും തന്ത്രപ്രധാന പങ്കാളികളായി ഫണ്ടിംഗില്‍ പങ്കെടുത്തു. എ ഐ വികസനത്തില്‍ സെമികണ്ടക്ടര്‍ കമ്പനികളുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ആന്ത്രോപിക്കിന്റെ 'ക്ലൗഡെ' എ ഐ മോഡല്‍ ലോകത്തിലെ മൂന്ന് പ്രധാന ക്ലൗഡ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ വെസ് സര്‍വീസസ്, ഗൂഗ്ള്‍ ക്ലൗഡ്, മൈക്രോസോഫ്റ്റ് അസൂര്‍ എന്നിവയില്‍ ലഭ്യമായ ആദ്യ 'ഫ്രണ്ടിയര്‍ എ ഐ' മോഡലാണെന്നും കമ്പനി അറിയിച്ചു.

ഇതിനിടെ, അമേരിക്കന്‍ പ്രതിരോധ വകുപ്പുമായി ആന്ത്രോപിക് നിയമ പോരാട്ടവും തുടരുകയാണ്. സപ്ലൈ ചെയിന്‍ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ യു എസ് പ്രതിരോധ വിഭാഗത്തിനെതിരെ കമ്പനി കോടതിയെ സമീപിച്ചു. നിയന്ത്രണങ്ങളില്ലാത്ത എ ഐ പ്രവേശനം സൈന്യത്തിന് അനുവദിക്കാന്‍ വിസമ്മതിച്ചതിന്റെ പ്രതികാര നടപടിയാണിതെന്ന് ആന്ത്രോപിക് ആരോപിക്കുന്നു.

കമ്പനിയുടെ പുതിയ എ ഐ മോഡലായ മിതോസ്  അതിവിപുലമായ സൈബര്‍ സുരക്ഷാ ശേഷി പ്രകടിപ്പിച്ചുവെന്നും അതിനാല്‍ പൊതുജനങ്ങള്‍ക്കായി പുറത്തിറക്കാതെ തെരഞ്ഞെടുത്ത സുരക്ഷാ പങ്കാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.