കരാക്കാസില്‍ നിന്ന് ഗ്വാണ്ടനാമോ വഴി ന്യൂയോര്‍ക്ക്: മഡൂറോയെ യുഎസിലെത്തിച്ച അത്യന്തം രഹസ്യ ദൗത്യം

കരാക്കാസില്‍ നിന്ന് ഗ്വാണ്ടനാമോ വഴി ന്യൂയോര്‍ക്ക്: മഡൂറോയെ യുഎസിലെത്തിച്ച അത്യന്തം രഹസ്യ ദൗത്യം


ന്യൂയോര്‍ക്ക് :  വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസിലെത്തിച്ചത് കര്‍ശന സുരക്ഷയോടെയും പടിപടിയായ സൈനിക നീക്കങ്ങളോടെയും കൂടിയ അത്യന്തം രഹസ്യ ദൗത്യത്തിലൂടെയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അറസ്റ്റിന് പിന്നാലെ, 2,100 മൈല്‍ (3,300 കിലോമീറ്റര്‍) ദൂരം കടന്നാണ് മഡൂറോയെ ന്യൂയോര്‍ക്കിലെത്തിച്ചത്.

വെനിസ്വേലയുടെ തലസ്ഥാനമായ കരാക്കാസില്‍ നിന്നാണ് മഡൂറോയെ ആദ്യം യുഎസ് ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്. തുടര്‍ന്ന്, കരീബിയന്‍ കടലിലെ വെളിപ്പെടുത്താത്ത സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന യുഎസ് നാവിക കപ്പല്‍ USS Iwo Jima യിലേക്ക് എത്തിച്ചു.

അവിടെ നിന്ന് മഡൂറോയെ വീണ്ടും ഹെലികോപ്റ്ററില്‍ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലേക്ക് മാറ്റി. ഗ്വാണ്ടനാമോയില്‍ നിന്ന് മറ്റൊരു വിമാനത്തിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹത്തെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലുള്ള സ്റ്റുവര്‍ട്ട് എയര്‍ഫോഴ്‌സ് ബേസിലേക്ക് കൊണ്ടുവന്നത്.

അവസാന ഘട്ടത്തില്‍, സ്റ്റുവര്‍ട്ട് ബേസില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാറ്റിയ മഡൂറോയെ, മാന്‍ഹാറ്റന്റെ പടിഞ്ഞാറന്‍ ഭാഗത്തെ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി (DEA) ആസ്ഥാനത്ത് ഔദ്യോഗികമായി അറസ്റ്റ്‌ചെയ്തു.

അറസ്റ്റിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കിയ ഈ നീക്കം, വെനിസ്വേല-യുഎസ് ബന്ധങ്ങളില്‍ പുതിയ പ്രതിസന്ധിക്ക് വഴിതെളിച്ചിരിക്കുകയാണ്.