ഐഡഹോ: അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന 'ഗൺഫൈറ്റർ സ്‌കൈസ് എയർ ഷോ'യ്ക്കിടെ ആകാശത്ത് കൂട്ടിയിടിച്ച് തകർന്ന രണ്ട് യുഎസ് നേവി യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചെങ്കിലും വിമാനങ്ങളിലുണ്ടായിരുന്ന നാല് പൈലറ്റുമാരും സമയോചിതമായി പാരഷൂട്ടിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
വാഷിങ്ടൺ സംസ്ഥാനത്തെ വിഡ്ബി ഐലൻഡിൽ നിന്നുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രൺ 129നു കീഴിലുള്ള രണ്ട് EA-18G ഗ്രൗളർ വിമാനങ്ങളാണ് എയർ ഷോയുടെ ഭാഗമായി ആകാശപ്രകടനം നടത്തുന്നതിനിടെ കൂട്ടിയിടിച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.10ഓടെയായിരുന്നു അപകടം.
ആകാശത്ത് നിയന്ത്രണം നഷ്ടപ്പെട്ട വിമാനങ്ങൾ തീപിടിച്ച് താഴേക്ക് പതിക്കുന്നതും കറുത്ത പുക ഉയരുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. അപകടത്തിനു പിന്നാലെ 'നാല് പാരഷൂട്ടുകളും സുരക്ഷിതമായി തുറന്നതായി' എയർ ഷോ അവതാരകൻ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും എയർഫോഴ്‌സ് ബേസ് അധികൃതർ അറിയിച്ചു. നാല് പൈലറ്റുമാരെയും മെഡിക്കൽ സംഘങ്ങൾ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് എയർ ഷോ റദ്ദാക്കി.
മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ എട്ട് വർഷങ്ങൾക്ക് ശേഷമാണ് 'ഗൺഫൈറ്റർ സ്‌കൈസ് എയർ ഷോ' വീണ്ടും സംഘടിപ്പിച്ചത്. വ്യോമപ്രകടനങ്ങൾക്കൊപ്പം സാങ്കേതിക, ശാസ്ത്ര, ചരിത്ര പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു.
ഇതിനുമുമ്പും ഈ എയർ ഷോയ്ക്കിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2018ൽ ഹാങ് ഗ്ലൈഡർ അപകടത്തിൽ ഒരു പൈലറ്റ് മരിച്ചിരുന്നു. 2003ൽ തണ്ടർബേർഡ് വിമാനം തകർന്നുവീണപ്പോഴും പൈലറ്റ് പാരഷൂട്ടിലൂടെ രക്ഷപ്പെട്ടിരുന്നു.
ആകാശത്ത് യുഎസ് നേവി യുദ്ധവിമാനങ്ങളുടെ കൂട്ടിയിടി; നാല് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു
