ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നികുതി ഇളവ് നീട്ടല്‍: വോട്ടെടുപ്പിന് വഴിയടച്ച് റിപ്പബ്ലിക്കന്‍ നേതൃത്വം; മിതവാദികള്‍ക്ക് കടുത്ത അതൃപ്തി

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നികുതി ഇളവ് നീട്ടല്‍: വോട്ടെടുപ്പിന് വഴിയടച്ച് റിപ്പബ്ലിക്കന്‍ നേതൃത്വം; മിതവാദികള്‍ക്ക് കടുത്ത അതൃപ്തി


വാഷിംഗ്ടണ്‍: അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (ACA) പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നികുതി ഇളവുകള്‍ ഈ വര്‍ഷം അവസാനം കാലഹരണപ്പെടാനിരിക്കെ, അതിന്റെ കാലാവധി നീട്ടുന്നതിനുള്ള വോട്ടെടുപ്പ് ഈ ആഴ്ച ഹൗസ് ഓഫ് റിപ്രസന്റേറ്റീവ്‌സില്‍ നടക്കില്ലെന്ന തീരുമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മിതവാദി അംഗങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നു.

നികുതി ഇളവുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം ഉള്‍പ്പെടുത്തി ഭേദഗതികള്‍ അവതരിപ്പിക്കാന്‍ മിതവാദി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവസാന നിമിഷം നടത്തിയ ശ്രമം, ഹൗസ് റൂള്‍സ് കമ്മിറ്റി തള്ളിയതോടെയാണ് വിഷയത്തില്‍ വോട്ടെടുപ്പിന് വഴിയടഞ്ഞത്. കഴിഞ്ഞ ആഴ്ച റിപ്പബ്ലിക്കന്‍ നേതൃത്വം പുറത്തിറക്കിയ ആരോഗ്യ പരിഷ്‌കരണ ബില്ലില്‍ ഈ ഇളവുകള്‍ നീട്ടാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച രാത്രി ബില്‍ റൂള്‍സ് കമ്മിറ്റിയുടെ അംഗീകാരം നേടി; ബുധനാഴ്ച ഹൗസില്‍ വോട്ടെടുപ്പ് പ്രതീക്ഷിക്കുന്നു.

ഡിസംബര്‍ 31ന് ശേഷം 2 കോടിയിലധികം അമേരിക്കക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയരാന്‍ ഇടയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി, വോട്ടെടുപ്പ് ഒഴിവാക്കിയതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് മിതവാദികള്‍ തുറന്നടിച്ചു. ആദ്യം ഭേദഗതികള്‍ക്ക് അവസരമില്ലെന്ന് വ്യക്തമാക്കിയ ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, പിന്നീട് മിതവാദികളുമായുള്ള യോഗത്തിന് ശേഷം നിലപാട് ഭാഗികമായി മൃദുവാക്കിയെങ്കിലും, ഒടുവില്‍ ധാരണയിലേക്കെത്താനായില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

'അമേരിക്കന്‍ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ അതീവ ക്രുദ്ധനാണ്. ഇത് പൂര്‍ണ്ണമായും അര്‍ഥശൂന്യമാണ്,' ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം മൈക്ക് ലോലര്‍ പ്രതികരിച്ചു. നികുതി ഇളവുകള്‍ പരിഗണിക്കാതിരിക്കുന്നത് 'വലിയ പിഴവാണെന്നും' തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ഇത് ആയുധമാക്കാന്‍ റിപ്പബ്ലിക്കന്‍ നേതൃത്വം തന്നെ വഴിയൊരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നികുതി ഇളവുകള്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ നീട്ടാനുള്ള ഇരുകക്ഷി പിന്തുണയുള്ള ഡിസ്ചാര്‍ജ് പെറ്റീഷനുകള്‍ക്ക് എല്ലാ ഡെമോക്രാറ്റുകളും പിന്തുണ നല്‍കണമെന്ന് ലോലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യമായ 218 ഒപ്പുകള്‍ ലഭിച്ചാലും, ഏഴ് നിയമസഭാ ദിവസത്തെ കാത്തിരിപ്പ് കാലാവധി കാരണം ഈ വര്‍ഷം തന്നെ വോട്ടെടുപ്പ് നടക്കാനുള്ള സാധ്യത കുറവാണ്. ഈ വര്‍ഷത്തെ ഹൗസിന്റെ അവസാന സമ്മേളന ദിനം വെള്ളിയാഴ്ചയാണ്.

അതേസമയം, മൂന്ന് വര്‍ഷത്തേക്ക് നികുതി ഇളവുകള്‍ നീട്ടാനുള്ള ഡെമോക്രാറ്റിക് ഡിസ്ചാര്‍ജ് പെറ്റീഷന് നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണ മാത്രമാണ് വേണ്ടതെന്ന് ഹൗസ് മൈനോറിറ്റി ലീഡര്‍ ഹകീം ജെഫ്രീസ് വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ റിപ്പബ്ലിക്കന്‍ അംഗം കെവിന്‍ കെയ്‌ലി, ഡെമോക്രാറ്റുകളുടെ പെറ്റീഷനെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പറഞ്ഞു.


'വര്‍ഷാവസാനം എത്തിയപ്പോള്‍ അടിയന്തരമായി തയ്യാറാക്കിയ ഒരു പരിമിത പാക്കേജാണ് ഇത്. ഇത് നിയമമാകാനും സാധ്യതയില്ല, 2.2 കോടി ആളുകള്‍ നേരിടുന്ന അടിയന്തിര ആരോഗ്യ ഇന്‍ഷുറന്‍സ് പ്രതിസന്ധിക്ക് പരിഹാരവുമല്ല,' കെയ്‌ലി വിമര്‍ശിച്ചു. 

'പരിഷ്‌കാരങ്ങളില്ലാത്ത നീട്ടലിനേക്കാള്‍ മോശം ഒന്നേയുള്ളൂ-ഒട്ടും നീട്ടാതിരിക്കുക,' എന്ന് റൂള്‍സ് കമ്മിറ്റി യോഗത്തില്‍ പെന്‍സില്‍വേനിയയിലെ റിപ്പബ്ലിക്കന്‍ അംഗം ബ്രയന്‍ ഫിറ്റ്‌സ്പാട്രിക്, വ്യക്തമാക്കി.