വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ അനുമതി നിർബന്ധമാക്കണമെന്ന പ്രമേയം അമേരിക്കൻ പ്രതിനിധിസഭ തള്ളി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടിരുന്ന ദ്വിപക്ഷ പ്രമേയം പരിഗണിക്കുന്നത് തടയാൻ പ്രതിനിധിസഭയിൽ നടന്ന വോട്ടെടുപ്പിൽ 219 പേർ അനുകൂലിക്കുകയും 212 പേർ എതിർക്കുകയും ചെയ്തു.
ഇറാനെതിരായ ആക്രമണാത്മക സൈനിക നടപടികൾ കോൺഗ്രസിന്റെ അനുമതിയില്ലാതെ തുടരരുതെന്നായിരുന്നു പ്രമേയത്തിന്റെ പ്രധാന ആവശ്യകത. എന്നാൽ ഭൂരിഭാഗം റിപ്പബ്ലിക്കൻ അംഗങ്ങളും ചില ഡെമോക്രാറ്റിക് അംഗങ്ങളും ചേർന്നാണ് പ്രമേയം തടഞ്ഞത്. നാല് ഡെമോക്രാറ്റിക് അംഗങ്ങൾ പാർട്ടി നിലപാടിനെതിരെ വോട്ട് ചെയ്തപ്പോൾ രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.
കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസിയായിരുന്നു പ്രമേയത്തിന്റെ പ്രധാന അവതാരകൻ. കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്നയുമായി ചേർന്നാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. അമേരിക്കൻ ഭരണഘടന പ്രകാരം യുദ്ധം ആരംഭിക്കുന്ന അധികാരം കോൺഗ്രസിനാണെന്ന് മാസി സഭയിൽ ചർച്ചയ്ക്കിടെ വ്യക്തമാക്കി.
1973ലെ 'വാർ പവേഴ്‌സ് റിസല്യൂഷൻ' പ്രകാരം അമേരിക്കയ്‌ക്കെതിരായ ആക്രമണം നടന്നാൽ, യുദ്ധപ്രഖ്യാപനം ഉണ്ടായാൽ അല്ലെങ്കിൽ പ്രത്യേക നിയമാനുമതി ലഭിച്ചാൽ മാത്രമേ പ്രസിഡന്റിന് ഏകപക്ഷീയമായി സൈനിക നടപടി സ്വീകരിക്കാൻ കഴിയൂവെന്ന് മാസി ചൂണ്ടിക്കാട്ടി. 'ഇത്തരം സാഹചര്യങ്ങളൊന്നും ഇപ്പോൾ നിലവിലില്ല,' എന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ രഹസ്യ ബ്രീഫിംഗുകൾക്ക് പിന്നാലെ പ്രസിഡന്റ് ഏകപക്ഷീയമായി നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടെന്ന വാദം വിശ്വസനീയമല്ലെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. 'സൈനിക നടപടി ആവശ്യമായ അടിയന്തര ഭീഷണി ഉണ്ടായിരുന്നുവെന്ന തെളിവ് ഭരണകൂടം അവതരിപ്പിച്ചിട്ടില്ല. ഭരണകൂടത്തിന്റെ യുദ്ധാധികാര അറിയിപ്പിൽ 'അടിയന്തര' എന്ന വാക്ക് പോലും ഇല്ല.'-ന്യൂയോർക്കിൽ നിന്നുള്ള പ്രതിനിധിയും വിദേശകാര്യ സമിതിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗവുമായ ഗ്രിഗറി ഡബ്ല്യു. മീക്‌സ് പറഞ്ഞു.
അതേസമയം പ്രമേയത്തെ എതിർത്ത റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപ് നിയമപരമായ അധികാരപരിധിക്കുള്ളിലാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് വാദിച്ചു. 'ഇറാൻ അമേരിക്കയ്ക്കുള്ള ഭീഷണിയായി കഴിഞ്ഞ നാലുദിവസമോ നാലുമാസമോ നാലുവർഷമോ മാത്രമല്ല, കഴിഞ്ഞ നാല്പത് വർഷമായി തുടരുകയാണ്.' എന്ന് ഫ്‌ളോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയും വിദേശകാര്യ സമിതി അധ്യക്ഷനുമായ ബ്രയൻ മാസ്റ്റ് പറഞ്ഞു.
ഇറാനെതിരായ സൈനിക നടപടിയിൽ ട്രംപിന്റെ അധികാരം നിയന്ത്രിക്കാനുള്ള ശ്രമം അമേരിക്കൻ പ്രതിനിധിസഭ തള്ളി
