70 ബില്യൺ ഡോളർ കുടിയേറ്റ നിയന്ത്രണ ബിൽ പാസാക്കി അമേരിക്കൻ കോൺഗ്രസ്; ട്രംപിന് ശക്തമായ പിന്തുണ

70 ബില്യൺ ഡോളർ കുടിയേറ്റ നിയന്ത്രണ ബിൽ പാസാക്കി അമേരിക്കൻ കോൺഗ്രസ്; ട്രംപിന് ശക്തമായ പിന്തുണ


വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറ്റ നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി 70 ബില്യൺ ഡോളറിന്റെ (ഏകദേശം 6 ലക്ഷം കോടി രൂപ) പ്രത്യേക ധനസഹായ ബിൽ യു.എസ്. പ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) പാസാക്കി. 214-212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് ബിൽ അംഗീകാരം നേടിയത്. ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പോടെ ഇത് നിയമമാകും.

ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നതുവരെ കുടിയേറ്റഅതിർത്തി സുരക്ഷാ ഏജൻസികളായ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE), കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) എന്നിവയ്ക്ക് ആവശ്യമായ ഫണ്ട് ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ബില്ലിൽ ഐസിഇ യ്ക്ക് 38 ബില്യൺ ഡോളറും ബോർഡർ പട്രോളിന് 26 ബില്യൺ ഡോളറും മറ്റ് അടിയന്തര ചെലവുകൾക്കായി 5 ബില്യൺ ഡോളറും അനുവദിച്ചിട്ടുണ്ട്. 

കുടിയേറ്റ നിയമനടപടികളുമായി ബന്ധപ്പെട്ട് ഫെഡറൽ ഏജന്റുമാരുടെ നടപടികളിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഡെമോക്രാറ്റുകൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. ഐസിഇ യുടെയും സിബിപിയുടെയും പ്രവർത്തനരീതിയിൽ പരിഷ്‌കാരങ്ങൾ വേണമെന്ന ആവശ്യവുമായി അവർ ധനസഹായം തടഞ്ഞതോടെ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ഭാഗിക പ്രവർത്തനം മാസങ്ങളോളം പ്രതിസന്ധിയിലായിരുന്നു. 

ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാതെയും ബിൽ പാസാക്കാൻ കഴിയുന്ന 'റീക്കൺസിലിയേഷൻ' നിയമനടപടി ഉപയോഗിച്ചാണ് റിപ്പബ്ലിക്കൻ പാർട്ടി ബിൽ മുന്നോട്ട് കൊണ്ടുപോയത്. കഴിഞ്ഞ ആഴ്ച സെനറ്റും 52-47 വോട്ടിനാണ് ബിൽ അംഗീകരിച്ചത്. എല്ലാ ഡെമോക്രാറ്റ് അംഗങ്ങളും ബില്ലിനെ എതിർത്തിരുന്നു. 

ബിൽ പാസായതിന് പിന്നാലെ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ഡെമോക്രാറ്റുകളെ വിമർശിച്ചു. കോൺഗ്രസിലെ നീണ്ട രാഷ്ട്രീയ തർക്കത്തിന് ഇതോടെ വിരാമമായെന്നും ട്രംപിന്റെ കുടിയേറ്റ നയങ്ങൾ നടപ്പാക്കാൻ ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പായെന്നും അദ്ദേഹം വ്യക്തമാക്കി.