വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൈകാര്യം സംബന്ധിച്ച് യു.എസ്. അറ്റോർണി ജനറൽ പാം ബോണ്ടിയെ ചോദ്യം ചെയ്യുന്നതിന് സമൻസ് അയക്കാൻ തീരുമാനമെടുത്ത് ഹൗസ് മേൽനോട്ട സമിതി (House Oversight Committee). ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ 24-19 എന്ന ഭൂരിപക്ഷത്തിൽ ഈ പ്രമേയം പാസായി. അടച്ചിട്ട മുറിയിൽ രഹസ്യമായി കൂടുന്ന 'സമിതിയോഗത്തിനു മുന്നിൽ സത്യവാങ്മൂലം നൽകി മൊഴി നൽകാൻ ബോണ്ടി ഹാജരാകണമെന്നതാണ് ആവശ്യം.'
എപ്സ്റ്റീൻ കേസിലെ ഫയലുകൾ പുറത്തുവിടുന്നതിൽ നീതി വകുപ്പ് (Department of Justice – DOJ) 42 ദിവസത്തെ താമസം വരുത്തിയതിനെ തുടർന്ന് ഇരു പാർട്ടികളിലെയും അംഗങ്ങൾ ബോണ്ടിയുടെ മൊഴി ആവശ്യപ്പെട്ടിരുന്നു. ഈ വർഷം 30 ലക്ഷത്തിലധികം രേഖകൾ പുറത്തുവിട്ടെങ്കിലും, വകുപ്പിന്റെ കസ്റ്റഡിയിലുള്ള ഫയലുകളുടെ പകുതിയോളം മാത്രമാണിതെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.
പുറത്തുവിട്ട രേഖകളിൽ ഇരകളുടെ തിരിച്ചറിയൽ വിവരങ്ങൾ സംരക്ഷിക്കാത്തതിലും, എപ്സ്റ്റീൻ ട്രാൻസ്പാരൻസി ആക്ട് പ്രകാരം മറച്ചുവെക്കേണ്ട ചിത്രങ്ങൾ പുറത്തുവിട്ടതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതേസമയം, ഇരകളല്ലാത്ത ചിലരുടെ പേരുകൾ മറച്ചുവെച്ചതും വിവാദമായി. ഇതോടെ കേസ് കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടം മറച്ചുപിടിക്കൽ നയം സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയർന്നു.
'നീതി വകുപ്പിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അമേരിക്കൻ ജനങ്ങൾക്ക് നിരവധി സംശയങ്ങളുണ്ടെന്ന് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റിക് അംഗമായ റോബർട്ട് ഗാർസിയ പറഞ്ഞു. ഫയലുകളുടെ പുറത്തുവിടൽ, പരസ്യപ്പെടുത്തൽ, ഇരകളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച് ബോണ്ടി നേരിട്ട് മറുപടി പറയണം.' എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ അംഗം നാൻസി മെയ്‌സ് ആണ് പ്രമേയം അവതരിപ്പിച്ചത് . പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പാർട്ടി നേതൃത്വത്തിന്റെയും നിലപാടിൽ നിന്ന് വ്യത്യസ്തമായി അവർ ഈ നീക്കത്തിന് പിന്തുണ നൽകുകയായിരുന്നു. ലോറൻ ബോബർട്ട് , ടിം ബർചെറ്റ് , മൈക്കൽ ക്ലൗഡ് , സ്‌കോട്ട് പെറി എന്നീ റിപ്പബ്ലിക്കൻ അംഗങ്ങളും ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു.
ഇതിനിടെ, ബോണ്ടി സ്വകാര്യ ബ്രീഫിംഗ് നൽകാമെന്ന് അറിയിച്ചതായി കമ്മിറ്റിയുടെ ചെയർമാൻ ജെയിംസ് കോമർ പറഞ്ഞു. എന്നാൽ, അത് മാത്രം പോരാ എന്ന് സമൻസ് ആവശ്യപ്പെട്ട അംഗങ്ങൾ പറഞ്ഞു.
ഈ നീക്കം പാർട്ടി രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ലെന്ന് എപ്സ്റ്റീൻ ട്രാൻസ്പാരൻസി ആക്ടിന്റെ സഹപ്രായോജകനായ കാലിഫോർണിയയിലെ ഡെമോക്രാറ്റിക് അംഗം റോ ഖന്ന പറഞ്ഞു. 'ഇത് പരസ്യതയെക്കുറിച്ചുള്ള വിഷയമാണ്. ലൈംഗിക പീഡനക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്,' ഖന്ന വ്യക്തമാക്കി.
ഇതിനൊപ്പം, എപ്സ്റ്റീന്റെ സഹപ്രതിയായ ഘിസ്ലെയ്ൻ മാക്‌സ് വെല്ലിനെ ടെക്‌സസിലെ മിനിമം സുരക്ഷാ ജയിലിലേക്ക് മാറ്റിയത് ആരുടെ അനുമതിയോടെയാണെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാൻഷുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മാറ്റം നടന്നത്. എന്നാൽ ഈ മാറ്റത്തിന് താൻ വ്യക്തിപരമായി അനുമതി നൽകിയിട്ടില്ലെന്ന് ബോണ്ടി നേരത്തെ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയോട് വ്യക്തമാക്കിയിരുന്നു.
ബോണ്ടിയുടെ രഹസ്യമൊഴിയെടുക്കൽ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതേസമയം, ബിൽ ഗേറ്റ്‌സ് , കാത്രിൻ റുമ്ലർ ഉൾപ്പെടെ എപ്സ്റ്റീനുമായി ബന്ധമുള്ള ഏഴ് പേർക്ക് കൂടി ട്രാൻസ്‌ക്രൈബ് ചെയ്ത അഭിമുഖത്തിനായി കത്ത് അയച്ചതായി കോമർ അറിയിച്ചു. കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് അടച്ചിട്ട യോഗത്തിൽ ഈ മാസം അവസാനം മൊഴി നൽകും എന്നാണ് വിവരം.
എപ്സ്റ്റീൻ കേസ്: പാം ബോണ്ടിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ച് ഹൗസ് മേൽനോട്ട സമിതി
