ട്രംപിനെ അധികാരത്തിലേക്കുയർത്തിയ ലാറ്റിനോ വോട്ടർമാർക്കിടയിൽ അതൃപ്തി; സമ്പദ്‌വ്യവസ്ഥയും കുടിയേറ്റ നയവും ആശങ്കയായി

ട്രംപിനെ അധികാരത്തിലേക്കുയർത്തിയ ലാറ്റിനോ വോട്ടർമാർക്കിടയിൽ അതൃപ്തി; സമ്പദ്‌വ്യവസ്ഥയും കുടിയേറ്റ നയവും ആശങ്കയായി

2024 തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് ഫ്‌ളോറിഡയില്‍ നടത്തിയ ലാറ്റിനോ ഉച്ചകോടിയില്‍ ട്രംപ്‌


വാഷിംഗ്ടൺ: 2024ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കാൻ നിർണായക പങ്കുവഹിച്ച ലാറ്റിനോ വോട്ടർമാരിൽ ഒരു വിഭാഗം ഇപ്പോൾ അതൃപ്തി പ്രകടിപ്പിക്കുന്നതായി പുതിയ സർവേകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. സമ്പദ്‌വ്യവസ്ഥയും വിലക്കയറ്റവുമായിരുന്നു ട്രംപിന് പിന്തുണ നൽകാൻ പലരെയും പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. എന്നാൽ അധികാരത്തിലെത്തി ഒരു വർഷം പിന്നിടുമ്പോൾ, അതേ വിഷയങ്ങളിലാണ് നിരാശ ഉയരുന്നത്.

2024 തിരഞ്ഞെടുപ്പിൽ ലാറ്റിനോ വോട്ടുകളുടെ 46 ശതമാനം ട്രംപിന് ലഭിച്ചു. യുഎസ് ചരിത്രത്തിൽ ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും ഉയർന്ന ലാറ്റിനോ പിന്തുണയായിരുന്നു ഇത്. എന്നാൽ സിബിഎസ് ന്യൂസ് നടത്തിയ പുതിയ സർവേ പ്രകാരം ട്രംപിനുള്ള ലാറ്റിനോ പിന്തുണ ഇപ്പോൾ 38 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയിൽ ഇത് 49 ശതമാനമായിരുന്നു.

ലാറ്റിനോ സമൂഹം യുഎസിൽ 36 ദശലക്ഷത്തിലധികം ആളുകളുള്ള ഏറ്റവും വലിയ ന്യൂനപക്ഷ വോട്ട്‌ബ്ലോക്കാണ്. പ്യൂ റിസർച് സർവേ അനുസരിച്ച്, ട്രംപിന് വോട്ട് ചെയ്ത ലാറ്റിനോകളിൽ 93 ശതമാനവും സമ്പദ്‌വ്യവസ്ഥയെയാണ് പ്രധാന പ്രശ്‌നമായി കണ്ടത്. എന്നാൽ ഇപ്പോൾ  61 ശതമാനം പേർ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയിലും 69 ശതമാനം പേർ വിലക്കയറ്റ നിയന്ത്രണത്തിലും ട്രംപ് പരാജയപ്പെട്ടുവെന്നാണ് അഭിപ്രായപ്പെടുന്നത്.
പാൽ, മുട്ട, വീടുകൾ, വാടക എന്നിവയുടെ ഉയർന്ന വില സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പലരും പറയുന്നു. 'വിലകൾ കുറയും എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ അത് സംഭവിച്ചില്ല,' കാലിഫോർണിയയിലെ 74കാരനായ റിയൽ എസ്റ്റേറ്റ് ഏജന്റ് ജോൺ അസേവേദോ പറഞ്ഞു. ജോലിവിപണിയിലെ മന്ദഗതിയും ജീവിതച്ചെലവും ആശങ്ക ഉയർത്തുന്നുവെന്നും സർവേകൾ വ്യക്തമാക്കുന്നു.
കുടിയേറ്റ നയവും ലാറ്റിനോ സമൂഹത്തിൽ ഭിന്നാഭിപ്രായങ്ങൾ സൃഷ്ടിക്കുന്നു. ട്രംപിന്റെ കടുത്ത കുടിയേറ്റ നടപടികളെ 70 ശതമാനം ലാറ്റിനോകളും എതിർക്കുന്നതായി സിബിഎസ് സർവേ പറയുന്നു. ഐസിഇ റെയ്ഡുകളും കൂട്ട നാടുകടത്തലുകളും തൊഴിലിടങ്ങളെയും കുടുംബങ്ങളെയും ബാധിക്കുന്നുവെന്നാണ് വിമർശനം. ചില കർഷക മേഖലകളിൽ തൊഴിലാളികളുടെ അഭാവം മൂലം വിളകൾ നശിക്കുന്ന സാഹചര്യമുണ്ടായെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, അതിർത്തി സുരക്ഷയും നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നടപടികളും പിന്തുണയ്ക്കുന്ന ലാറ്റിനോകളും ഉണ്ട്. എന്നാൽ 'നല്ല ജീവിതം തേടി എത്തിയ നിയമലംഘനമില്ലാത്ത കുടുംബങ്ങളെ ലക്ഷ്യമിടരുത്' എന്ന നിലപാടും ശക്തമാണ്.
രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ, ലാറ്റിനോ വോട്ടർമാർ പാർട്ടികളോട് സ്ഥിരമായ അടുപ്പം പുലർത്തുന്നവരല്ല. സാമ്പത്തിക സമ്മർദങ്ങൾ തുടരുകയാണെങ്കിൽ, വരാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പുകളിൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഈ വിഭാഗത്തിന്റെ പിന്തുണ നിലനിർത്തുന്നത് വെല്ലുവിളിയായേക്കും.