ഇല്ലിനോയിയിലെ ഹിന്ദു ക്ഷേത്ര ആക്രമണപദ്ധതി പൊളിച്ചു; 19കാരന്‍ അറസ്റ്റില്‍

ഇല്ലിനോയിയിലെ ഹിന്ദു ക്ഷേത്ര ആക്രമണപദ്ധതി പൊളിച്ചു; 19കാരന്‍ അറസ്റ്റില്‍


ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്ത് ഹിന്ദു ക്ഷേത്രം ലക്ഷ്യമിട്ട് കൂട്ടവെടിവയ്പ്പ് നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണത്തില്‍ 19കാരന്‍ അറസ്റ്റിലായ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹിന്ദു സംഘടനകള്‍. ഹിന്ദു ആരാധനാലയങ്ങള്‍ക്കും വിശ്വാസസമൂഹങ്ങള്‍ക്കും നേരെയുള്ള ഭീഷണികള്‍ ഗൗരവത്തോടെ കാണണമെന്നും ക്ഷേത്രങ്ങളും വിശ്വാസികളും ജാഗ്രത പാലിക്കണമെന്നും സംഘടനകള്‍ നിര്‍ദേശിച്ചു.

ഇല്ലിനോയിയിലെ അറോറയില്‍ ഹിന്ദു ആരാധനാലയത്തിനു നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും പ്രതികരിച്ചു. ആക്രമണശ്രമം തടയാന്‍ അമേരിക്കന്‍ നിയമപാലകര്‍ സമയോചിതമായി നടപടി സ്വീകരിച്ചതിനെ കോണ്‍സുലേറ്റ് അഭിനന്ദിച്ചു. ഇന്ത്യന്‍ വംശജരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കോണ്‍സുലേറ്റ് എക്‌സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.

പാലറ്റൈന്‍ സ്വദേശിയായ അലക്‌സാണ്ട്രോസ് പപൊറാക്കിസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാലറ്റൈന്‍, മൗണ്ട് പ്രോസ്‌പെക്ട് പൊലീസ് വിഭാഗങ്ങള്‍ എഫ് ബി ഐയുടെ ഷിക്കാഗോ ഫീല്‍ഡ് ഓഫീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഒക്ടോബര്‍ 11ന് ആക്രമണം നടത്താനായിരിക്കാം പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. എന്നാല്‍, ലക്ഷ്യമിട്ട ആരാധനാലയം ഏതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഹിന്ദു മന്ദിര്‍ എംപവര്‍മെന്റ് കൗണ്‍സില്‍ (എച്ച് എം ഇ സി) സംഭവത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും മതസമൂഹങ്ങള്‍ക്കെതിരായ വിദ്വേഷം, അക്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവയെ അപലപിക്കുകയും ചെയ്തു. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്നും ക്ഷേത്രപരിസരങ്ങളില്‍ ജാഗ്രത ശക്തമാക്കണമെന്നും സംഘടന വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

ഒഹായോയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെയുണ്ടായ സമീപകാല ആക്രമണവും സംഘടന ചൂണ്ടിക്കാട്ടി. ഹിന്ദു ആരാധനാലയങ്ങള്‍ക്കെതിരായ ഭീഷണികള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സമൂഹതലത്തില്‍ തുടര്‍ച്ചയായ ജാഗ്രത അനിവാര്യമാണെന്നും എച്ച് എം ഇ സി വ്യക്തമാക്കി.

പാലറ്റൈന്‍ പൊലീസ് വകുപ്പിന്റെ വിശദീകരണമനുസരിച്ച്, പപൊറാക്കിസില്‍നിന്ന് ലഭിച്ച ഇലക്ട്രോണിക് സന്ദേശങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് ഒരാള്‍ അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. കൂട്ടവെടിവയ്പ്പ് നടത്താനുള്ള പദ്ധതിയെന്ന് കരുതുന്ന രേഖയും റൈഫിള്‍, വെടിയുണ്ടകള്‍ നിറച്ച മാഗസിനുകള്‍, ശരീരസംരക്ഷണ കവചം, മറ്റ് തന്ത്രപ്രധാന ഉപകരണങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും ഇയാള്‍ പങ്കുവെച്ചതായി പൊലീസ് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റൈഫിള്‍, വെടിയുണ്ടകള്‍ നിറച്ച നിരവധി മാഗസിനുകള്‍, നൂറുകണക്കിന് അധിക വെടിയുണ്ടകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു. വംശീയ മേധാവിത്വവാദവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളുള്ള ശരീരസംരക്ഷണ കവചവും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.

എഫ് ബി ഐയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പപൊറാക്കിസിന്റേതെന്ന് കരുതുന്ന ഇലക്ട്രോണിക് സന്ദേശങ്ങളും വൈ ഐ ഫോട്ട്: എ കെ എ (അറോറ ഷൂട്ടേഴ്‌സ് മാനിഫെസ്റ്റോ) എന്ന പേരിലുള്ള രേഖയും അന്വേഷണസംഘം പരിശോധിച്ചു. ദക്ഷിണേഷ്യന്‍ വംശജര്‍ക്കും പ്രത്യേകിച്ച് ഇന്ത്യന്‍ വംശജര്‍ക്കുമെതിരായ അക്രമത്തെ പരാമര്‍ശിക്കുന്ന വെള്ളക്കാരുടെ വംശീയ മേധാവിത്വവാദവും തീവ്രവാദ ആശയങ്ങളും രേഖയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസിലെ പ്രോസിക്യൂട്ടര്‍മാരുടെ വാദമനുസരിച്ച്, ടാക്കോ ബെല്‍ ജീവനക്കാരനായ പപൊറാക്കിസ് സഹപ്രവര്‍ത്തകരോട് ഇന്ത്യക്കാര്‍ക്കെതിരെ അക്രമം നടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ആരോപണമുണ്ട്. ഇന്ത്യക്കാര്‍, ജൂതര്‍, കറുത്തവര്‍ഗക്കാര്‍ എന്നിവരെ അപമാനിക്കുന്ന പരാമര്‍ശങ്ങളും കൂട്ടക്കൊല നടത്താനുള്ള പദ്ധതികളും ഉള്‍പ്പെട്ട എട്ടുപേജുള്ള രേഖ ഇയാള്‍ സഹപ്രവര്‍ത്തകനു നല്‍കിയതായും അന്വേഷണസംഘം ആരോപിക്കുന്നു.

പ്രതിയുടെ വസതിയില്‍നിന്ന് സീരിയല്‍ നമ്പറില്ലാത്ത എ ആര്‍ മാതൃകയിലുള്ള റൈഫിള്‍, വെടിയുണ്ടകള്‍ നിറച്ച മാഗസിനുകള്‍, അധിക വെടിയുണ്ടകള്‍, ശരീരസംരക്ഷണ കവചം, വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളുള്ള വസ്തുക്കള്‍, നാസി പ്രതീകങ്ങള്‍ പതിച്ച സാധനങ്ങള്‍ എന്നിവ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

ഭീകരഭീഷണി മുഴക്കിയെന്ന കുറ്റവും 16 ഇഞ്ചില്‍ താഴെ നീളമുള്ള ബാരലുള്ള റൈഫിള്‍ നിയമവിരുദ്ധമായി കൈവശംവെച്ചെന്ന കുറ്റവുമാണ് പപൊറാക്കിസിനെതിരെ ചുമത്തിയിരിക്കുന്നത്. യഥാക്രമം ക്ലാസ് എക്‌സ്, ക്ലാസ് ത്രീ വിഭാഗങ്ങളിലുള്ള കുറ്റങ്ങളാണിവയെന്ന് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 14ന് നടന്ന കോടതി നടപടിക്കുശേഷം പ്രതിയെ കസ്റ്റഡിയില്‍ തുടരാന്‍ ജഡ്ജി ഉത്തരവിട്ടു. അടുത്ത കോടതി ഹാജര്‍ ഒക്ടോബര്‍ 30ന് രാവിലെ ഒമ്പതിനാണ് നിശ്ചയിച്ചിരിക്കുന്നത്.

ആക്രമണം നടത്താന്‍ ശ്രമിച്ച സമയത്ത് തോക്ക് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് പദ്ധതി തടസ്സപ്പെട്ടുവെന്ന വിവരവും പ്രോസിക്യൂട്ടര്‍മാരുടെ ഭാഗത്തുനിന്ന് പുറത്തുവന്നിട്ടുണ്ട്. അന്ന് സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച പ്രതി തോക്ക് ജാം ആയെന്നും സ്ഥലത്തുനിന്ന് വേഗത്തില്‍ രക്ഷപ്പെട്ടെന്നും പറഞ്ഞതായി പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കോടതിയില്‍ പരിഗണനയിലുള്ള കേസിന്റെ ഭാഗമാണ്.