ന്യൂയോർക്ക്: അമേരിക്കയിലെ ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ 10 കറുത്തവർഗക്കാരെ വെടിവെച്ചു കൊന്ന വർഗീയാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ആയുധ അനുബന്ധ ഉപകരണം നിർമിച്ച കമ്പനി 17.5 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു. ജോർജിയ ആസ്ഥാനമായ 'മീൻ ആംസ്' (Mean Arms) എന്ന കമ്പനിയാണ് ഇരകളുടെ കുടുംബങ്ങൾക്കും രക്ഷപ്പെട്ടവർക്കും തുക നൽകാൻ ധാരണയായത്. കൂടാതെ ന്യൂയോർക്ക് സംസ്ഥാനത്ത് ആ ഉപകരണം വിൽക്കുന്നത് നിർത്തണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.
2022ൽ ടോപ്‌സ് ഫ്രണ്ട്‌ലി മാർക്കറ്റിൽ നടന്ന വെടിവെപ്പിനെ തുടർന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ഫയൽ ചെയ്ത കേസിലാണ് ഈ ഒത്തുതീർപ്പ്. റൈഫിളിൽ മാഗസിൻ ലോക്ക് ചെയ്യാനുള്ള ഉപകരണമാണ് വിവാദമായത്. ഉയർന്ന ശേഷിയുള്ള മാഗസിനുകൾ മാറ്റിവയ്ക്കുന്നത് തടയാനാണ് ഇത് രൂപകൽപന ചെയ്തതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നുവെങ്കിലും, പ്രതിയായ പേയ്ടൺ ജെൻഡ്രൺ അതിനെ എളുപ്പത്തിൽ നീക്കം ചെയ്ത് നിയമവിരുദ്ധമായ ഹൈ കപാസിറ്റി മാഗസിനുകൾ ഉപയോഗിച്ചതായി ജെയിംസ് ആരോപിച്ചു. ഉൽപ്പന്നത്തിന്റെ പാക്കേജിംഗിൽ തന്നെ ലോക്ക് നീക്കം ചെയ്യാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.
'നിർമാതാക്കളെ വെടിവെപ്പിന്റെ ഉത്തരവാദികളാക്കുന്നതിലൂടെ ബഫലോ ജനതയ്ക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലെറ്റിഷ്യ ജെയിംസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഇരകളുടെ കുടുംബങ്ങളും രക്ഷപ്പെട്ടവരും ആയുധ വ്യാപാരിയായ 'വിന്റേജ് ഫയർആംസ് എൽഎൽസി'യുമായും പ്രതിയുടെ കുടുംബവുമായി ബന്ധപ്പെട്ടും മറ്റുള്ള കേസുകൾ ഒത്തുതീർപ്പിലെത്തിച്ചതായി അഭിഭാഷകർ അറിയിച്ചു. വിന്റേജ് ഫയർആംസ് സ്ഥിരമായി പ്രവർത്തനം അവസാനിപ്പിച്ചതായും ഉടമ ഭാവിയിൽ ഫെഡറൽ ആയുധ ലൈസൻസ് നേടില്ലെന്ന് സമ്മതിച്ചതായും 'എവ്രിടൗൺ ലോ' അറിയിച്ചു. പ്രതിയുടെ മാതാപിതാക്കളുമായുള്ള ധാരണയുടെ വിശദാംശങ്ങൾ രഹസ്യമാണെന്ന് അഭിഭാഷകർ പറഞ്ഞു.
വെള്ളക്കാരനായ ജെൻഡ്രൺ പ്രധാനമായും കറുത്തവർഗക്കാർ താമസിക്കുന്ന പ്രദേശത്തെ സൂപ്പർമാർക്കറ്റിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 32 മുതൽ 86 വരെ പ്രായമുള്ള 10 പേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാന കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ സമ്മതിച്ച ജെൻഡ്രൺ പരോൾ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
ഫെഡറൽ തലത്തിൽ വംശീയ വിദ്വേഷകുറ്റവും ആയുധക്കുറ്റവും ഉൾപ്പെടെയുള്ള കേസുകളുടെ വിചാരണ ഈ വർഷം ആരംഭിക്കാനാണ് സാധ്യത. ആ കേസുകളിൽ ജെൻഡ്രൺ കുറ്റം നിഷേധിച്ചിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് അമേരിക്കൻ നീതിവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ബഫലോ വെടിവെപ്പ്: ഇരകൾക്ക് ആയുധ അനുബന്ധ ഉപകരണ നിർമാതാക്കൾ 17.5 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകും
