റിലീസിന് മുമ്പേ 1.5 ബില്യണ്‍ ഡോളറിന്റെ വരുമാനം; ഗെയിമിങ് ലോകം കീഴടക്കാന്‍ ജിടിഎ 6

റിലീസിന് മുമ്പേ 1.5 ബില്യണ്‍ ഡോളറിന്റെ വരുമാനം; ഗെയിമിങ് ലോകം കീഴടക്കാന്‍ ജിടിഎ 6


ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ഗെയിമിങ് ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന റോക്ക്സ്റ്റാര്‍ ഗെയിംസിന്റെ 'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 6' (ജിടിഎ 6) പുറത്തിറങ്ങുംമുമ്പേ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 
ഗെയിമിന്റെ പ്രീഓര്‍ഡറിലൂടെ മാത്രം 1.5 ബില്യണ്‍ ഡോളറിലേറെ (ഏകദേശം 13,500 കോടി രൂപ) വരുമാനം ലഭിച്ചതായാണ് വിപണി നിരീക്ഷണ സ്ഥാപനമായ സെന്‍സര്‍ ടവറിന്റെ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
പ്ലേസ്‌റ്റേഷന്‍ 5, എക്‌സ്‌ബോക്‌സ് സീരീസ് എക്‌സ്, എസ് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ഗെയിം ലഭ്യമാകുന്നത്. 
മിയാമി നഗരത്തിന്റെ സാങ്കല്‍പ്പിക രൂപമായ വൈസ് സിറ്റിയിലേക്ക് 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പുതിയ പതിപ്പിലൂടെ കളിക്കാര്‍ തിരിച്ചെത്തുന്നത്. പുറത്തിറങ്ങുന്നതിന് ഒമ്പത് ദിവസം മുമ്പുതന്നെ പ്രീഓര്‍ഡര്‍ വരുമാനം ഒരു ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. 2022ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഗെയിമായ 'കോള്‍ ഓഫ് ഡ്യൂട്ടി: മോഡേണ്‍ വാര്‍ഫെയര്‍ 2' ഇതേ കാലയളവില്‍ നേടിയ വരുമാനത്തിന്റെ ഏകദേശം ഇരട്ടിയാണിത്. 
നവംബര്‍ 19ന് പ്രാദേശിക സമയം അര്‍ധരാത്രിയോടെ ചില രാജ്യങ്ങളില്‍ ഗെയിം ലഭ്യമായതോടെ ഏഷ്യയിലെയും മറ്റു മേഖലകളിലെയും ആരാധകര്‍ക്ക് അമേരിക്കയിലെ ഔദ്യോഗിക ലഭ്യതയ്ക്കുമുമ്പ് കളിക്കാനുള്ള അവസരവും ലഭിച്ചു. ആദ്യമായി ഗെയിം ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നായ ന്യൂസിലന്‍ഡില്‍ വന്‍തോതിലുള്ള ഡൗണ്‍ലോഡുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പ്രത്യേക മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. 212 ജിബിയാണ് ഗെയിമിന്റെ ഫയല്‍ വലുപ്പം. സാധാരണ ഗെയിമുകളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍ ഇന്റര്‍നെറ്റ് ശൃംഖലകളില്‍ വലിയ തിരക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ന്യൂസിലന്‍ഡിലെ ഇന്റര്‍നെറ്റ് ശൃംഖലാ സേവനദാതാക്കളായ കോറസ് 35 പെറ്റാബൈറ്റിന്റെ അധിക ഡാറ്റാ ട്രാഫിക്കാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും വലിയ വര്‍ധന അസാധാരണമാണെന്ന് കമ്പനി അധികൃതര്‍ പ്രതികരിച്ചു. വൈസ് സിറ്റിക്ക് പുറമെ ഫ്‌ലോറിഡയുടെ സാങ്കല്‍പ്പിക രൂപമായ ലിയോണിഡയും ഗെയിമിന്റെ പ്രധാന പശ്ചാത്തലമാണ്. ലൂസിയ കാമിനോസ്, ജേസണ്‍ ഡുവാല്‍ എന്നിവരാണ് പുതിയ പതിപ്പിലെ പ്രധാന കഥാപാത്രങ്ങള്‍. ജയിലില്‍നിന്ന് അടുത്തിടെ മോചിതയായ ലൂസിയയും മുന്‍ സൈനികനായ ജേസണും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നതും പിന്നീട് വലിയ ഗൂഢാലോചനകളില്‍ അകപ്പെടുന്നതുമാണ് കഥയുടെ ഇതിവൃത്തം. ലിയോണിഡ കീഴിലെ മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുള്ള ജേസണും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ലൂസിയയും ഒരു ക്രിമിനല്‍ നീക്കം പാളുന്നതോടെ അപകടകരമായ സംഭവവികാസങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. മുന്‍ പതിപ്പായ 'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 5'ല്‍ മൂന്ന് പ്രധാന കഥാപാത്രങ്ങളെയാണ് കളിക്കാര്‍ക്ക് നിയന്ത്രിക്കാനായിരുന്നത്. എന്നാല്‍ പുതിയ പതിപ്പില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വലുതും വിശദാംശങ്ങള്‍ നിറഞ്ഞതുമായ ഓപ്പണ്‍ വേള്‍ഡ് ഗെയിമായിരിക്കും ജിടിഎ 6 എന്നാണ് റോക്ക്സ്റ്റാര്‍ അവകാശപ്പെടുന്നത്. തെക്കന്‍ ഫ്‌ലോറിഡയുടെ കടല്‍ത്തീരങ്ങള്‍, ഹൈവേകള്‍, ചതുപ്പുനിലങ്ങള്‍, രാത്രിജീവിത കേന്ദ്രങ്ങള്‍, ചെറുപട്ടണങ്ങള്‍ എന്നിവയുടെ മാതൃകയില്‍ വിശാലമായ ഗെയിം ലോകമാണ് ഒരുക്കിയിരിക്കുന്നത്. 

മിയാമി, ഫ്‌ലോറിഡ കീസ്, എവര്‍ഗ്ലേഡ്‌സ് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും ആകാശനിരീക്ഷണം നടത്തിയും പ്രദേശത്തിന്റെ ചരിത്രവും വാസ്തുവിദ്യയും പഠിച്ചുമാണ് വികസനസംഘം ഗെയിമിന്റെ പശ്ചാത്തലം രൂപപ്പെടുത്തിയത്. ഗെയിമിനോടുള്ള ആരാധകരുടെ ആവേശം വര്‍ഷങ്ങള്‍ക്കുമുമ്പേ ആരംഭിച്ചതാണ്. ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ യൂട്യൂബില്‍ 9.3 കോടിയിലധികം കാഴ്ചകള്‍ നേടി. റോക്ക്സ്റ്റാറിന്റെ മാതൃകമ്പനിയായ ടേക്ക് ടു ഇന്ററാക്ടീവ് പുറത്തുവിട്ട കണക്കനുസരിച്ച് രണ്ടാമത്തെ ട്രെയിലറിന് വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഒരു ദിവസംകൊണ്ട് 47.5 കോടിയിലധികം കാഴ്ചകള്‍ ലഭിച്ചു. ഔദ്യോഗിക റിലീസിന് മുമ്പുതന്നെ ഗെയിം അവാര്‍ഡുകളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഡിസംബര്‍ 10ന് നടക്കുന്ന ഗെയിം അവാര്‍ഡ്‌സില്‍ എട്ട് വിഭാഗങ്ങളിലേക്കാണ് ജിടിഎ 6 നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. മികച്ച ഗെയിം, മികച്ച ഗെയിം സംവിധാനം, കഥാവതരണം, കലാസംവിധാനം, സംഗീതം, ശബ്ദരൂപകല്‍പ്പന, ആക്ഷന്‍അഡ്വഞ്ചര്‍ വിഭാഗം, മികച്ച പ്രകടനം എന്നിവയാണ് അവ. വന്‍ പ്രീഓര്‍ഡര്‍ വരുമാനവും ട്രെയിലറുകള്‍ക്ക് ലഭിച്ച റെക്കോര്‍ഡ് കാഴ്ചക്കാരും അവാര്‍ഡ് നാമനിര്‍ദേശങ്ങളും ജിടിഎ 6ന്റെ റിലീസിനെ ഗെയിമിങ് ലോകത്തെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.