ടെക്‌സസ്: മൂന്ന് പതിറ്റാണ്ട് കാലത്തോളമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരുന്ന ടെക്‌സസില്‍ ചരിത്രവിജയം നേടി സംസ്ഥാനത്തിന്റെ ആദ്യ വനിതാ ലാറ്റിന ഗവര്‍ണറായി ജിന ഹിനോജോസ. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയാണ് ടെക്‌സസിന്റെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജിന ഹിനോജോസ വിജയം വരിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ ഗവര്‍ണറുമായ ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തിയാണ് അവര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ ടെക്‌സസിന്റെ ചരിത്രത്തിലെ ആദ്യ ലാറ്റിന വംശജയായ വനിതാ ഗവര്‍ണറെന്ന നേട്ടവും മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിക്കാത്ത ഗവര്‍ണര്‍ സ്ഥാനവും ഹിനോജോസയ്ക്ക് സ്വന്തമായി.
സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഒടുവില്‍ രാഷ്ട്രീയ അധികാരത്തിലും പ്രതിഫലിക്കുമെന്ന ഡെമോക്രാറ്റുകളുടെ ദീര്‍ഘകാല പ്രതീക്ഷയ്ക്ക് ഹിനോജോസയുടെ വിജയം കരുത്തുപകര്‍ന്നു. 2017 മുതല്‍ ഓസ്റ്റിനിലെ ഡെമോക്രാറ്റിക് സ്വാധീനമേഖലയായ 49-ാം ഹൗസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന 52-കാരിയായ ഹിനോജോസ ദേശീയതലത്തില്‍ വലിയ പിന്തുണയില്ലാതെയാണ് ശ്രദ്ധേയമായ വിജയം നേടിയത്.
അയല്‍പക്കത്തെ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങിയ ഒരു അമ്മയില്‍നിന്ന് അമേരിക്കയിലെ ഏറ്റവും കൂടുതല്‍ കാലം ഗവര്‍ണര്‍ പദവിയിലിരുന്ന റിപ്പബ്ലിക്കന്‍ നേതാക്കളിലൊരാളായ ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തിയ രാഷ്ട്രീയ നേതാവിലേക്കുള്ള വളര്‍ച്ചയാണ് ഹിനോജോസയുടേത്.
ടെക്‌സസിലെ മക്കാലനിലാണ് ജിന ഹിനോജോസയുടെ ജനനം. ടെക്‌സസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനായ ഗില്‍ബെര്‍ട്ടോ ഹിനോജോസയുടെയും നിയമസഹായ അഭിഭാഷകയായ ക്രിസാന്ത ഗ്വേര ലൊസാനോയുടെയും മകളാണ്. മെക്‌സിക്കന്‍ വംശജയായ അവര്‍ ബ്രൗണ്‍സ്വില്ലിലാണ് വളര്‍ന്നത്. മിഷനില്‍ താമസിച്ചിരുന്ന മുത്തശ്ശി- മുത്തച്ഛന്മാരോടൊപ്പം വേനലവധിക്കാലം ചെലവഴിക്കാറുണ്ടായിരുന്നു.
1992-ല്‍ ഹോമര്‍ ഹന്ന ഹൈസ്‌കൂളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ അവര്‍ 1996-ല്‍ ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന് 1999-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി. ഇതിനിടെ ടെക്‌സസ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലോയിലും ഒരു സെമസ്റ്റര്‍ പഠിച്ചു. ഇവിടെവെച്ചാണ് ഭാവി ജീവിതപങ്കാളിയെ പരിചയപ്പെട്ടത്.
പൗരാവകാശ നിയമരംഗത്താണ് ഹിനോജോസ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ക്കുവേണ്ടി നിയമപോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടു. 2012-ല്‍ മകന്റെ പ്രാഥമിക വിദ്യാലയമായ പീസ് എലിമെന്ററി അടച്ചുപൂട്ടാനുള്ള നീക്കമുണ്ടായതോടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. ഓസ്റ്റിന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലേക്ക് മത്സരിച്ച് വിജയിച്ച അവര്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം തടയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2016 വരെ സ്‌കൂള്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു.
2016-ല്‍ ടെക്‌സസിലെ 49-ാം ഹൗസ് ഡിസ്ട്രിക്റ്റില്‍നിന്ന് സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2017 മുതല്‍ ഡെമോക്രാറ്റിക് പ്രതിനിധിയായി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചുവരികയായിരുന്നു.
നിയമസഭയിലെത്തുന്നതിനുമുമ്പ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ്, കൗണ്ടി ആന്‍ഡ് മുനിസിപ്പല്‍ എംപ്ലോയീസ് എന്ന തൊഴിലാളി സംഘടനയിലും കാറ്റര്‍, പാര്‍ക്‌സ് ആന്‍ഡ് വീസര്‍ എന്ന നിയമസ്ഥാപനത്തിലും പ്രവര്‍ത്തിച്ചു.
2005-ല്‍ അന്നത്തെ യു എസ് ഹൗസ് ഭൂരിപക്ഷ നേതാവായിരുന്ന ടോം ഡിലേയ്‌ക്കെതിരെ സമര്‍പ്പിച്ച കേസിന്റെ നിയമസംഘത്തിലും അംഗമായിരുന്നു. കത്തോലിക്ക ചാരിറ്റീസ് യു എസ് എ, ടെക്‌സസ് റൂറല്‍ ലീഗല്‍ എയ്ഡ്, ഇക്വല്‍ ജസ്റ്റിസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുവേണ്ടിയും പാര്‍ട്ട് ടൈം പ്രവര്‍ത്തിച്ചു.
2025 ഒക്ടോബര്‍ 15-നാണ് ഹിനോജോസ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള പ്രചാരണം ഔദ്യോഗികമായി ആരംഭിച്ചത്. 2026 മാര്‍ച്ചില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ച് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി. നവംബര്‍ 3-ന് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തി ചരിത്രവിജയം സ്വന്തമാക്കി.
ഇതേ ദിവസം നടന്ന യു എസ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജെയിംസ് തലാറിക്കോയ്‌ക്കൊപ്പം ടെക്‌സസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ഹിനോജോസയും വഴിയൊരുക്കി. 1994-നുശേഷം ആദ്യമായാണ് ടെക്‌സസില്‍ ഡെമോക്രാറ്റുകള്‍ക്ക് സംസ്ഥാനതല തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാനായത്.
രാഷ്ട്രീയ രംഗത്ത് വലിയ ദേശീയ പിന്തുണയില്ലാതെ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്ന ഹിനോജോസയുടെ വിജയം ടെക്‌സസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.
