'വിവാഹം കഴിക്കൂ, കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കൂ'; അമേരിക്കന്‍ ക്രൈസ്തവരോട് കരോലിന്‍ ലെവിറ്റ്

'വിവാഹം കഴിക്കൂ, കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കൂ'; അമേരിക്കന്‍ ക്രൈസ്തവരോട് കരോലിന്‍ ലെവിറ്റ്


വാഷിങ്ടണ്‍: ലോകത്ത് 2035ഓടെ മുസ്‌ലിം ജനസംഖ്യ ക്രൈസ്തവ ജനസംഖ്യയെ മറികടക്കുമെന്ന പഠനറിപ്പോര്‍ട്ടിനു പിന്നാലെ അമേരിക്കയിലെ ക്രൈസ്തവരോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ആഹ്വാനം ചെയ്ത് മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ്. വിവാഹം കഴിക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അവരെ സഭയുടെ വിശ്വാസാന്തരീക്ഷത്തില്‍ വളര്‍ത്തുന്നതിനൊപ്പം അമേരിക്കയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണമെന്നും അവര്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

പ്യൂ റിസര്‍ച്ച് സെന്ററും പോളണ്ടിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് റിലീജിയനും ചേര്‍ന്ന് നടത്തിയ പഠനത്തെക്കുറിച്ച് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ലെവിറ്റിന്റെ പ്രതികരണം. 'വിവാഹം കഴിക്കൂ, കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കൂ, അവരെ സഭയുടെ വിശ്വാസാന്തരീക്ഷത്തില്‍ വളര്‍ത്തൂ, അമേരിക്കയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കൂ' എന്നായിരുന്നു അവരുടെ കുറിപ്പ്. നിലവില്‍ ഫോക്‌സ് ന്യൂസ് സ്‌പോണ്‍സറായ ലെവിറ്റ്, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പഠനപ്രകാരം 2035ഓടെ ലോകത്തെ മുസ്‌ലിം ജനസംഖ്യ 257 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതേ കാലയളവില്‍ ക്രൈസ്തവ ജനസംഖ്യ 252 കോടിയായിരിക്കുമെന്നാണ് പ്രവചനം. ഇതോടെ ലോകത്തെ ഏറ്റവും വലിയ മതവിഭാഗമായി മുസ്‌ലിംകള്‍ മാറുമെന്നാണ് പഠനത്തിലെ വിലയിരുത്തല്‍.

2020ലെ കണക്കുകള്‍ പ്രകാരം ലോകത്ത് 227 കോടി ക്രൈസ്തവരും 202 കോടി മുസ്‌ലിംകളുമാണുണ്ടായിരുന്നത്. ഇരു മതവിഭാഗങ്ങളിലെയും ജനസംഖ്യ വര്‍ധിക്കുമെങ്കിലും മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് താരതമ്യേന കൂടുതലായിരിക്കുമെന്നാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ നിഗമനം. ജനനനിരക്കിലെ വ്യത്യാസമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റു പ്രധാന മതവിഭാഗങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് ശരാശരി കൂടുതല്‍ കുട്ടികളുണ്ടാകുന്നതും ജനസംഖ്യാ വളര്‍ച്ചയെ സ്വാധീനിക്കുന്നു.

2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഒരു മുസ്‌ലിം സ്ത്രീക്ക് ശരാശരി 3.1 കുട്ടികളാണ് ജനിക്കുന്നതെന്നാണ് പഠനത്തിലെ കണക്ക്. ക്രൈസ്തവ സ്ത്രീകളില്‍ ഇത് 2.5 ആണ്. മറ്റു മതവിഭാഗങ്ങളിലെ സ്ത്രീകളുടെ ശരാശരി ജനനനിരക്ക് 1.6 മാത്രമാണ്. ഒരു തലമുറയുടെ ജനസംഖ്യ നിലനിര്‍ത്താന്‍ ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികള്‍ വേണമെന്നാണ് പൊതുവേ കണക്കാക്കുന്നത്.

ജനനവും മരണവുമാണ് മതവിഭാഗങ്ങളുടെ ജനസംഖ്യാ മാറ്റത്തില്‍ മതപരിവര്‍ത്തനത്തേക്കാള്‍ വലിയ പങ്കുവഹിക്കുന്നതെന്ന് പ്യൂ റിസര്‍ച്ച് സെന്ററിലെ മുതിര്‍ന്ന ജനസംഖ്യാ വിദഗ്ധന്‍ കോണ്‍റാഡ് ഹാക്കറ്റ് വിശദീകരിച്ചു. 'കുഞ്ഞുങ്ങളാണ് പ്രധാന ഘടകം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2025 ജനുവരിയില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ ലെവിറ്റ് കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയാണ് സ്ഥാനമൊഴിഞ്ഞത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം പ്രസവാവധിയില്‍നിന്ന് ജോലിയില്‍ തിരിച്ചെത്തിയപ്പോള്‍ ഔദ്യോഗിക ചുമതലകളും മാതൃത്വവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. സ്ഥാനമൊഴിയുന്നത് വൈകാരികമായി സന്തോഷവും വിഷമവും ഒരുപോലെ നല്‍കുന്ന തീരുമാനമാണെന്ന് വിശേഷിപ്പിച്ച അവര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള പിന്തുണ തുടരുമെന്നും വ്യക്തമാക്കിയിരുന്നു.