ഇന്ധനവിലക്കുതിപ്പിന് തടയിടാൻ ജി7 നീക്കം; ട്രംപിന് ആശ്വാസം

ഇന്ധനവിലക്കുതിപ്പിന് തടയിടാൻ ജി7 നീക്കം; ട്രംപിന് ആശ്വാസം


10 കോടി ബാരൽ എണ്ണ വിപണിയിലെത്തിക്കും; ആദ്യ 20 ദിവസത്തിനുള്ളിൽ വൻതോതിൽ ഡീസൽ ലഭ്യമാക്കും

വാഷിങ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് കുതിച്ചുയരുന്ന ഇന്ധനവിലയും സാമ്പത്തിക സമ്മർദവും നേരിടുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശ്വാസമായി ജി7 രാജ്യങ്ങളുടെ നിർണായക നീക്കം. ആഗോള വിപണിയിൽ ഇന്ധനലഭ്യത വർധിപ്പിച്ച് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 10 കോടി ബാരൽ എണ്ണ വിപണിയിലെത്തിക്കാൻ ഏഴു പ്രമുഖ വ്യവസായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വൻതോതിൽ ഡീസൽ ലഭ്യമാക്കും. ആദ്യ 20 ദിവസത്തിനുള്ളിൽ ഗണ്യമായ അളവിൽ ഡീസൽ വിപണിയിലെത്തിക്കുമെന്നും പ്രഖ്യാപനമുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അധ്യക്ഷത വഹിച്ച ജി7 നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ജി7ന്റെ നിലവിലെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് ഫ്രാൻസാണ്. നാല് മാസത്തിനുള്ളിൽ 10 കോടി ബാരൽ എണ്ണ ഏകോപിതമായി വിപണിയിലെത്തിക്കാനാണ് പദ്ധതി. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ (ഐഇഎ) ഏകോപനത്തിലായിരിക്കും എണ്ണശേഖരത്തിൽനിന്നുള്ള വിതരണം.

അമേരിക്കയിൽ ഡീസൽ വില റെക്കോർഡ് നിലവാരത്തിലെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഒക്ടോബർ രണ്ടിന് ഒരു ഗാലൻ ഡീസലിന്റെ ശരാശരി വില 6.37 ഡോളറായിരുന്നു. സെപ്തംബർ 22ന് ഇത് 6.52 ഡോളറെന്ന റെക്കോർഡിലെത്തിയിരുന്നു. ഇന്ധനവില വർധന ഗതാഗതച്ചെലവിനെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുന്നതിനാൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ജി7 യോഗം ചേർന്നത്. ഇന്ധനവില വർധനയും പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതക്കുറവും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്തതായി ഫ്രഞ്ച് എംബസി അറിയിച്ചു. യൂറോപ്പിലെ വൻ എണ്ണശേഖരത്തിൽനിന്ന് ഗണ്യമായ അളവിൽ ഡീസൽ വിട്ടുനൽകാൻ ധാരണയായതായി ട്രംപും സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. വിതരണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ആഗോള എണ്ണവിപണിയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കത്തിലെ തടസ്സങ്ങളും വിതരണ ആശങ്കകളും വിലക്കയറ്റത്തിന് ആക്കം കൂട്ടി. യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുറയുമെന്നാണ് ട്രംപിന്റെ ആവർത്തിച്ചുള്ള വാദം. എന്നാൽ സംഘർഷത്തിന് അവസാനമാകാത്തത് അമേരിക്കയിലുൾപ്പെടെ ഇന്ധനവില ഉയർന്നുതന്നെ തുടരാൻ കാരണമാകുന്നു.

നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ധനവില വർധന ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയ സമ്മർദവുമാണ്. വിലക്കയറ്റത്തിന് ട്രംപിനെയാണ് ഭൂരിപക്ഷം അമേരിക്കക്കാരും ഉത്തരവാദിയാക്കുന്നതെന്ന് പുതിയ എപി-നോർക് അഭിപ്രായ സർവേയും വ്യക്തമാക്കുന്നു. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ട്രംപിനുള്ള അംഗീകാരം സർവേയിൽ ഏറ്റവും താഴ്ന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ജി7 രാജ്യങ്ങളുടെ എണ്ണവിതരണ തീരുമാനം ഇന്ധനവില നിയന്ത്രിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് പിന്തുണയാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, എണ്ണശേഖരത്തിൽനിന്നുള്ള വിതരണം വിപണിയിൽ ഉടനടി എത്രത്തോളം വിലക്കുറവുണ്ടാക്കുമെന്നത് വ്യക്തമല്ല. യുദ്ധത്തിന്റെ ഗതിയും ആഗോള എണ്ണവിതരണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതും വിലയുടെ തുടർനില നിർണയിക്കുന്നതിൽ നിർണായകമാകും