വാഷിംഗ്ടണിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നർ വേദിക്ക് സമീപം നടന്ന വെടിവെപ്പ് കേസിൽ പിടിയിലായ പ്രതിയുടെ 'മാനിഫെസ്റ്റോ' പുറത്തുവന്നതോടെ സംഭവം കൂടുതൽ ഗൗരവതരമായി. പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും അമേരിക്കൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
31കാരനായ കോൾ ടോമസ് അലൻ എന്ന പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് പരിക്കേറ്റെങ്കിലും ജീവൻ അപകടത്തിലായിട്ടില്ല.
പ്രതിയുടെ കൈവശം കണ്ടെത്തിയ രേഖയിൽ, താൻ 'ഫ്രണ്ട്‌ലി ഫെഡറൽ അസാസിൻ' എന്നാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്ക് അയച്ച ഈ രേഖയിൽ ഭരണകൂടത്തിനെതിരായ ശക്തമായ വിമർശനങ്ങളും അസംതൃപ്തിയും പ്രകടമാക്കിയിട്ടുണ്ട്.
മാനിഫെസ്റ്റോയിൽ ചില ഗുരുതര ആരോപണങ്ങളും വ്യക്തിപരമായ വികാരപ്രകടനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഒരു ഘട്ടത്തിൽ താൻ ചെയ്ത കാര്യത്തെക്കുറിച്ച് ഖേദവും മാനസിക സംഘർഷവും പ്രകടിപ്പിക്കുന്ന ഭാഗങ്ങളും രേഖയിൽ കാണാം. 'ഇത് ചെയ്യുന്നത് വളരെ ദുഷ്‌കരമാണ്; കരയാനും ഛർദ്ദിക്കാനും തോന്നുന്നു' എന്ന തരത്തിലുള്ള വികാരപ്രകടനങ്ങളാണ് അവയിൽ ഉൾപ്പെട്ടിരിക്കുന്നത്. ബാലപീഢകൻ, രാജ്യദ്രോഹി തുടങ്ങിയ പരാമർശങ്ങളും രേഖയിലുണ്ട്. വിവാദമായ എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചുള്ള സൂചനകളാണിതെന്നാണ് കരുതുന്നത്.
ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ശക്തമായ ക്രോധം പ്രകടിപ്പിച്ചെങ്കിലും, ട്രംപിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, വിദ്യാർത്ഥികൾ ഇത്തരം പ്രവൃത്തികളിൽ പ്രചോദനം കണ്ടെത്തരുതെന്നും, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രതി രേഖയുടെ അവസാനത്തിൽ കുറിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.
പ്രതിയുടെ മാനസികാവസ്ഥയും ഉദ്ദേശ്യങ്ങളും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രേരണ കണ്ടെത്തുന്നതിനായി ഫെഡറൽ ഏജൻസികൾ കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
വൈറ്റ് ഹൗസ് വിരുന്ന് വെടിവെപ്പ്: പ്രതിയുടെ 'മാനിഫെസ്റ്റോ'യിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
