'അന്വേഷിച്ചു, ഒന്നും കണ്ടെത്തിയില്ല'; ജെഫ്രി എപ്സ്റ്റീൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്ത് വിട്ട് കോടതി

'അന്വേഷിച്ചു, ഒന്നും കണ്ടെത്തിയില്ല'; ജെഫ്രി എപ്സ്റ്റീൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്ത് വിട്ട് കോടതി


ന്യൂയോർക്ക്:  ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരുന്ന അമേരിക്കൻ ധനകാര്യ വ്യാപാരി ജെഫ്രി എപ്സ്റ്റീൻ എഴുതിയതെന്നു കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് അമേരിക്കൻ കോടതി പുറത്തുവിട്ടു. ന്യൂയോർക്കിലെ ജയിലിൽ മരിക്കുന്നതിന് ഏതാനും ആഴ്ചകൾ മുൻപ് എഴുതിയതാണെന്ന് കരുതുന്ന കൈയെഴുത്ത് കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

'മാസങ്ങളോളം എന്നെക്കുറിച്ച് അന്വേഷിച്ചു, ഒന്നും കണ്ടെത്തിയില്ല' എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. 'സ്വന്തമായി വിടപറയാനുള്ള സമയം തിരഞ്ഞെടുക്കാൻ കഴിയുന്നത് പ്രത്യേക അനുഭവമാണ്' എന്നും അതിൽ പറയുന്നു. 'ഇനി ഞാൻ എന്ത് ചെയ്യണം, കരഞ്ഞ് പൊട്ടിത്തെറിക്കണോ? അതിന് യാതൊരു വിലയുമില്ല' എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

എപ്സ്റ്റീന്റെ മുൻ സെൽമേറ്റാണ് കുറിപ്പ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. എപ്സ്റ്റീൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അധികൃതർ പറഞ്ഞ ആദ്യ സംഭവത്തിന് മുൻപാണ് കുറിപ്പ് എഴുതിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഒരു ഗ്രാഫിക് നോവലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത് കണ്ടെത്തിയത്.

ന്യൂയോർക്കിലെ യുഎസ് ജില്ലാ കോടതി ജഡ്ജിയായ കെന്നത്ത് കാരസിന്റെ ഉത്തരവിനെ തുടർന്നാണ് കുറിപ്പ് പുറത്തുവിട്ടത്. ദി ന്യൂയോർക്ക് ടൈംസ് നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി. കുറിപ്പിന്റെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

2019 ഓഗസ്റ്റിൽ ജയിലിൽ മരിച്ച എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു അധികൃതരുടെ കണ്ടെത്തൽ. എന്നാൽ ജയിലിലെ സുരക്ഷാ വീഴ്ചകളും നിരീക്ഷണ ദൃശ്യങ്ങൾ കാണാതായതും സംഭവത്തെ ചുറ്റിപ്പറ്റി നിരവധി സംശയങ്ങൾക്ക് ഇടയാക്കി. എപ്സ്റ്റീന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ അമേരിക്കയിലും ബ്രിട്ടനിലും ഇപ്പോഴും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്.

14 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചുള്ള മനുഷ്യക്കടത്ത് കേസുകളിലാണ് 2019 ജൂലൈയിൽ 66കാരനായ എപ്സ്റ്റീൻ അറസ്റ്റിലായത്.