ടെക്സാസ്: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായിരുന്ന മലയാളി കെ.പി.ജോർജിനെ കാമ്പയിൻ ഫണ്ട് തിരിമറി (കള്ളപ്പണം വെളുപ്പിക്കൽ) കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച 180 ദിവസത്തെ തടവ് ശിക്ഷ വിധിച്ചു. ജോർജ് കുറ്റക്കാരനാണെന്ന് മാർച്ചിൽ ജൂറി കണ്ടെത്തിയിരുന്നു.
ശിക്ഷ അറിഞ്ഞയുടനെ അദ്ദേഹത്തിന്റെ അഭിഭാഷകർ അപ്പീൽ നൽകി. ബോണ്ട് നിരസിക്കപ്പെടുകയും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു, എന്നാൽ ശിക്ഷ അനുഭവിക്കുന്നതിനുമുമ്പ് അപ്പീൽ നടപടിക്രമങ്ങൾ നടക്കും. 180 ദിവസത്തെ ജയിൽശിക്ഷ കൂടാതെ അദ്ദേഹം 5 വർഷത്തേക്ക് പ്രൊബേഷനും 200 മണിക്കൂർ കമ്മ്യൂണിറ്റി സേവനവും പൂർത്തിയാക്കണം. ശിക്ഷാവിധിക്കു പിന്നാലെ അദ്ദേഹത്തെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കുകയും ചെയ്തു.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി 2018ലെ തെരഞ്ഞെടുപ്പിൽ പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,000 ഡോളറിൽ കൂടുതൽ ജോർജ് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്തുവെന്നും, വീടിന്റെ ഡൗൺ പേയ്മെന്റ് ഉൾപ്പെടെ വ്യക്തിഗത ചെലവുകൾക്കായി പണം ഉപയോഗിച്ചുവെന്നുമാണ് കേസ്. വിചാരണയ്ക്കിടെ, പ്രോസിക്യൂട്ടർമാർ സാമ്പത്തിക രേഖകളും സാക്ഷിമൊഴികളും ഹാജരാക്കി. ഇടപാടുകൾ നിയമാനുസൃതമായ പ്രചാരണ റീഇംബഴ്‌സ്‌മെന്റുകളല്ലെന്ന് അവർ പറഞ്ഞു. കൈമാറ്റം പ്രചാരണ ധനകാര്യ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ജോർജിന്റെ വ്യക്തിപരമായ നേട്ടത്തിനാണെന്നും പ്രോസിക്യൂട്ടർമാർ ജൂറിയെ അറിയിച്ചു.
ജോർജ് തന്റെ പ്രചാരണത്തിനായി പണം കടംവാങ്ങിയതാണെന്നും പിന്നീട് തിരിച്ചടച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചത്. ഇത് നിയമപരവും സാധാരണവുമായ രീതിയാണ്. ജില്ലാ അറ്റോർണി ഓഫീസ് ഇദ്ദേഹത്തെ കേസിൽ കുടുക്കുന്നതിനായി രാഷ്ട്രീയ പ്രേരിതമായി ഉണ്ടാക്കിയെടുത്ത കേസാണിതെന്നും വാദിച്ചു. എന്നാലിത് കോടതി അംഗീകരിച്ചില്ല.
ഏപ്രിലിൽ ജോർജിനെ ഓഫീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പകരം ഡാനിയേൽ വോങ്ങിനെ ആക്ടിംഗ് കൗണ്ടി ജഡ്ജിയായി നിയമിച്ചു. മുഴുവൻ കാലാവധിയിലേക്കുള്ള ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി പൊതുതെരഞ്ഞെടുപ്പ് നവംബറിലാണ്. മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ വോങ്, ഡെമോക്രാറ്റ് ഡെക്‌സ്റ്റർ മക്കോയിയെയാണ് നേരിടുന്നത്.
സ്വന്തം പ്രചാരണത്തിന് സഹതാപം ലഭിക്കുന്നതിനായി വ്യാജ ഐഡി ഉപയോഗിച്ച് തനിക്കെതിരെ വംശീയ അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന മറ്റൊരു കേസും അദ്ദേഹത്തിനെതിരെയുണ്ട്.
കള്ളപ്പണക്കേസിൽ മലയാളിയായ യു.എസ് ജഡ്ജി കെ.പി.ജോർജിന് ജയിൽ ശിക്ഷ; 180 ദിവസം തടവ്
