ട്രംപ് തന്നെ ബാല്യത്തില്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി മുന്‍ മിസ് ടീന്‍ യു എസ് എ മത്സരാര്‍ഥി

ട്രംപ് തന്നെ ബാല്യത്തില്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി മുന്‍ മിസ് ടീന്‍ യു എസ് എ മത്സരാര്‍ഥി


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബാല്യകാല ലൈംഗികാതിക്രമ ആരോപണവുമായി മുന്‍ മിസ് ടീന്‍ യു എസ് എ മത്സരാര്‍ഥിയും ന്യൂയോര്‍ക്കിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ഡോ. ലാറിസ പോര്‍ട്ട്നോഫ്. തനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ ട്രംപ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും പതിറ്റാണ്ടുകള്‍ക്കുശേഷവും ഭീഷണിപ്പെടുത്താനും ബന്ധപ്പെടാനും ശ്രമിച്ചുവെന്നുമാണ് അവരുടെ ആരോപണം.

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് പോര്‍ട്ട്നോഫ് ആരോപണങ്ങള്‍ ഉന്നയിച്ചത്. രാഷ്ട്രീയ ഇടനിലക്കാരന്‍ വഴി തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും 'ജെയ്ന്‍ ഡോ' എന്ന സാങ്കല്‍പ്പിക പേരില്‍ സൂക്ഷിച്ചിരുന്ന രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ ശ്രമിച്ചതായും അവര്‍ ആരോപിച്ചു.

ഏകദേശം എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ബാലികാ ഇരകളില്‍ ഒരാളായിരുന്നു താനെന്നാണ് പോര്‍ട്ട്നോഫ് വീഡിയോയില്‍ പറയുന്നത്.

എട്ടാം വയസ്സില്‍ ആരംഭിച്ച പീഡനം പത്താം വയസ്സോടെ കൂടുതല്‍ രൂക്ഷമായെന്നും ഏകദേശം 12 വയസ്സുവരെ തുടര്‍ന്നുവെന്നുമാണ് അവരുടെ ആരോപണം. 16, 17 വയസ്സുള്ളപ്പോഴും ട്രംപ് തന്നെ ലക്ഷ്യമിട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിലുള്ളവരുമായി ബന്ധപ്പെട്ട അനുചിതവും ചൂഷണപരവുമായ ഇടപെടലുകള്‍ പ്രായപൂര്‍ത്തിയായ ശേഷവും തുടര്‍ന്നുവെന്നും അവര്‍ അവകാശപ്പെട്ടു.

താന്‍ നേരത്തെ ഒരു 'പീഡോഫൈല്‍ സംഘത്തില്‍' നിന്ന് രക്ഷപ്പെട്ടതാണെന്ന് വിശ്വസിച്ചിരുന്നുവെന്ന് പോര്‍ട്ട്നോഫ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്രംപിന്റെ താത്പര്യപ്രകാരം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഇടനിലക്കാരനെന്ന് കരുതുന്ന ഒരാള്‍ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

സാക്ഷിയെ ഭീഷണിപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും വീണ്ടും ലൈംഗികമായി ചൂഷണം ചെയ്യാനും അദ്ദേഹം ശ്രമിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു.

2025 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്ക് യാങ്കീസ് ബേസ്‌ബോള്‍ മത്സരം കാണാനുള്ള ക്ഷണം ലഭിച്ചതും തുടര്‍ന്ന് വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലിലെ സ്വകാര്യ മുറിയില്‍ കൂടിക്കാഴ്ച നടത്താമെന്ന് നിര്‍ദേശിച്ചതും ഇത്തരം സംഭവങ്ങളുടെ ഭാഗമായിരുന്നുവെന്ന് പോര്‍ട്ട്നോഫ് ആരോപിച്ചു.

തന്റെ താമസസ്ഥലത്തിന്റെ വിലാസം കണ്ടെത്തിയതായും 'ജെയ്ന്‍ ഡോ' എന്ന പേരില്‍ സൂക്ഷിച്ചിരുന്ന രഹസ്യരേഖകള്‍ എങ്ങനെയോ കൈക്കലാക്കിയതായും അവര്‍ അവകാശപ്പെട്ടു.

ട്രംപിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് കുട്ടികളെ ഉപദ്രവിച്ചെന്നും സമൂഹത്തിന് അപകടകാരിയാണെന്നും പോര്‍ട്ട്നോഫ് ആരോപിച്ചു.

താന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ അധികൃതരെ സമീപിച്ച് പരാതികള്‍ അറിയിച്ചിരുന്നുവെന്ന് പോര്‍ട്ട്നോഫ് പറഞ്ഞു. തന്റെ പരാതികള്‍ അറ്റോര്‍ണി ജനറലിന് കൈമാറാന്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ശുപാര്‍ശ ചെയ്തതായും അവര്‍ അവകാശപ്പെട്ടു.

സംഭവങ്ങളെ വ്യക്തിപരമായ രാഷ്ട്രീയ തര്‍ക്കമായി കാണരുതെന്നും സംഘടിത കുറ്റകൃത്യങ്ങളുടെ സ്വഭാവമുള്ള ആരോപണങ്ങളായി കണ്ട് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയം ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി ചുരുക്കരുതെന്നും പോര്‍ട്ട്നോഫ് പറഞ്ഞു.

ഇപ്പോള്‍ തനിക്ക് മുപ്പതുകളാണ് പ്രായമെന്നും മൂന്ന് പതിറ്റാണ്ടുകളായി തന്നോട് ഇത്തരത്തില്‍ പെരുമാറിയെന്നത് മനുഷ്യത്വരഹിതമാണെന്നും അവര്‍ പറഞ്ഞു.

തനിക്ക് വധഭീഷണികള്‍ ലഭിച്ചിട്ടുണ്ടെന്നും ജീവന് നേരെ ആക്രമണശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പോര്‍ട്ട്നോഫ് ആരോപിച്ചു. എന്നാല്‍ ഭീഷണികള്‍ക്ക് മുന്നില്‍ മൗനം പാലിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ്, തന്നെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് അവര്‍ പറഞ്ഞു.

തന്റെ ആരോപണങ്ങള്‍ പുറത്തുപറയുന്നതിന്റെ കാരണം സുഹൃത്തുക്കള്‍ക്കും അടുത്തറിയാവുന്നവര്‍ക്കും മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതെന്നും അവര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവര്‍ തന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ഥിച്ചു.

പോര്‍ട്ട്നോഫ് ഉന്നയിച്ച ആരോപണങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വീഡിയോയിലെ ആരോപണങ്ങളോട് ട്രംപോ വൈറ്റ് ഹൗസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.