'പ്രതിഭയെങ്കിലും കോപം മറച്ചുപിടിക്കാത്തയാള്‍: ബ്രൗണ്‍-എംഐടി വെടിവെപ്പ് പ്രതിയെ കുറിച്ച് സഹപാഠികളുടെ ഓര്‍മകള്‍

'പ്രതിഭയെങ്കിലും കോപം മറച്ചുപിടിക്കാത്തയാള്‍: ബ്രൗണ്‍-എംഐടി വെടിവെപ്പ് പ്രതിയെ കുറിച്ച് സഹപാഠികളുടെ ഓര്‍മകള്‍


ബ്രൗണ്‍ സര്‍വകലാശാലയില്‍ നടന്ന കൂട്ടവെടിവെപ്പിലും തുടര്‍ന്ന് എംഐടി പ്രൊഫസറെ കൊലപ്പെടുത്തിയ സംഭവങ്ങളിലും പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്ന ക്ലാഡിയോ മാനുവല്‍ നെവസ് വാലന്റെയെ, പഠനകാലത്ത് അടുത്തറിയുന്നവര്‍ ഓര്‍ക്കുന്നത് അസാധാരണ പ്രതിഭയുള്ളെങ്കിലും പലപ്പോഴും കോപത്തിനടിമയായ ഒരാളായാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ ബ്രൗണ്‍ സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിവെപ്പിനും, രണ്ട് ദിവസം ശേഷം മസാച്യൂസെറ്റ്‌സിലെ ബ്രൂക്ക്‌ലൈനില്‍ എംഐടി പ്രൊഫസര്‍ നുനോ എഫ്.ജി. ലൂറൈറോ വെടിയേറ്റ് മരിച്ചതിനും പിന്നില്‍ 48 വയസ്സുകാരനായ നെവസ് വാലന്റെയാണെന്നാണ് അന്വേഷകരുടെ നിഗമനം. ദിവസങ്ങളോളം നീണ്ട തെരച്ചിലിന് ഒടുവില്‍ ന്യൂ ഹാംഷയറിലെ ഒരു സ്‌റ്റോറേജ് യൂണിറ്റില്‍ സ്വയം വെടിവെച്ച് മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആക്രമണങ്ങള്‍ക്ക് പിന്നിലെ പ്രേരണ എന്തെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ഫെഡറല്‍-പ്രാദേശിക അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

പോര്‍ച്ചുഗലിലെ ലിസ്ബണിലെ ഇന്‍സ്റ്റിറ്റൂട്ടോ സുപീരിയോര്‍ ടെക്‌നിക്കോയില്‍ (ഐഎസ്ടി) 2000ല്‍ ഫിസിക്‌സ് എന്‍ജിനീയറിംഗ് ബിരുദം നേടിയ നെവസ് വാലന്റെ ബാച്ചിലെ ഒന്നാം റാങ്കുകാരനായിരുന്നു എന്ന് സര്‍വകലാശാല വക്താവ് അറിയിച്ചു. അതേ ബാച്ചില്‍ തന്നെ പിന്നീട് എംഐടിയിലെ പ്ലാസ്മ സയന്‍സ് ആന്‍ഡ് ഫ്യൂഷന്‍ സെന്ററിന്റെ ഡയറക്ടറായി ഉയര്‍ന്ന നുനോ ലൂറൈറോയും മികച്ച വിദ്യാര്‍ത്ഥിയായിരുന്നു. ഐഎസ്ടിയില്‍ സഹപാഠിയായിരുന്ന കത്തോലിക്ക സര്‍വകലാശാല ഓഫ് പോര്‍ച്ചുഗലിലെ പ്രൊഫസറും ഡീനുമായ ബ്രൂണോ നോബ്രെ, നെവസ് വാലന്റെയെ 'മികവുറ്റ വിദ്യാര്‍ത്ഥിയും സൗഹൃദപരമായ സഹപാഠിയും' എന്ന നിലയിലാണ് ഓര്‍ക്കുന്നത്. അന്നത്തെ സാഹചര്യങ്ങളില്‍ ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് അദ്ദേഹം വഴിമാറുമെന്ന് ഒരിക്കലും തോന്നിയിരുന്നില്ലെന്നും, ലൂറൈറോയുമായുള്ള ബന്ധം സാധാരണ സഹപാഠിത്തത്തിനപ്പുറം അടുത്ത സൗഹൃദമായിരുന്നില്ലെന്നും നോബ്രെ പറഞ്ഞു.

ബ്രൗണ്‍ സര്‍വകലാശാലയില്‍ 2000 സെപ്റ്റംബര്‍ മുതല്‍ 2001 സ്പ്രിംഗ് സെമസ്റ്റര്‍ വരെ ഫിസിക്‌സില്‍ പി.എച്ച്.ഡി. പഠനത്തിനായി ചേര്‍ന്ന നെവസ് വാലന്റെ, അവിടെ തുടക്കത്തില്‍ തന്നെ നിരാശയും അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. ഇപ്പോള്‍ സിറാക്യൂസ് സര്‍വകലാശാലയിലെ പ്രൊഫസറായ സ്‌കോട്ട് വാട്ട്‌സണ്‍, ബ്രൗണില്‍ തന്റെ ഏക അടുത്ത സുഹൃത്ത് നെവസ് വാലന്റെയായിരുന്നുവെന്ന് ഓര്‍ക്കുന്നു. സാമൂഹികമായി അസൗകര്യമുള്ള സ്വഭാവം ഇരുവരെയും ബന്ധിപ്പിച്ചുവെന്നും, പ്രൊവിഡന്‍സിലെ ഒരു പോര്‍ച്ചുഗീസ് റെസ്‌റ്റോറന്റില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച നാളുകള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നുവെന്നും വാട്ട്‌സണ്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയിലെ ജീവിതത്തോടും ബ്രൗണിലെ പഠനരീതിയോടും നെവസ് വാലന്റെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും, ഭക്ഷണത്തിന്റെ ഗുണമേന്മ മുതല്‍ ക്ലാസുകളുടെ 'എളുപ്പം' വരെ അദ്ദേഹം വിമര്‍ശിച്ചിരുന്നുവെന്നും വാട്ട്‌സണ്‍ വ്യക്തമാക്കി. വിഷയങ്ങളില്‍ അദ്ദേഹം അസാധാരണ മികവ് പുലര്‍ത്തിയിരുന്നുവെങ്കിലും, ആ അസംതൃപ്തി ചിലപ്പോഴൊക്കെ കോപമായി മാറിയിരുന്നുവെന്നും, ഒരിക്കല്‍ വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട് താന്‍  വഴക്കു പിരിച്ചുവിടേണ്ടിവന്നതായും വാട്ട്‌സണ്‍ പറഞ്ഞു.

2001 ഏപ്രിലില്‍ അവധി എടുത്ത നെവസ് വാലന്റെ 2003ല്‍ ഔദ്യോഗികമായി ബ്രൗണില്‍ നിന്ന് പിന്മാറി. അവസാനമായി സംസാരിക്കുമ്പോള്‍ പഠനം ഉപേക്ഷിക്കരുതെന്ന് താന്‍ ഉപദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങില്ലായിരുന്നുവെന്ന് വാട്ട്‌സണ്‍ ഓര്‍ക്കുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതപാതയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അധികമില്ല. 2017 ഏപ്രിലില്‍ നിയമപരമായ സ്ഥിരതാമസ പദവി ലഭിച്ച നെവസ് വാലന്റെയ്ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കിയതായും, അവസാനമായി അറിയപ്പെട്ട വിലാസം മിയാമിയിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിഭയും അകത്തള സംഘര്‍ഷങ്ങളും കൂട്ടിയിടിച്ച ഒരു ജീവിതകഥയുടെ നിഗൂഢതയാണ് ഇപ്പോള്‍ അന്വേഷണ സംഘം തേടുന്നത്.