വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്ന എല്ലാവർക്കും നിർബന്ധമായും ബുദ്ധിശേഷി പരിശോധന നടത്തണമെന്ന ആവശ്യം ഉയർത്തി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും വിവാദത്തിലായി. ഇത്തരത്തിലുള്ള പരിശോധനകൾ നിർബന്ധമാക്കിയാൽ യോഗ്യതയില്ലാത്തവർ അധികാരത്തിലെത്തുന്നത് തടയാനാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രസിഡന്റ് മത്സരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരും 'കോഗ്‌നിറ്റീവ് എക്‌സാമിനേഷൻ' എഴുതണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമയും ജോ ബൈഡനും ഇത്തരം പരിശോധനയിൽ വിജയിക്കുമായിരുന്നില്ലെന്ന സൂചനയും ട്രംപ് നൽകി. താൻ സ്വന്തം കാലഘട്ടങ്ങളിൽ മൂന്ന് തവണ ഈ പരിശോധന എഴുതി എല്ലാം മികച്ച രീതിയിൽ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനിടെ, ട്രംപിന്റെ മാനസിക സ്ഥിരതയെക്കുറിച്ചുള്ള ചർച്ചകളും ശക്തമായി തുടരുകയാണ്. കോൺഗ്രസിൽ നടന്ന ഹിയറിങ്ങിനിടെ ട്രംപ് 'മാനസികമായി സ്ഥിരതയുള്ള കമാൻഡർഇൻചീഫ് ആണോ' എന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് ചോദ്യം ഉയർന്നു. ഡെമോക്രാറ്റിക് അംഗമായ സാറാ ജേക്കബ്‌സ് ആണ് നേരിട്ട് ഈ ചോദ്യം ഉന്നയിച്ചത്.
എന്നാൽ ഈ ആരോപണങ്ങളെ ഹെഗ്‌സെത്ത് തള്ളിക്കളഞ്ഞു. ട്രംപ് തലമുറകളിൽ കണ്ട ഏറ്റവും സൂക്ഷ്മബുദ്ധിയുള്ള നേതാവാണെന്നും അദ്ദേഹത്തിനെതിരായ വിമർശനങ്ങൾക്ക് താൻ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ സാമൂഹ്യമാധ്യമ പോസ്റ്റുകളും സമീപകാലത്ത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. യേശുവിനെപ്പോലെ ചികിത്സ ചെയ്യുന്ന ഒരാളായി സ്വയം ചിത്രീകരിച്ച എ.ഐ. ചിത്രം പങ്കുവെച്ചതും പിന്നീട് അത് നീക്കം ചെയ്തതുമാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.
പ്രസിഡന്റ് സ്ഥാനാർത്ഥികൾക്കുള്ള ബുദ്ധിശേഷി പരിശോധനയെന്ന ട്രംപിന്റെ പുതിയ നിർദ്ദേശവും, അദ്ദേഹത്തിന്റെ സ്വന്തം മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളും അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്.
പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് നിർബന്ധിത ബുദ്ധിശേഷി പരിശോധന വേണമെന്ന് ട്രംപ്; മാനസിക സ്ഥിരത ചർച്ചയായി വീണ്ടും വിവാദം
