കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ കസ്റ്റഡിയിലായ അഞ്ചുവയസ്സുകാരനെയും പിതാവിനേയും വിട്ടയച്ചു

കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ കസ്റ്റഡിയിലായ അഞ്ചുവയസ്സുകാരനെയും പിതാവിനേയും വിട്ടയച്ചു


ടെക്‌സസ്: കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ ഐ സി ഇ കസ്റ്റഡിയിലായിരുന്ന അഞ്ച് വയസുകാരനായ ലിയാം കോനെഹോ റാമോസിനെയും അദ്ദേഹത്തിന്റെ പിതാവിനെയും വിട്ടയക്കാന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇരുവരും സ്വന്തം വീട്ടിലേക്ക് മടങ്ങി. സര്‍ക്കാരിന്റെ നടപടികളെ ശക്തമായി വിമര്‍ശിച്ച കോടതി ഉത്തരവിനെ തുടര്‍ന്നാണ് മോചനം നടന്നത്. 

മിന്നസോട്ടയിലെ ലിയാമിനേയും പിതാവായ അഡ്രിയനേയും മിനിയാപ്പോളിസിന്റെ ഉപനഗര പ്രദേശത്തെ അവരുടെ വീടിന്റെ ഡ്രൈവേയില്‍ നിന്നാണ് കുടിയേറ്റ അധികാരികള്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്, ഏകദേശം 1,300 മൈല്‍ അകലെയുള്ള ടെക്‌സസിലെ ഒരു കുടുംബ തടങ്കല്‍ കേന്ദ്രത്തിലേക്ക് ഇരുവരെയും മാറ്റി. ഒരാഴ്ചയിലധികം അവിടെ കഴിഞ്ഞ ഇരുവരേയും ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിട്ടയച്ചത്.

യു എസ് ജില്ലാ ജഡ്ജിയായ ഫ്രെഡ് ബിയറി കുടിയേറ്റ കേസ് കോടതിയില്‍ തുടരുന്നതിനിടെ തന്നെ സാധ്യമായ ഏറ്റവും വേഗത്തില്‍ കുട്ടിയെയും പിതാവിനെയും മോചിപ്പിക്കണമെന്ന് ഉത്തരവിട്ടു. ചൊവ്വാഴ്ചയ്ക്കുള്ളില്‍ ഇത് നടപ്പാക്കണമെന്ന് കര്‍ശനമായ സമയപരിധിയും അദ്ദേഹം നിശ്ചയിച്ചു.  കുടുംബത്തെ സുരക്ഷിതമായി വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സംഭവത്തിന്റെ മാനസികാഘാതത്തില്‍ നിന്ന് മോചിതരാകാന്‍ കുടുംബത്തിന് സമയം ആവശ്യമാണെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

ജഡ്ജി ബിയറിഅസാധാരണമായ ശക്തമായ ഭാഷയിലാണ് വിധി എഴുതിയത്. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ പരാമര്‍ശിച്ച അദ്ദേഹം ഇന്നത്തെ ചില സര്‍ക്കാര്‍ നടപടികള്‍ അധികാരവാദ ഭരണകൂടങ്ങളുടെ അതിക്രമങ്ങളെ ഓര്‍മിപ്പിക്കുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കി. ബൈബിള്‍ വചനങ്ങളും വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു ഐ സി ഇ ഉദ്യോഗസ്ഥന്‍ സ്‌പൈഡര്‍-മാന്‍ ബാഗ് പിടിച്ചുനില്‍ക്കുമ്പോള്‍ മുയല്‍ തൊപ്പി ധരിച്ച ലിയാമിന്റെ ചിത്രം വിധിയുടെ അവസാനം ഉള്‍പ്പെടുത്തിയതും ഏറെ ശ്രദ്ധേയമായി.

ദുര്‍ബലമായി ആസൂത്രണം ചെയ്ത നാടുകടത്തല്‍ നയത്തിന്റെ ഫലമായാണ് ഈ തടങ്കലുണ്ടായതെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. ഇത്തരം നയങ്ങള്‍ കുട്ടികള്‍ക്ക് അനാവശ്യമായ മാനസിക പീഡനമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി അംഗീകാരം കൂടാതെ കുടിയേറ്റ ഏജന്‍സികള്‍ ആഭ്യന്തരമായി പുറപ്പെടുവിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് വാറന്റുകളുടെ ഉപയോഗത്തെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

ഇത്തരം വാറന്റുകള്‍ക്ക് സ്വതന്ത്ര മേല്‍നോട്ടമില്ലാത്തതിനാല്‍ ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഇത് ഭരണകൂടത്തിന് തന്നെ സ്വന്തം നടപടികള്‍ പരിശോധിക്കാനുള്ള അധികാരം നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. യു എസ് കുടിയേറ്റ നിയമപ്രകാരം ലിയാമിനെയും പിതാവിനെയും നാടുകടത്താന്‍ സാധ്യതയുണ്ടെന്ന് അംഗീകരിച്ചെങ്കിലും അത്തരമൊരു തീരുമാനം നീതിയുക്തവും മാനുഷികവുമായ നടപടിക്രമത്തിലൂടെയാകണമെന്നും നിലവിലുള്ള അവ്യവസ്ഥാപരമായ സംവിധാനത്തിലൂടെയല്ലെന്നും ജഡ്ജി വ്യക്തമാക്കി.

ഭരണഘടനാ സമ്മേളനത്തിന്റെ അവസാനം ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ പറഞ്ഞതായി കരുതപ്പെടുന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് വിധി അവസാനിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളുടെ ദുര്‍ബലതയെക്കുറിച്ചുള്ള ആശങ്കയാണ് അതിലൂടെ അദ്ദേഹം ഉന്നയിച്ചത്.

ലിയാമിന്റെ കേസ്, പ്രത്യേകിച്ച് മിനിയാപ്പോളിസില്‍, ട്രംപ് ഭരണകാലത്തെ കുടിയേറ്റ നടപടികളോടുള്ള ജനരോഷം ശക്തമാക്കിയിട്ടുണ്ട്. കൊളംബിയ ഹൈറ്റ്‌സ് പബ്ലിക് സ്‌കൂളുകളുടെ വിവരമനുസരിച്ച്, കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഈ സ്‌കൂള്‍ ജില്ലയില്‍ നിന്നുള്ള നാലാമത്തെ കുട്ടിയാണ് കുടിയേറ്റ കസ്റ്റഡിയിലാകുന്നത്.

സമാനമായ മറ്റൊരു സംഭവത്തില്‍, ടെക്‌സസില്‍ പിതാവിനൊപ്പം തടങ്കലിലായിരുന്ന ഒരു യുവതിയെ കഴിഞ്ഞ വാരാന്ത്യത്തില്‍ മിന്നസോട്ടയിലെ മാതാവിനൊപ്പം വീണ്ടും ഒന്നിപ്പിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിച്ച മിന്നസോട്ട ഗവര്‍ണര്‍ ടിം വാള്‍സ്, ചെറിയ കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ കോടതി ഇടപെടല്‍ പോലും ആവശ്യമാകരുതെന്ന് വ്യക്തമാക്കി.