സൗത്ത് കരോലിന: അമേരിക്കയിലെ ഊര്‍ജവകുപ്പിന് കീഴിലുള്ള ആണവ ഗവേഷണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ പുറത്തുവിട്ടെന്ന ആശങ്ക. ബുധനാഴ്ച വൈകിട്ട് സൗത്ത് കരോലിനയിലെ സവന്ന റിവര്‍ നാഷനല്‍ ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ റെയില്‍, നദീഗതാഗതം, വ്യോമഗതാഗതം എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
വൈകിട്ട് 5.40ന് തൊട്ടുമുമ്പ് ലബോറട്ടറിയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫില്‍ട്ടര്‍ ചെയ്യാത്ത നിലത്തോടു ചേര്‍ന്നുള്ള റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളുടെ പുറത്തേക്കുള്ള ചോര്‍ച്ചയുണ്ടായതായി സവന്ന റിവര്‍ സൈറ്റിനെ (എസ് ആര് എസ്) ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ ഡബ്ല്യുആര്ഡിഡബ്ല്യു റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ തീപിടിത്തം ബാധിച്ച കെട്ടിടത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ റേഡിയോ ആക്ടീവ് മലിനീകരണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ജീവനക്കാര്‍ക്ക് കെട്ടിടത്തിനുള്ളില്‍ സുരക്ഷിതമായി കഴിയാന്‍ നിര്‍ദേശം
ലബോറട്ടറിയിലെ ഏരിയ എ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരോട് സുരക്ഷാ ബാരിക്കേഡുകള്‍ക്കുള്ളില്‍ ഏകദേശം 30 മിനിറ്റോളം സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ നിര്‍ദേശിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലോ സംവിധാനങ്ങള്‍ അടച്ചുപൂട്ടുന്ന നടപടികളിലോ നേരിട്ട് പങ്കാളികളല്ലാത്ത ജീവനക്കാരെയും മുന്‍കരുതലിന്റെ ഭാഗമായി സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ നിര്‍ദേശിച്ചതായി എസ് ആര് എസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രദേശത്തെ റെയില്‍, നദീ, വ്യോമ ഗതാഗതങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനു പുറമെ, കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലൂടെയുള്ള വാഹനങ്ങളുടെയും മറ്റും വരവും നിയന്ത്രിച്ചു.
സവന്ന റിവര്‍ സൈറ്റ് എന്തുകൊണ്ട് പ്രധാനമാണ്?
സൗത്ത് കരോലിനയിലെ വിവിധ കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 310 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള സമുച്ചയമാണ് സവന്ന റിവര്‍ സൈറ്റ്. അമേരിക്കന്‍ ഊര്‍ജവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ കേന്ദ്രത്തില്‍ സവന്ന റിവര്‍ നാഷനല്‍ ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നു.
ആണവമാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, പരിസ്ഥിതി പുനരുദ്ധാരണം, ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ വികസനം എന്നിവയിലാണ് ലബോറട്ടറി പ്രധാനമായും ഗവേഷണം നടത്തുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ആണവശാസ്ത്ര ഗവേഷണത്തിനും ഈ കേന്ദ്രം പ്രാധാന്യമര്‍ഹിക്കുന്നു.
