ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ രേഖകളിൽ, വ്യവസായി അനിൽ അംബാനിയെയും ഡൽഹിയിലെ 'നേതൃത്വത്തെയും' കുറിച്ചുള്ള പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു.
2017 മാർച്ചിൽ എപ്സ്റ്റീനിന് അയച്ച സന്ദേശങ്ങളിൽ, അനിൽ അംബാനി, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരഡ് കുഷ്‌നറെയും റിപ്പബ്ലിക്കൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനണിനെയും കാണാൻ സഹായം തേടിയതായി രേഖകളിലുണ്ട്. അന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ചകൾ ആവശ്യപ്പെട്ടതെന്നും സന്ദേശങ്ങളിൽ പറയുന്നു.
'ഡൽഹിയിലെ നേതൃത്വം' ഇക്കാര്യം ആഗ്രഹിച്ചതായും അംബാനി എപ്സ്റ്റീനോട് വ്യക്തമാക്കിയതായി രേഖകളിൽ സൂചനയുണ്ട്. ഇതിന് പിന്നാലെ ഇരുവരും ഫോൺ വഴി സംസാരിക്കാനും തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
2019 മെയ് 23ന് അംബാനിയും എപ്സ്റ്റീനും കൂടിക്കാഴ്ച നടത്തിയതായും, അതിന് ശേഷം എപ്സ്റ്റീൻ സ്റ്റീവ് ബാനണിന് 'മോഡിയുടെ ആളെ' കണ്ടുവെന്ന സന്ദേശം അയച്ചതായും രേഖകളിലുണ്ട്. വാഷിംഗ്ടണിൽ മോഡിക്കായി സംസാരിക്കുന്നവർ ഇല്ലെന്ന പരാതിയും അംബാനി ഉന്നയിച്ചതായി എപ്സ്റ്റീൻ പറയുന്നുണ്ട്.
2017 മുതൽ 2019 വരെ ഇരുവരും സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. എപ്സ്റ്റീന്റെ മരണത്തിന് ഏതാനും മാസം മുൻപുവരെ ഈ ആശയവിനിമയം തുടരുകയായിരുന്നു. എന്നാൽ ഈ സന്ദേശങ്ങൾ അംബാനിയുടേതാണെന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. വിഷയത്തിൽ അനിൽ അംബാനിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ,ഈ സന്ദേശങ്ങൾക്ക് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ബിജെപി സർക്കാർ രംഗത്തുവന്നു. മറുവശത്ത്, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പുതിയ എപ്സ്റ്റീൻ ഫയലുകൾ പ്രധാനമന്ത്രിയുടെ അടുപ്പക്കാരെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എപ്സ്റ്റീൻ ഫയലുകൾ: അനിൽ അംബാനിയുമായി ബന്ധം? 'ഡൽഹി നേതൃത്വം' ഇടപെട്ടുവെന്ന സൂചന
