വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ ഈടാക്കല്‍ സുപ്രിം കോടതി റദ്ദാക്കിയതിനു പിന്നാലെ ഈടാക്കിയ താരിഫ് തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഗോള ഗതാഗത തപാല്‍ കമ്പനിയായ ഫെഡ് എക്‌സ് കേസ് ഫയല്‍ ചെയ്തു.
താരിഫുകള്‍ പൂര്‍ണമായും റീഫണ്ട് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച വന്ന സുപ്രിം കോടതി വിധിയിലാണ് പ്രസിഡന്റിന് ഇറക്കുമതിക്ക് നികുതി ചുമത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈടാക്കിയ അധിക ഇറക്കുമതി തീരുവകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി കമ്പനി ഫയല്‍ ചെയ്തത്.
യു എസ് എയ്ക്ക് അടച്ച എല്ലാ ഐ ഇ ഇ പി എ നികുതികളും പൂര്‍ണമായി തിരികെ നല്‍കണമെന്ന ആവശ്യം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. യു എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി ബി പി) ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷിയായി ചേര്‍ത്താണ് കേസ്.
സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തീരുവ തിരികെ വാങ്ങുന്നതിനും ഒരു ഇറക്കുമതിക്കാരന്‍ എന്ന നിലയില്‍ കമ്പനിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡ്എക്സ് പ്രസ്താവനയില്‍ പറഞ്ഞു.
