ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ യു എസ് ഫെഡറല്‍ കോടതി വിസമ്മതിച്ചു. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് വ്യക്തവും വിശദവുമായ കാരണം സമര്‍പ്പിക്കണമെന്ന് യു എസ് നീതിന്യായ വകുപ്പിനോട് ഫെഡറല്‍ ജഡ്ജി നിക്കോളാസ് ഗരൗഫിസ് നിര്‍ദേശിച്ചു.
ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയില്‍ കേസ് പരിഗണിക്കുന്ന ജഡ്ജി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നീതിന്യായ വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മതിയായ വിശദീകരണമില്ലെന്ന് ചൂണ്ടിക്കാട്ടി. ജൂലൈ 13നകം കൂടുതല്‍ വിശദമായ വിശദീകരണം സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനുശേഷമായിരിക്കും കേസ് ഔദ്യോഗികമായി തള്ളണമോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.
സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി വളരെ ചുരുക്കവും വ്യക്തതയില്ലാത്തതുമാണെന്നും കേസ് പിന്‍വലിക്കാനുള്ള ആവശ്യത്തിന് നിയമപരമായ അടിസ്ഥാനമുണ്ടോ എന്ന് വിലയിരുത്താന്‍ കോടതിക്ക് ഇതിലൂടെ സാധിക്കുന്നില്ലെന്നും ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം അദാനിയുടെ അഭിഭാഷകര്‍ കേസ് ഉടന്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലും കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
2024-ല്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തിന്റെ അവസാനഘട്ടത്തിലാണ് അദാനിക്കെതിരെ സെക്യൂരിറ്റീസ് തട്ടിപ്പും വയര്‍ ഫ്രോഡും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി അദാനി ഗ്രൂപ്പിന്റെ ഒരു അനുബന്ധ കമ്പനിക്ക് സൗരോര്‍ജ പദ്ധതിക്ക് ആവശ്യമായ അനുമതികള്‍ നേടിക്കൊടുത്തുവെന്നാണ് പ്രധാന ആരോപണം. കൂടാതെ കമ്പനിയുടെ അഴിമതി വിരുദ്ധ നടപടികളെക്കുറിച്ച് അമേരിക്കന്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് തുടക്കം മുതല്‍ നിഷേധിച്ചുവരികയാണ്. അദാനി ഇതുവരെ അമേരിക്കന്‍ കോടതിയില്‍ നേരിട്ട് ഹാജരായിട്ടുമില്ല.
അമേരിക്കന്‍ നിയമത്തിന്റെ പരിധിയില്‍ ഈ കേസ് വരുന്നതല്ലെന്നും ഇന്ത്യയില്‍ നടന്നതായി പറയുന്ന കൈക്കൂലി ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയില്ലെന്നും അദാനിയുടെ അഭിഭാഷകന്‍ റോബര്‍ട്ട് ജിയുഫ്ര കോടതിയെ അറിയിച്ചു.
ജൂണ്‍ 24-ന് ജഡ്ജിക്ക് അയച്ച കത്തില്‍ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായും കേസിലെ നിയമപരവും വസ്തുതാപരവുമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഏകദേശം 500 പേജുള്ള രേഖകള്‍ സമര്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കേസിലെ നിയമപരവും വസ്തുതാപരവുമായ ബലഹീനതകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് നീതിന്യായ വകുപ്പ് കുറ്റപത്രം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് ജിയുഫ്ര പറഞ്ഞു.
മെയ് 18-ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ വിഭവങ്ങള്‍ കൂടുതല്‍ ചെലവഴിക്കേണ്ടതില്ലെന്ന വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് നീതിന്യായ വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഈ വിശദീകരണം പര്യാപ്തമല്ലെന്ന് വിലയിരുത്തിയ ജഡ്ജി കൂടുതല്‍ വ്യക്തമായ കാരണങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു.
അതേസമയം, അദാനിക്കെതിരായ മറ്റ് നിയമനടപടികള്‍ തുടരുകയാണ്. യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനുമായുള്ള സിവില്‍ കേസില്‍ ഗൗതം അദാനി 60 ലക്ഷം ഡോളറും അനന്തരവന്‍ സാഗര്‍ അദാനി 1.2 കോടി ഡോളറും പിഴയായി നല്‍കുന്ന ഒത്തുതീര്‍പ്പ് നിര്‍ദേശത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇതിന് കോടതിയുടെ അന്തിമ അനുമതി ലഭിക്കാനുണ്ട്.
ഇതിനുപുറമെ, ഇറാന്‍ ഉത്ഭവമുള്ള ദ്രവീകൃത പെട്രോളിയം വാതക ഇറക്കുമതിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ ഉപരോധ ലംഘന ആരോപണങ്ങള്‍ ഒത്തുതീര്‍ക്കുന്നതിനായി അദാനി എന്റര്‍പ്രൈസസ് യു എസ് ട്രഷറി വകുപ്പിന് 27.5 കോടി ഡോളര്‍ നല്‍കാനും സമ്മതിച്ചിട്ടുണ്ട്.
