വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ പൗരത്വമില്ലാത്തവരുണ്ടെന്ന ട്രംപ് ഭരണകൂടത്തിന്റെ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ഫെഡറല്‍ അപ്പീല്‍ കോടതി വാദം കേട്ടു. എന്നാല്‍, ഞായറാഴ്ച നടന്ന അടിയന്തര വാദം പൂര്‍ത്തിയായിട്ടും കോടതി വിധി പുറപ്പെടുവിച്ചില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംശയിക്കപ്പെടുന്ന വോട്ടര്‍മാരുടെ ബാലറ്റുകള്‍ വേര്‍തിരിച്ചുവെക്കണമെന്ന നീതിന്യായ വകുപ്പിന്റെ ആവശ്യം കോടതി പരിഗണിച്ചു.
കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടികയില്‍ ഏകദേശം 20,000 പൗരത്വമില്ലാത്ത വോട്ടര്‍മാരുണ്ടാകാമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ഈ വിഷയത്തില്‍ കീഴ്‌ക്കോടതി വേഗത്തില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് ഭരണകൂടം അപ്പീല്‍ കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നിശ്ചയിച്ചിരുന്ന കീഴ്‌ക്കോടതിയിലെ വാദത്തിന് മുമ്പ് വിധി പുറപ്പെടുവിക്കണമെന്നും നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ച രണ്ട് ജഡ്ജിമാരും മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ച ഒരു ജഡ്ജിയും ബെഞ്ചിലുണ്ടായിരുന്നു.
20,000 പേരുടെ പട്ടികയില്‍ തര്‍ക്കം
പൗരത്വമില്ലാത്തവരെന്ന് സംശയിക്കുന്നവരുടെ പട്ടിക സ്ഥിരീകരിച്ചിട്ടില്ലെന്നും അതില്‍ നിയമപരമായി വോട്ടവകാശമുള്ളവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നും കാലിഫോര്‍ണിയ അധികൃതര്‍ കോടതിയില്‍ വാദിച്ചു.
പട്ടികയിലുള്ള 200 പേരുടെ വിവരങ്ങള്‍ പ്രാഥമികമായി പരിശോധിച്ചപ്പോള്‍, ഏകദേശം 40 ശതമാനം പേരും അമേരിക്കയില്‍ ജനിച്ചവരാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയതായി ലോസ് ആഞ്ചലസ് അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. ഇവരുടെ പൗരത്വത്തിന് അനുകൂലമായ തെളിവാണിതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കൂടാതെ, പരിശോധിച്ച രേഖകളില്‍ 71.2 ശതമാനം പേരുടെയും പേരില്‍ മുന്‍ വോട്ടിങ് ചരിത്രമില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം, പട്ടികയിലുള്ളവരില്‍ 28 പേര്‍ക്കെതിരെ വോട്ടിങ്, കുടിയേറ്റവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയതായി നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ നടപടികള്‍ മാത്രം പട്ടികയിലെ എല്ലാവരും നിയമവിരുദ്ധമായി വോട്ട് ചെയ്തുവെന്നതിന് തെളിവല്ലെന്നാണ് കാലിഫോര്‍ണിയയുടെ നിലപാട്.
ഭരണഘടനാപരമായ അധികാരത്തെച്ചൊല്ലി തര്‍ക്കം
അടിയന്തരമായി ഇടപെടണമെന്ന നീതിന്യായ വകുപ്പിന്റെ ആവശ്യത്തെ മൂന്നംഗ ബെഞ്ചിലെ ജഡ്ജിമാര്‍ ചോദ്യം ചെയ്തു. അപ്പീല്‍ കോടതിക്ക് ഈ ഘട്ടത്തില്‍ ഇടപെടാന്‍ നിയമപരമായ അധികാരമുണ്ടോയെന്ന സംശയം ട്രംപ് നിയമിച്ച ജഡ്ജി മാര്‍ക്ക് ബെന്നറ്റ് ആവര്‍ത്തിച്ച് ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ രീതി നിര്‍ണയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന അമേരിക്കന്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പൗരത്വമില്ലാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ പാടില്ലെന്ന് ഫെഡറല്‍ നിയമവും കാലിഫോര്‍ണിയ നിയമവും വ്യക്തമാക്കുന്ന സാഹചര്യത്തില്‍, വോട്ടര്‍മാരെ തരംതിരിക്കുന്ന സംസ്ഥാനത്തിന്റെ നടപടിയില്‍ ഇടപെടാന്‍ നീതിന്യായ വകുപ്പിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഫെഡറല്‍ നിയമം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ കാലിഫോര്‍ണിയയുടെ തിരഞ്ഞെടുപ്പ് നടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്നായിരുന്നു നീതിന്യായ വകുപ്പിന്റെ അഭിഭാഷകന്‍ മാത്യു ഡോണലിയുടെ വാദം. എന്നാല്‍, തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അധികാരത്തെ ഫെഡറല്‍ സര്‍ക്കാര്‍ എങ്ങനെ മറികടക്കുമെന്ന കാര്യത്തില്‍ ബെന്നറ്റ് സംശയം പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്ന ആശങ്ക
സംശയിക്കപ്പെടുന്നവരുടെ മെയില്‍ ബാലറ്റുകള്‍ വേര്‍തിരിച്ചുവെക്കാന്‍ ഉത്തരവിട്ടാല്‍ വോട്ടെണ്ണല്‍ നടപടികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കാലിഫോര്‍ണിയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ലക്ഷക്കണക്കിന് മെയില്‍ ബാലറ്റുകള്‍ പ്രോസസ് ചെയ്തുവരുന്ന സാഹചര്യത്തില്‍, അവസാന നിമിഷത്തെ ഇടപെടല്‍ വോട്ടെണ്ണലിനെ സാരമായി ബാധിക്കാമെന്നും അവര്‍ കോടതിയെ അറിയിച്ചു.
ട്രംപ് നിയമിച്ച മറ്റൊരു ജഡ്ജിയായ പാട്രിക് ബുമാറ്റേ, സംശയിക്കപ്പെടുന്ന പൗരത്വമില്ലാത്തവരുടെ വോട്ടുകള്‍ തടയാന്‍ ഇടക്കാല ഉത്തരവ് ആവശ്യമായിരിക്കില്ലേയെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍, വോട്ടര്‍ രജിസ്‌ട്രേഷന്‍ സമയത്ത് പൗരത്വം സംബന്ധിച്ച പ്രഖ്യാപനങ്ങളും നിയമപരമായ നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കാലിഫോര്‍ണിയയുടെ അഭിഭാഷകന്‍ സാമുവല്‍ സീഗല്‍ മറുപടി നല്‍കി.
ബുമാറ്റേ സര്‍ക്കാരിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന സൂചന നല്‍കിയെങ്കിലും, ബെന്നറ്റും ബൈഡന്‍ നിയമിച്ച ജഡ്ജി ഗബ്രിയേല്‍ സാഞ്ചസും ഈ ഘട്ടത്തില്‍ ആവശ്യപ്പെട്ട അടിയന്തര ഇടപെടലിന്റെ നിയമസാധുതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
കോണ്‍ഗ്രസിന്റെ അധികാരവും നിര്‍ണായകം
സംശയിക്കപ്പെടുന്ന വോട്ടര്‍മാരെ വേര്‍തിരിക്കുന്ന രീതിയില്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കാനുള്ള അധികാരം നിലവിലെ ഫെഡറല്‍ നിയമം സര്‍ക്കാരിന് നല്‍കുന്നില്ലെന്നായിരുന്നു ബെന്നറ്റിന്റെ നിരീക്ഷണം. അത്തരം അധികാരം ആവശ്യമാണെങ്കില്‍ എക്‌സിക്യൂട്ടീവ് വിഭാഗം കോണ്‍ഗ്രസിനെ സമീപിക്കണമെന്നും കാലിഫോര്‍ണിയയുടെ അഭിഭാഷകന്‍ വാദിച്ചു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാത്രമല്ല, വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ തന്നെ ഇടപെടാന്‍ കോടതി ഉത്തരവിടുന്നത് ജനാധിപത്യ നടപടികളെ മറികടക്കുന്നതിന് തുല്യമാകുമെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു.
വാദം അവസാനിപ്പിക്കവേ, കേസ് എത്രയും വേഗം തീരുമാനിക്കാന്‍ ശ്രമിക്കുമെന്ന് ജഡ്ജി മാര്‍ക്ക് ബെന്നറ്റ് വ്യക്തമാക്കി. അപ്പീല്‍ കോടതിയുടെ തീരുമാനം വരാനിരിക്കെ, കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കം തെരഞ്ഞെടുപ്പു നടത്തിപ്പിലും ഫെഡറല്‍സംസ്ഥാന അധികാരബന്ധത്തിലും നിര്‍ണായക ചര്‍ച്ചയായി തുടരുകയാണ്.
കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടിക തര്‍ക്കം: ട്രംപ് ഭരണകൂടത്തിന്റെ ഹര്‍ജിയില്‍ അടിയന്തര വാദം കേട്ട് ഫെഡറല്‍ അപ്പീല്‍ കോടതി
