വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേൽ 250 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച അപകീർത്തി കേസ് പുതിയ വിവാദങ്ങൾക്ക് ഇടയാക്കി. പ്രമുഖ മാസികയായ ദി അറ്റ്‌ലാന്റിക് -ന് എതിരെയാണ് കേസ് നൽകിയിരിക്കുന്നത്.
വാഷിങ്ടൺ ഡി.സി. ഫെഡറൽ കോടതിയിൽ സമർപ്പിച്ച 19 പേജുള്ള ഹർജിയിൽ മാസികയും റിപ്പോർട്ടറും വ്യാജവും അപകീർത്തികരവുമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതായാണ് ആരോപിക്കുന്നത്. എന്നാൽ, കാഷ് പട്ടേലിന്റെ ഹർജിയിലുണ്ടായ നിരവധി അക്ഷരപിശകുകളും തിരുത്തൽ പിഴവുകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'feable' (feeble), 'politices' (policies), 'dicussed' (discussed) പോലുള്ള ലളിതമായ തെറ്റുകൾ ഹർജിയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. എഡിറ്റോറിയൽ കൃത്യതയെ കുറിച്ച് ശക്തമായി വിമർശിക്കുന്ന ഭാഗങ്ങളിലാണ് ഈ പിശകുകൾ കൂടുതലായും കാണപ്പെടുന്നത്.
നിയമപരമായി ഇത്തരം ടൈപ്പിംഗ് പിശകുകൾ കേസിന്റെ പ്രാധാന്യത്തെ ബാധിക്കില്ലെങ്കിലും, ഉയർന്ന പ്രൊഫൈൽ കേസുകളിൽ ഹർജികൾ പല അഭിഭാഷകരും പരിശോധിച്ചശേഷമാകും സമർപ്പിക്കുക എന്നതിനാലാണ് ഇത്തരം വീഴ്ചകൾ ശ്രദ്ധേയമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ഹർജിയനുസരിച്ച്, അജ്ഞാത സ്രോതസുകളെ ആശ്രയിച്ച് പറ്റേൽ സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ പ്രസിദ്ധീകരിച്ചതാണ് കേസ്. മദ്യപാന ശീലവും ഔദ്യോഗിക പ്രവർത്തനങ്ങളും സംബന്ധിച്ച ആരോപണങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് യുെശ് നീതിന്യായ വകുപ്പും വൈറ്റ് ഹൗസും അത് നിഷേധിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു.
ഇതിനുമുമ്പും സമാനമായ ആരോപണങ്ങൾക്കെതിരെ കാഷ് പട്ടേൽ കേസ് നൽകിയിട്ടുണ്ടെന്നും, അവ സ്ഥിരീകരിക്കാത്തവയാണെന്ന് പിന്നീട് വ്യക്തമാക്കിയതായും ഹർജി ചൂണ്ടിക്കാട്ടുന്നു. ഇതേ പശ്ചാത്തലത്തിൽ തന്നെ സമാന ആരോപണങ്ങൾ വീണ്ടും പ്രസിദ്ധീകരിച്ചത് 'ദുഷ്‌പ്രേരിതമായ നടപടി'യാണെന്നാണ് പട്ടേലിന്റെ വാദം.
കേസിന് ഇതുവരെ പ്രതികളുടെ ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല. തുടർ നിയമ നടപടികൾക്കായി കേസ് പ്രാഥമിക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് സൂചന.
കാഷ് പട്ടേൽ നൽകിയ 250 മില്യൺ ഡോളർ അപകീർത്തി കേസ്; ഹർജിയിലെ അക്ഷരത്തെറ്റുകൾ ചർച്ചയാകുന്നു
