അമേരിക്കയ്‌ക്കെതിരെ ഡ്രോൺ ആക്രമണ ഭീഷണി: കാലിഫോർണിയയെ ലക്ഷ്യമിടാൻ ഇറാൻ പദ്ധതിയിട്ടതായി എഫ്ബിഐ മുന്നറിയിപ്പ്

അമേരിക്കയ്‌ക്കെതിരെ ഡ്രോൺ ആക്രമണ ഭീഷണി: കാലിഫോർണിയയെ ലക്ഷ്യമിടാൻ ഇറാൻ പദ്ധതിയിട്ടതായി എഫ്ബിഐ മുന്നറിയിപ്പ്


കാലിഫോർണിയ: അമേരിക്കയ്‌ക്കെതിരെ ഇറാൻ, കടലിലൂടെ ഡ്രോൺ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്  എഫ്ബിഐ അടുത്തിടെ സുരക്ഷാ വിഭാഗങ്ങൾക്ക് നൽകിയെന്ന് റിപ്പോർട്ട്. അമേരിക്ക ഇറാനെതിരെ സൈനിക ആക്രമണം നടത്തുകയാണെങ്കിൽ പ്രതികാരമായി കാലിഫോർണിയ സംസ്ഥാനത്തെ ലക്ഷ്യമിട്ട് അപ്രതീക്ഷിത ഡ്രോൺ ആക്രമണം നടത്താനുള്ള നീക്കം ഇറാനുണ്ടായിരുന്നുവെന്ന വിവരമാണ് ഫെബ്രുവരി അവസാനം നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.

ഈ വിവരം ഫെബ്രുവരി ആദ്യത്തോടെ ലഭിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ തീരത്തിന് സമീപം തിരിച്ചറിയാത്ത ഒരു കപ്പലിൽ നിന്ന് ആളില്ലാ വ്യോമവാഹനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. എന്നാൽ ആക്രമണത്തിന്റെ സമയം, രീതികൾ, ലക്ഷ്യസ്ഥലങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

അമേരിക്ക ഇറാനെതിരെ സൈനിക നടപടി ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് പുറത്തുവന്നത്. ഇതിനിടെ മധ്യപൂർവദേശത്ത് വിവിധ ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തി വരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇതിനോടകം സുരക്ഷ ശക്തമാക്കിയതായി കാലിഫോർണിയ സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന അടിയന്തര സേവന വിഭാഗം ഫെഡറൽ സുരക്ഷാ ഏജൻസികളുമായി ചേർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കുന്നുണ്ടെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു.

മതസ്ഥാപനങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ടെന്ന് പ്രാദേശിക സുരക്ഷാ വിഭാഗവും വ്യക്തമാക്കി. ആവശ്യമായാൽ അധിക സേന വിന്യസിക്കാനുള്ള ഒരുക്കവും നടത്തിയിട്ടുണ്ട്.

ഇതിനൊപ്പം, അമേരിക്ക-മെക്‌സിക്കോ അതിർത്തിക്ക് സമീപം മയക്കുമരുന്ന് സംഘങ്ങൾ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ആശങ്കയും സുരക്ഷാ ഏജൻസികൾക്കുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ സേനയ്‌ക്കെതിരെ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാമെന്ന വിവരവും മുമ്പ് ലഭിച്ചിരുന്നു.

വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, കടൽ വഴിയോ അതിർത്തി പ്രദേശങ്ങളിലൂടെയോ ഡ്രോൺ ആക്രമണം നടത്താനുള്ള സാധ്യതയെ സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.