വൈറ്റ് ഹൗസിലെ യു എഫ് സി പരിപാടിക്കുനേരെ ഡ്രോണ്‍ ആക്രമണ ഗൂഢാലോചന തകര്‍ത്തതായി എഫ് ബി ഐ

വൈറ്റ് ഹൗസിലെ യു എഫ് സി പരിപാടിക്കുനേരെ ഡ്രോണ്‍ ആക്രമണ ഗൂഢാലോചന തകര്‍ത്തതായി എഫ് ബി ഐ


വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ ഞായറാഴ്ച നടന്ന യു എഫ് സി പോരാട്ട പരിപാടിക്കുനേരെ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഗൂഢാലോചന എഫ് ബി ഐ തകര്‍ത്തതായി ഡയറക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ സംഘടിപ്പിച്ച യു എഫ് സി ഫ്രീഡം 250 എന്ന പരിപാടിയെയാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 4,300 പേര്‍ പങ്കെടുത്ത പരിപാടിയില്‍ 1,200-ഓളം സജീവ സൈനികരും സന്നിഹിതരായിരുന്നു. പ്രത്യേക വയര്‍ മെഷ് കൂടിനുള്ളില്‍ 14 പോരാളികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ജൂണ്‍ 10നാണ് ഈ ഭീഷണിയെക്കുറിച്ച് എഫ് ബി ഐയും മറ്റ് സുരക്ഷാ ഏജന്‍സികളും അറിഞ്ഞതെന്ന് കാഷ് പട്ടേല്‍ വ്യക്തമാക്കി. ദേശീയ തലസ്ഥാന മേഖലയ്ക്ക് പുറത്തുള്ള ചില വ്യക്തികള്‍ പരിപാടിയെ ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്തിരുന്നതായാണ് കണ്ടെത്തിയത്.

എഫ് ബി ഐ, നീതിന്യായ വകുപ്പ്, മറ്റ് നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്നിവയുടെ അതിവേഗ ഇടപെടലിലൂടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ആസൂത്രിത ആക്രമണം പൂര്‍ണമായും തടയുകയും ചെയ്തുവെന്ന് പട്ടേല്‍ പറഞ്ഞു.

അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. കൂടാതെ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട ശൃംഖലയുടെ ഭാഗമായി 23 പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരായ വിവിധ സുരക്ഷാ ഭീഷണികള്‍ അടുത്തകാലത്തായി ഉയര്‍ന്നുവരുന്നതിനിടെയാണ് ഈ സംഭവം പുറത്തുവരുന്നത്. ഇത് രാഷ്ട്രീയ അക്രമത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.

എന്‍ ബി സി ന്യൂസിനോട് പ്രതികരിച്ച ഒരു മുതിര്‍ന്ന നിയമ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഈ ഗൂഢാലോചന അത്യന്തം ഗുരുതരമായതായിരുന്നുവെന്ന് വ്യക്തമാക്കി.

പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമുള്ള കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുക, തുടര്‍ന്ന് വലിയ തോതില്‍ ആളുകളെ ഒഴിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുക, അതുവഴി ജനക്കൂട്ടത്തെ മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന സ്‌നൈപ്പര്‍ സംഘത്തിലേക്ക് നയിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ആദ്യഘട്ടമെന്ന് അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് വൈറ്റ് ഹൗസിന്റെ പ്രധാന കവാടം ബലപ്രയോഗത്തിലൂടെ തകര്‍ത്തുകയറുന്നതിനുള്ള രണ്ടാംഘട്ട പദ്ധതിയും ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

ജൂണ്‍ 10നാണ് എഫ് ബി ഐയ്ക്ക് ഈ ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഒഹായോയിലെ സിന്‍സിനാറ്റിയില്‍ നടത്തിയ നടപടിയില്‍ ഒരാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്വേഷണ സംഘം പൂര്‍ത്തിയാക്കുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ എന്‍ക്രിപ്റ്റഡ് സന്ദേശ സംവിധാനമായ സിഗ്നലില്‍ നിരവധി പേര്‍ യു എഫ് സി പരിപാടിയെ ആക്രമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായി കണ്ടെത്തിയെന്നാണ് എഫ് ബി ഐ പറയുന്നത്. പ്രതികളിലൊരാളുടെ ഐഫോണ്‍ പരിശോധിച്ചപ്പോള്‍ കുറഞ്ഞത് 23 സിഗ്നല്‍ ഉപയോക്താക്കള്‍ ആക്രമണത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തതായി അധികൃതര്‍ പറഞ്ഞു.

ജൂണ്‍ 12 അല്ലെങ്കില്‍ 13 തിയ്യതികളില്‍ വെര്‍ജീനിയയിലെ ഫ്രെഡറിക്‌സ്ബര്‍ഗിലേക്ക് യാത്ര ചെയ്ത് ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ നടത്താനും ചിലര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.

അമേരിക്കന്‍- ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയില്‍ നിന്ന് (എ ഐ പി എ സി) സംഭാവനകള്‍ സ്വീകരിക്കുന്ന പ്രമുഖരെയും കോടീശ്വരന്മാരെയും രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിടുക എന്നതായിരുന്നു ആക്രമണത്തിന്റെ ഉദ്ദേശ്യമെന്ന് പ്രതികളിലൊരാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ 12 എഫ് ബി ഐ ഫീല്‍ഡ് ഓഫീസുകളെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി അതിവേഗത്തില്‍ നടപടികള്‍ സ്വീകരിച്ച എഫ് ബി ഐ ഉദ്യോഗസ്ഥരെയും നീതിന്യായ വകുപ്പിനെയും മറ്റ് സുരക്ഷാ ഏജന്‍സികളെയും കാഷ് പട്ടേല്‍ അഭിനന്ദിച്ചു.