വൈറ്റ് ഹൗസിനടുത്ത് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കെതിരെ വെടിവെയ്പ്: അന്താരാഷ്ട്ര തീവ്രവാദ സാധ്യത പരിശോധിച്ച് എഫ് ബി ഐ

വൈറ്റ് ഹൗസിനടുത്ത് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കെതിരെ വെടിവെയ്പ്: അന്താരാഷ്ട്ര തീവ്രവാദ സാധ്യത പരിശോധിച്ച് എഫ് ബി ഐ


വാഷിംഗ്്ടണ്‍: വൈറ്റ് ഹൗസിനടുത്ത് നാഷണല്‍ ഗാര്‍ഡിലെ രണ്ട് അംഗങ്ങള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ് സംഭവം അന്താരാഷ്ട്ര തീവ്രവാദത്തിന്റെ ഭാഗമാകാമെന്ന സാധ്യത പരിശോധിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു. പശ്ചിമ വിര്‍ജീനിയയില്‍ നിന്നുള്ള വനിതയും പുരുഷനുമായ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരാണ് ആക്രമണത്തില്‍ ഗുരുതര പരിക്കുകളേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഫാരഗട്ട് വെസ്റ്റ് മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം. ഒരു പുരുഷന്‍ അപ്രതീക്ഷിതമായി പുറത്തേക്ക് വന്ന് ആയുധം ഉയര്‍ത്തി നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡി.സി. പോലീസ് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ചീഫ് ജെഫ്രി കാരോള്‍ പറഞ്ഞു. ഇത് വ്യക്തമായൊരു 'ലക്ഷ്യത്തോടെയുള്ള ആക്രമണം്' ആയിരുന്നുവെന്നും, ആക്രമണം നടത്തിയതാകട്ടെ ഒറ്റയ്ക്ക് പ്രവര്‍ത്തിച്ച ഗണ്‍മാനാണെന്നുമാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

വെടിവെയ്പിന് പിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ സ്ഥലത്തെത്തി ഇടപെട്ടു. പരിക്കേറ്റ നിലയിലായിരുന്ന അക്രമിയെ അവര്‍ക്ക് കീഴടക്കാന്‍ സാധിച്ചതായി പോലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ പ്രതിയും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രതിയെ വെടിവച്ചത് ആരാണെന്നത് വ്യക്തമല്ലെങ്കിലും, ആക്രമിക്കപ്പെട്ട സൈനികര്‍ ആയുധധാരികളായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ആക്രമണത്തിനുള്ള പ്രേരണ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതായി തോന്നുന്നതായി വാഷിംഗ്ടണ്‍ മേയര്‍ മ്യൂറിയല്‍ ബൗസര്‍ പറഞ്ഞു. പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണെന്നും, അന്താരാഷ്ട്രമോ ആഭ്യന്തരമോ ആയ തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്നതും അന്വേഷണവിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് എഫ്ബിഐ,  എടിഎഫ് , യു.എസ്. മാര്‍ഷല്‍സ് സര്‍വീസ് അടക്കമുള്ള നിരവധി ഫെഡറല്‍ ഏജന്‍സികള്‍ സ്ഥലത്തെത്തി. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയം പ്രാദേശിക ഏജന്‍സികളുമായി ചേര്‍ന്ന് നടത്തുന്ന വിവരശേഖരണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. വൈറ്റ് ഹൗസ് താല്‍ക്കാലികമായി ലോക്ക്ഡൗണ്‍ ചെയ്‌തെങ്കിലും വൈകിട്ട് അഞ്ചുമണിയോടെ നിയന്ത്രണങ്ങള്‍ നീക്കി.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സംഭവത്തെക്കുറിച്ച് വിശദമായി ബ്രീഫിംഗ് നല്‍കിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഫ്‌ലോറിഡയിലെ മാര്‍എലാഗോയില്‍ താങ്ക്‌സ്ഗിവിങ് ആഘോഷിക്കുന്നതിനിടെ, സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ട്രംപ് സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ചു. 'നാഷണല്‍ ഗാര്‍ഡിനെ ആക്രമിച്ചവന്‍ കനത്ത വിലകൊടുക്കേണ്ടിവരും. നമ്മുടെ മഹത്തായ നാഷണല്‍ ഗാര്‍ഡിനും സൈന്യത്തിനും നിയമസംരക്ഷകര്‍ക്കുമൊപ്പമാണ് രാജ്യം' എന്ന് ട്രംപ് കുറിച്ചു.

ഡിസിയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള ഫെഡറല്‍ ഏറ്റെടുക്കലിന്റെ ഭാഗമായി ഓഗസ്റ്റിലാണ് നാഷണല്‍ ഗാര്‍ഡിനെ തലസ്ഥാനത്ത് വിന്യസിച്ചത്. നിലവില്‍ 2,188 ഗാര്‍ഡ് അംഗങ്ങളാണ് നഗരത്തില്‍ സേവനമനുഷ്ഠിക്കുന്നത്. ആക്രമണത്തിനു പിന്നാലെ ഡീസിയിലേക്ക് കൂടി 500 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ അയക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കിയതായി പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സത്ത് അറിയിച്ചു.

വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി, സൈനികര്‍ രാജ്യത്തിന്റെ 'വാളും കവചവും' ആണെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ ഗാര്‍ഡ് ബ്യൂറോ ചീഫ് ജനറല്‍ സ്റ്റീവന്‍ നോര്‍ഡഹൗസും സീനിയര്‍ എന്‍ലിസ്റ്റഡ് ഉപദേഷ്ടാവ് ജോണ്‍ റെയ്ന്‍സും സൈനികര്‍ക്കൊപ്പം നില്‍ക്കാന്‍ വാഷിംഗ്ടണിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 'അര്‍ഥശൂന്യമായ ഈ അക്രമത്തില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്' എന്നാണ് നോര്‍ഡഹൗസിന്റെ പ്രതികരണം.