ലാസ് വെഗാസിലെ വീട്ടിൽ രഹസ്യ ബയോ ലാബ്? എഫ്ബിഐ അന്വേഷണം

ലാസ് വെഗാസിലെ വീട്ടിൽ രഹസ്യ ബയോ ലാബ്? എഫ്ബിഐ അന്വേഷണം


ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലെ ഒരു വീടിനുള്ളിൽ പ്രവർത്തിച്ചിരുന്നേക്കാവുന്ന അനധികൃത 'ബയോളജിക്കൽ ലാബ്' സംബന്ധിച്ച് എഫ്ബിഐ ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാവിലെയായിരുന്നു വീട്ടിൽ പരിശോധന നടത്തിയത്. ആദ്യം നിയമ ലംഘനവുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്നായിരുന്നു അധികൃതർ സ്ഥലത്തെത്തിയത്. തുടർന്ന് അനധികൃത മെഡിക്കൽ-ബയോളജിക്കൽ ഗവേഷണ സാമഗ്രികൾ കണ്ടെത്തിയേക്കാമെന്ന സംശയം ഉയർന്നതോടെ ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്‌സ് അന്വേഷണം ഏറ്റെടുത്തു.

വീട്ടിൽ നിന്ന് വൈലുകളിൽ സൂക്ഷിച്ചിരുന്ന ചില വസ്തുക്കൾ പിടിച്ചെടുത്തു. ഇവ കൗണ്ടിയുടെ സുരക്ഷിത ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവരെ കണ്ടെത്തിയ വസ്തുക്കൾ അപകടകാരികളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വീടിന്റെ ഉടമ ചൈനീസ് പൗരനാണെന്നും, 2023ലെ കേസുമായി ബന്ധപ്പെട്ട് ഇയാൾ ഇപ്പോൾ ജയിലിലാണെന്നും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച അറസ്റ്റിലായ വ്യക്തി സ്ഥലത്തെ പ്രോപ്പർട്ടി മാനേജറാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

2023ലെ കേസിനെ തുടർന്ന് കോൺഗ്രസ്സ് തലത്തിലുള്ള അന്വേഷണവും നടന്നിരുന്നു. അന്ന് പുറത്തുവന്ന റിപ്പോർട്ടിൽ, ചൈനീസ് ബാങ്കുകളിൽ നിന്നുള്ള ധനസഹായത്തോടെ അനധികൃത ബയോ ലാബ് പ്രവർത്തിച്ചിരുന്നതായും, എച്ച്‌ഐവി, മലേറിയ, ടിബി, കോവിഡ്-19, എബോള എന്നിവയെന്ന് ലേബൽ ചെയ്ത ആയിരക്കണക്കിന് സാമ്പിളുകൾ സൂക്ഷിച്ചിരുന്നെന്നുമായിരുന്നു ആരോപണം. എന്നാൽ ആ കേസിൽ പ്രതി കുറ്റം നിഷേധിച്ചിരുന്നു.

ഇപ്പോഴത്തെ അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു 20 സ്ഥലങ്ങളിലും പരിശോധന നടത്തുകയാണ്. ഇതുവരെ മറ്റ് ഇടങ്ങളിൽ ആശങ്കാജനകമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.